ലോകത്തിന് വേണ്ടത് സാമ്പത്തിക ദേശീയതയല്ല

ലോകത്തിന് വേണ്ടത് സാമ്പത്തിക ദേശീയതയല്ല

സ്റ്റീലിനും അലുമിനിയത്തിനുമുള്ള ഇറക്കുമതി തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വര്‍ധിപ്പിച്ചത് അമേരിക്കയുടെ സംരക്ഷണവാദനയങ്ങളുടെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്

ലോകമെമ്പാടും സാമ്പത്തിക ദേശീയതയുടെ തിരയടികള്‍ വികസിക്കുന്നത് സംഭ്രമിപ്പിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞു. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന്റെയും അലുമിനിയത്തിന്റെയും തീരുവ വര്‍ധിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ നീക്കം സംരക്ഷണവാദത്തിലേക്കുള്ള ആഗോള മാറ്റം അതിന്റെ ഔന്നത്യത്തിലെത്തിയെന്ന സൂചനയാണ് നല്‍കുന്നത്.

വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ സംരക്ഷണവാദം പ്രബലമല്ലാത്ത വലിയ സമ്പദ് വ്യവസ്ഥകളിലൊന്നുതന്നെയാണ് ഇപ്പോഴും യുഎസ്. അതുകൊണ്ടുതന്നെ, സംരക്ഷണവാദികളായ മറ്റു രാജ്യങ്ങള്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്നതില്‍ കപടതയുണ്ടെന്നാണ് മനസിലാക്കേണ്ടത്. എന്നിരുന്നാലും ഈ നീക്കത്തിനു പിന്നില്‍ ഒരു സാമ്പത്തിക യുക്തിയുമില്ല എന്നതാണ് വസ്തുത. ഉയര്‍ന്ന തീരുവയിലൂടെ യുഎസിനു പോലും ഒരു സാമ്പത്തിക നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. എന്നുമാത്രമല്ല, അവയില്‍ നിന്നുണ്ടാകുന്ന നേട്ടങ്ങള്‍ക്കുമപ്പുറമാണ് യുഎസും ലോകവും ഇതിന് കൊടുക്കേണ്ടി വന്നേക്കാവുന്ന വില.

യുഎസ് സമ്പദ് വ്യവസ്ഥയുടെ കാര്യമെടുക്കുക. തങ്ങളുടെ തൊഴിലുകള്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തട്ടിയെടുക്കുന്നുവെന്നു വിശ്വസിക്കുന്ന, അമേരിക്കന്‍ വികാരങ്ങള്‍ക്കുതകുന്ന തരത്തിലാണ് തീരുവകള്‍ ചുമത്തിയിരിക്കുന്നത്. ഒറ്റ രാത്രികൊണ്ട് സ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പാദന ശേഷി വിപുലീകരിക്കാന്‍ സാധിക്കുകയില്ല എന്നതുകൊണ്ടുതന്നെ ഉരുക്കിന്റെയും അലുമിനിയത്തിന്റെയും വില വര്‍ധിക്കുന്നതായിരിക്കും തീരുവ വര്‍ധനയുടെ പെട്ടെന്നുള്ള പ്രത്യാഘാതം. ഉരുക്ക്, അലുമിനിയം നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഘടകങ്ങളുടെ ചെലവ് വര്‍ധിക്കുകയും അത് വിലവര്‍ധനയുടെ രൂപത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ തീരുമാനിച്ചാല്‍ വരും കാലങ്ങളില്‍ തൊഴിലുകള്‍ നടഷ്ടപ്പെടുന്നതിലേക്കും ഇത് നയിക്കും.

മിക്ക പങ്കാളികള്‍ക്കും നേട്ടമുണ്ടാക്കുന്ന തരത്തിലുള്ളതാണ് അതിര്‍ത്തികള്‍ പരസ്പരം തുറന്നുകൊടുക്കുന്നതെന്ന് നിരന്തരം കണ്‍മുന്നില്‍ തെളിയുമ്പോള്‍ ആഗോളവല്‍ക്കരണം ഒരു പ്രതിലോമകരമായ കളിയാണെന്നുള്ള കാഴ്ചപ്പാട് ഉപേക്ഷിക്കേണ്ടതുണ്ട്

അതുകൂടാതെ, യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സ്റ്റീലും അലുമിനിയവും ഉപയോഗിക്കുന്ന മേഖലകളില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം നേരിട്ട് ആ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തേക്കാളും വളരെ കൂടുതലാണ്. വിലവര്‍ധനവിന് അമേരിക്കക്കാര്‍ കൊടുക്കേണ്ട വില അതുകൊണ്ടുതന്നെ തീരുവ വര്‍ധനവ് മൂലമുണ്ടാകുമെന്നു പറയുന്ന ഏത് നേട്ടത്തേക്കാളും വളരെ മുന്നില്‍ നില്‍ക്കും. അതിനാല്‍ തന്നെ ഈ രംഗങ്ങളിലെ തീരുവ വര്‍ധനവ് കൃത്യമായി ആസൂത്രണം ചെയ്യാത്തതാണെന്നു മാത്രമല്ല, വോട്ടര്‍മാരെ പ്രസാദിപ്പിക്കാനുള്ള രാഷ്ട്രീയ ഗിമ്മിക്ക് എന്നതില്‍ കൂടുതലായൊന്നും ഇതിനെ കാണാനും സാധിക്കില്ല.

ഇനി ലോക സമ്പദ് വ്യവസ്ഥയുടെ കാര്യം പരിഗണിക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീല്‍ ഇറക്കുമതിക്കാരാണെന്നതും ആഗോള വിപണിയില്‍ കുറഞ്ഞ നിരക്കില്‍ സ്റ്റീല്‍ കൂമ്പാരം കൂട്ടുന്നതിന്റെ പേരില്‍ എല്ലായ്‌പോഴും പഴികേള്‍ക്കേണ്ടി വരുന്നുവെന്ന വസ്തുത പരിഗണിക്കുമ്പോഴും ഈ നീക്കത്തിലൂടെ അമേരിക്ക വ്യക്തമായും ലക്ഷ്യം വയ്ക്കുന്നത് ചൈനയെയാണെന്ന് മനസിലാവും. എന്നാല്‍ സാമ്പത്തികവും പാരിസ്ഥിതികവുമായ കാരങ്ങള്‍ കൊണ്ട് തങ്ങളുടെ സ്റ്റീല്‍ മേഖലയിലെ അമിത ശേഷി കുറയ്ക്കുകയാണ് ചൈന. ഇതിന്റെ ഭാഗമായി 2017ല്‍ 50 മില്യണ്‍ ടണ്‍ ഉല്‍പ്പാദനമാണ് ചൈന വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം ഒരു മില്യണ്‍ ടണ്ണില്‍ താഴെ സ്റ്റീലാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. അതുകൊണ്ടുതന്നെ യുഎസ് താരിഫ് വര്‍ധന ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെയായിരിക്കും സാരമായി ബാധിക്കുക.

പകരം, കാനഡ, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ തങ്ങളുടെ അടുത്ത ആഗോള സുഹൃത്തുക്കളെ വേദനിപ്പിക്കുന്നതിലേക്കാണ് ട്രംപിന്റെ നടപടി കാരണമാകുന്നത്. യുഎസിലേക്കുള്ള ഏറ്റവും വലിയ സ്റ്റീല്‍ ഇറക്കുമതിക്കാരെന്ന നിലയില്‍ ഇത് ഈ മൂന്ന് രാജ്യങ്ങളെ കാര്യമായി ബാധിക്കും. യുഎസിന്റെ കയറ്റുമതി താല്‍പര്യങ്ങള്‍ യൂറോപ്പിലേക്ക് വ്യതിചലിക്കുകയാണെന്നും ഇത് പ്രാദേശിക ഉല്‍പ്പാദകരെ ബാധിക്കുമെന്നും യൂറോപ്യന്‍ യൂണിയനും ഭയപ്പെടുന്നു. തിരിച്ചടിയായി ഇത്തരം തീരുവകള്‍ ചുമത്താന്‍ ലോകത്തുടനീളമുള്ള രാജ്യങ്ങളെ ഇത് പ്രേരിപ്പിക്കുകയും ഇത് പൂര്‍ണമായി വികസിച്ച ഒരു വ്യാപാര യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.

ഇതിന്റെ ഫലമായി വ്യാപാരയുദ്ധം ഉണ്ടായില്ലെങ്കില്‍ പോലും നിലവില്‍ത്തന്നെ ആഗോളവല്‍കൃതമായ ലോകത്തില്‍ സംരക്ഷണവാദത്തിന്റെ സാമ്പത്തികശാസ്ത്രം വിജയിക്കില്ല. കാരണം: ഒന്നാമതായി അന്താരാഷ്ട്ര വാണിജ്യത്തെ ഇപ്പോള്‍ നയിക്കുന്നത് അറിവിന്റെ പരസ്പരമുള്ള ഒഴുക്കാണ്. ഇതിന് താരിഫുകള്‍ ബാധകമല്ല. രണ്ടാമതായി ഉല്‍പ്പാദനം ആഗോള വിതരണ ശൃംഖലയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഇതിനെയാണ് ട്രംപ് അക്രമിക്കാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ബാള്‍ഡ്‌വിനിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഫാക്റ്ററിയുടെ തറയുടെ മധ്യഭാഗത്തായി ഒരു മതില്‍ നിര്‍മിക്കുന്നതു പോലെയാണ് ഈ തീരുവ ചുമത്തല്‍. ഉല്‍പ്പാദനത്തിന്റെ കാര്യക്ഷമത കുറയ്ക്കുകയും വിപണിയിലെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയും മാത്രമേ ഇത് ചെയ്യൂ.

അന്താരാഷ്ട്ര വാണിജ്യത്തെ ഇപ്പോള്‍ നയിക്കുന്നത് അറിവിന്റെ പരസ്പരമുള്ള ഒഴുക്കാണ്. ഇതിന് താരിഫുകള്‍ ബാധകമല്ല. രണ്ടാമതായി ഉല്‍പ്പാദനം ആഗോള വിതരണ ശൃംഖലയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഇതിനെയാണ് ട്രംപ് അക്രമിക്കാന്‍ ഉദ്ദേശിക്കുന്നത്

അവസാനമായി രാജ്യങ്ങള്‍ തൊഴിലുകളുടെ അടിത്തറ നിര്‍മിക്കുന്ന കാലഘട്ടവും അവസാനിക്കുകയാണ്. ഓട്ടോമേഷന്‍, റോബോട്ടിക്‌സ് തുടങ്ങിയ അത്യാധുനിക സങ്കേതങ്ങള്‍ ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ ജോലികളുടെ സ്വഭാവം അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് 20ാം നൂറ്റാണ്ടിലെ ഫാക്റ്ററി ഫ്‌ളോറുകളുടെ കഴിഞ്ഞ കാലമഹത്വം തിരിച്ചുകൊണ്ടുവരുമെന്ന് സംരക്ഷണവാദികള്‍ വാഗ്ദാനം ചെയ്യുന്നത്.

സംരക്ഷണവാദത്തിലേക്ക് വളര്‍ന്നു വരുന്ന ചായ്‌വാണ് ഇന്ത്യയും കാണിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ 10 മേഖലകളിലാണ് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ കാര്യത്തിലും സമാനമായ വാദഗതികള്‍ തന്നെയാണ് നിലനില്‍ക്കുന്നത്. കുറഞ്ഞ നിരക്കിലുള്ള ചൈനീസ് ഇറക്കുമതിയില്‍ നിന്ന് ആഭ്യന്തര ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന്‍മേലുള്ള കസ്റ്റംസ് തീരുവ 2016ല്‍ ഇന്ത്യയും വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റീല്‍ ഇന്‍പുട്ടുകള്‍ ഉപയോഗിക്കുന്ന ഉല്‍പ്പാദന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ കയറ്റുമതി വിപണികള്‍ നഷ്ടപ്പെട്ടു. ജീവനക്കാരെ പിരിച്ചു വിടേണ്ടുന്ന അവസ്ഥയിലേക്കും ഇത് നയിച്ചു.

കിഴക്കന്‍ ഏഷ്യയുടെയും ചൈനയുടെ തന്നെയും സാമ്പത്തിക വിജയത്തെ നിര്‍വചിച്ച ഉല്‍പ്പാദന വിപ്ലവം ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാനാവില്ല എന്നതാണ് ഏറ്റവും പ്രധാനം. ഓട്ടോമേഷന്‍ കാരണം ബ്ലൂ കോളര്‍ ജോലികളില്‍ ഗണ്യമായ ഒരു ഭാഗം നഷ്ടപ്പെടും. ഉയര്‍ന്നുവരുന്ന ആധുനിക സമ്പദ് വ്യവസ്ഥകള്‍ ഈ സാഹചര്യങ്ങള്‍ക്കു യോജിച്ചതാകേണ്ടതുണ്ട്. വിദേശ മല്‍സരങ്ങളിനിന്നും സ്വയം കൊട്ടിയടയ്ക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ നൂതനയുടെ അറ്റം നഷ്ടപ്പെടും. ഇത്തരത്തിലുള്ള പിന്നോട്ടടിപ്പിക്കുന്ന തരത്തിലുള്ള നയങ്ങള്‍ കഴിഞ്ഞ കാലങ്ങളിലും സഹായകമായിട്ടില്ല, ഇനി ഇപ്പോഴും അത് പ്രതീക്ഷിക്കേണ്ട.

മിക്ക പങ്കാളികള്‍ക്കും നേട്ടമുണ്ടാക്കുന്ന തരത്തിലുള്ളതാണ് അതിര്‍ത്തികള്‍ പരസ്പരം തുറന്നുകൊടുക്കുന്നതെന്ന് നിരന്തരം കണ്‍മുന്നില്‍ തെളിയുമ്പോള്‍ ആഗോളവല്‍ക്കരണം ഒരു സീറോ സം ഗെയിം ആണെന്നുള്ള കാഴ്ചപ്പാട് ഉപേക്ഷിക്കേണ്ടതുണ്ട്. തുറന്ന വിപണികളില്‍ പ്രതിസന്ധി നേരിടുന്ന ജീവനക്കാരുടെ സാമൂഹ്യ സുരക്ഷ മെച്ചപ്പെടുത്തുക എന്നതാണ് ഒരു മെച്ചപ്പെട്ട തന്ത്രം. നോര്‍ഡിക് രാജ്യങ്ങള്‍ ഇത് വിജയകരമായി ചെയ്തു കഴിഞ്ഞു. കഴിഞ്ഞ കാല പ്രതാപം പുനസ്ഥാപിക്കുകണമെന്ന രാഷ്ട്രീയ മാനസികാവസ്ഥ ഉപേക്ഷിക്കണം. പരിണാമപരമായ പരിവര്‍ത്തനങ്ങള്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപിറ്റിറ്റീവ്‌നസ് അധ്യക്ഷനാണ് ലേഖകന്‍

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider