അഞ്ച് കമ്പനികളെ പാപ്പരത്ത നടപടികള്‍ക്ക് നിര്‍ദേശിക്കാനൊരുങ്ങി എസ്ബിഐ

അഞ്ച് കമ്പനികളെ പാപ്പരത്ത നടപടികള്‍ക്ക് നിര്‍ദേശിക്കാനൊരുങ്ങി എസ്ബിഐ

2,01,560 കോടി രൂപയുടെ കിട്ടാക്കടമാണ് എസ്ബിഐ ക്ക് മൊത്തമായി ഉള്ളത്

മുംബൈ: പാപ്പരത്ത നടപടിക്രമങ്ങളുടെ ഭാഗമായി കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഞ്ച് കമ്പനികളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലേക്ക് (എന്‍സിഎല്‍ടി) നിര്‍ദേശിച്ചേക്കും. ബര്‍ണാപ്പൂര്‍ സിമന്റിനും പറ്റ്‌നി ഗ്രൂപ്പിന്റെ നാല് സംരംഭങ്ങള്‍ക്കുമെതിരെയാണ് എസ്ബിഐ പാപ്പരത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. 3250 കോടി രൂപയുടെ കിട്ടാക്കടമാണ് ഈ കമ്പനികളില്‍ നിന്ന് ബാങ്കിനുള്ളത്.

3,000 കോടി രൂപയുടെ കിട്ടാക്കടമാണ് പറ്റ്‌നി ഗ്രൂപ്പിന്റെ പേരിലുള്ളത്. രോഹിത് ഫെറോ ടെക് (1,300 കോടി), അന്‍കിറ്റ് മെറ്റല്‍ ആന്‍ഡ് പവര്‍ (700 കോടി), ഇംപെക്‌സ് മെറ്റല്‍ ആന്‍ഡ് ഫെറോ ഏലോയ്‌സ് (800 കോടി), ഇംപെക്‌സ് ഫെറോ ടെക് (200 കോടി) എന്നിവയാണ് വായ്പാ തിരിച്ചടവ് മുടക്കിയ പറ്റ്‌നി ഗ്രൂപ്പ് കമ്പനികള്‍. ബാക്കി 250 കോടി രൂപയുടെ കടം ബര്‍ണാപ്പൂര്‍ സിമന്റിന്റേതാണ്. എന്നാല്‍, വായ്പാ തിരിച്ചടവ് മുടക്കിയ ഈ കമ്പനികള്‍ക്കെതിരെ എന്‍എല്‍ടിയെ സമീപിക്കാനൊരുങ്ങുന്നത് സംബന്ധിച്ച് എസ്ബിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

എസ്ബിഐ യുടെ കൊല്‍ക്കത്തയിലെ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ബ്രാഞ്ചില്‍ നിന്നാണ് ഈ അഞ്ച് കമ്പനികളും വായ്പയെടുത്തിട്ടുള്ളത്. ഏതാനും മാസം മുന്‍പാണ് ഈ എക്കൗണ്ടുകള്‍ എന്‍പിഎ (നിഷ്‌ക്രിയാസ്തി) ആയി വിഭാഗീകരിച്ചത്. ഈ എക്കൗണ്ടുകളെ എന്‍സിഎല്‍ടിയിലേക്ക് നിര്‍ദേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ബിഐയുടെ ഏറ്റവും പുതിയ നിര്‍ദേശമനുസരിച്ച് ദീര്‍ഘനാളായി തീര്‍പ്പാക്കാതെ കിടക്കുന്ന വായ്പകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് എസ്ബിഐ. പാപ്പരത്ത നടപടികളിലേക്ക് നീങ്ങുന്നതിനു മുമ്പ് ചര്‍ച്ചകളിലൂടെ വായ്പാ തിരിച്ചടവ് ക്രമീകരിക്കാനുള്ള സാധ്യതകളും ബാങ്ക് പരിഗണിക്കുന്നുണ്ട്.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകളില്‍ നിന്നും ഈ അഞ്ച് കമ്പനികള്‍ വായ്പയെടുത്തിട്ടുണ്ട്. ഡിസംബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് മൊത്തം 8,40,958 കോടി രൂപയുടെ കിട്ടാക്കടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കിട്ടാക്കടമുള്ളത് എസ്ബിഐക്കാണ്. 2,01,560 കോടി രൂപ.

Comments

comments

Categories: Banking