ഹെല്‍ത്ത്‌ടെക് ഹെല്‍ത്ത്അഷ്വുര്‍ 6.5 കോടി  സമാഹരിച്ചു

ഹെല്‍ത്ത്‌ടെക് ഹെല്‍ത്ത്അഷ്വുര്‍ 6.5 കോടി  സമാഹരിച്ചു

മുംബൈ: പ്രാഥമിക ആരോഗ്യ സേവനദാതാക്കളായ ഹെല്‍ത്ത്അഷ്വുര്‍ ഹ്യൂമണ്‍ റിസോഴ്‌സ് സംരംഭങ്ങളെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ നിക്ഷേപ സ്ഥാപനമായ എച്ച്ആര്‍ ഫണ്ടില്‍ നിന്ന് 6.5 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. പുതിയ പ്രാഥമിക ആരോഗ്യപരിപാലന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ബി2സി മേഖലയിലെ ബിസിനസ് ശക്തിപ്പെടുത്തുന്നതിനുമായിരിക്കും തുക വിനിയോഗിക്കുക. കമ്പനിയുടെ ഡിജിറ്റല്‍വല്‍ക്കരണം, വിതരണ പദ്ധതികള്‍ എന്നിവയ്ക്കും തുക ഗുണം ചെയ്യും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപക ബാങ്കിംഗ് ആന്‍ഡ് അഡൈ്വസറി സേവന സ്ഥാപനമായ കാന്‍ഡില്‍ അഡൈ്വസറായിരുന്നു ഇടപാടില്‍ ഹെല്‍ത്ത്അഷ്വുറിന്റെ പങ്കാളി.

എച്ച്ആര്‍ ഫണ്ടിനെ നിക്ഷേപക പങ്കാൡയായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിജയകരമായ സ്റ്റാര്‍ട്ടപ്പുകളായും ഹ്യൂമന്‍ റിസോഴ്‌സ് സ്ഥാപനങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള എച്ച്ആര്‍ ഫണ്ടിന്റെ അനുഭവസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്കും ജീവനക്കാര്‍ക്കും കൂടുതല്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഹെല്‍ത്ത്അഷ്വുര്‍ സ്ഥാപകനും സിഇഒയുമായ വരുണ്‍ ഗെര പറഞ്ഞു.

2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഡോക്റ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിരക്കില്‍ കാര്യക്ഷമമായ ആരോഗ്യ പരിപാലന സ്‌കീമുകള്‍ നല്‍കി വരുന്നുണ്ട്. രാജ്യത്ത് 1,100 നഗരങ്ങളിലായി 3,100 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്. വരുമാനത്തിന്റെ 90 ശതമാനവും സംഭാവന ചെയ്യുന്ന ബിടുബി ബിസിനസിലൂടെ ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. അപ്പോളോ മ്യുണിക്, മാക്‌സ് ബുപ, സിഗ്ന, ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍, റോയല്‍ സുന്ദരം, ലോറിയല്‍, ഫെഡെക്‌സ്, മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, ഡിലോയിറ്റ് തുടങ്ങിയവരെല്ലാം കോര്‍പ്പറേറ്റ് മേഖലയിലെ ഉപഭോക്താക്കളാണ്. നേരത്തെ പ്രമുഖ സംരംഭകനും നിക്ഷേപകനുമായ രാജുല്‍ ഗാര്‍ജ്, ഷുചിന്‍ ബജാജ് ഉള്‍പ്പെടയുള്ള നിക്ഷേപകരില്‍ നിന്ന് രണ്ടു ദശലക്ഷം ഡോളറിന്റെ നിക്ഷേപം ഹെല്‍ത്ത്അഷ്വുര്‍ നേടിയിരുന്നു.

Comments

comments

Categories: Business & Economy