തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കാമെന്ന് പിഎന്‍ബി

തട്ടിപ്പിനിരയായ ബാങ്കുകള്‍ക്ക് പണം തിരികെ നല്‍കാമെന്ന് പിഎന്‍ബി

നിലവില്‍ കിട്ടാക്കടത്തിനായുള്ള നീക്കിയിരുപ്പ് മൂലം കടുത്ത സമ്മര്‍ദ്ദമാണ് പൊതുമേഖലാ ബാങ്കുകള്‍ അനുഭവിച്ച് വരുന്നത്

മുംബൈ: തങ്ങളുടെ ജാമ്യപത്രമുപയോഗിച്ച് നിരവ് മോദി വായ്പാ തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്ക് മാര്‍ച്ച് അവസാനത്തോടെ പണം തിരികെ നല്‍കാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). ഉപാധികളോടെയാണ് പിഎന്‍ബി പണം തിരികെ നല്‍കുന്ന വിവരം അറിയിച്ചിരിക്കുന്നത്. വായ്പ നല്‍കിയ കാര്യത്തില്‍ ഈ ബാങ്കുകള്‍ക്കകത്തും തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പിഎന്‍ബിയ്ക്ക് തിരിരെ നല്‍കണമെന്നാണ് ബാങ്കുകള്‍ക്ക് അയച്ച കത്തില്‍ പിഎന്‍ബി വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇക്കാര്യം ബാങ്കുകള്‍ അംഗീകരിക്കുകയാണെങ്കില്‍ പേമെന്റ് നടത്താന്‍ പിഎന്‍ബി തയാറാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജാമ്യ പത്രം ഉപയോഗിച്ച് വജ്രവ്യവസായിയായ നിരവ് മോദിയും ബന്ധു മെഹുല്‍ ചോസ്‌കിയും ചേര്‍ന്ന് 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ ഇരുവരും രാജ്യം വിടുകയും ചെയ്തു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, യുക്കൊ ബാങ്ക് എന്നിവ വായ്പാതട്ടിപ്പിന് ഇരയായ ബാങ്കുകളില്‍ ഉള്‍പ്പെടുന്നു. ഉപാധികളോടെയാണെങ്കിലും പണം ലഭിക്കുന്നത് ഇവയ്ക്ക് ആശ്വാസകരമാണെന്നാണ് വിലയിരുത്തല്‍.

നിലവില്‍ കിട്ടാക്കടത്തിനായുള്ള നീക്കിയിരുപ്പ് മൂലം കടുത്ത സമ്മര്‍ദ്ദമാണ് പൊതുമേഖലാ ബാങ്കുകള്‍ അനുഭവിച്ച് വരുന്നത്. പിഎന്‍ബിയില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ആ വായ്പാ തുകയ്ക്കായും ബാങ്കുകള്‍ നീക്കിയിരുപ്പ് നടത്തേണ്ടി വരും. കഴിഞ്ഞ ആഴ്ച ധനമന്ത്രാലയവും ബാങ്കുകളും തമ്മില്‍ നടത്തിയ യോഗത്തിലും ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

മാര്‍ച്ച് അവസാനത്തോടെ 6000 കോടി രൂപയാണ് പിഎന്‍ബി വിവിധ ബാങ്കുകള്‍ക്ക് നല്‍കുക. ഓരോ ബാങ്കുകളിലും കൊടുക്കാനുള്ള തുക നിര്‍ണയിക്കുന്നതിനുള്ള ശ്രമത്തിലാണ് നിലവില്‍ പിഎന്‍ബി. ഒരോ ബാങ്കുകളുമായും കൂടിക്കാഴ്ച നടത്തി ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു സംഘത്തെ പിഎന്‍ബി സജ്ജമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുള്ള ബാങ്കുകള്‍ക്കാണ് പണം തിരിച്ച് നല്‍കുകയെന്ന നിലപാടാണ് പിഎന്‍ബി ആദ്യം സ്വീകരിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നിരവ് മോദിക്ക് ജാമ്യപത്രം നല്‍കിയതുകൊണ്ട് തന്നെ തങ്ങളുടെ വായ്പാ തുക തിരിച്ചു നല്‍കാന്‍ പിഎന്‍ബിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റ് ബാങ്കുകളുടെ നിലപാട്.

വായ്പാതട്ടിപ്പിനിരയായ ബാങ്കുകള്‍ നഷ്ടപരിഹാര ബോണ്ടുകള്‍ വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ച പിഎന്‍ബി നിര്‍ദേശിച്ചിരുന്നു.ബാങ്കുകളുടെ ഭാഗത്തു നിന്ന് വഞ്ചനാപരമായ നടപടികള്‍ ഉണ്ടായെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയാല്‍ പണം പിഎന്‍ബിയ്ക്ക് തിരികെ നല്‍കുമെന്ന് ഉറപ്പാക്കുന്നതിനായിരുന്നു ഇത്. എന്നാല്‍ നഷ്ടപരിഹാര ബോണ്ടുകള്‍ അനിശ്ചിതമായ ബാധ്യതയായി ബുക്കില്‍ രേഖപ്പെടുത്തുമെന്നും ഇതിനായി നീക്കിയിരുപ്പ് വേണമെന്ന് ഓഡിറ്റര്‍മാര്‍ ആവശ്യപ്പെടുമെന്നും ചൂണ്ടിക്കാട്ടി ഈ നിര്‍ദേശത്തെ ബാങ്കുകള്‍ തള്ളിക്കളഞ്ഞിരുന്നു.

ജാമ്യപത്രത്തിന്മേലുള്ള വായ്പ സംബന്ധിച്ച നിര്‍ദേശം 2015ല്‍ പുറത്തിറക്കിയ സുപ്രധാന സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണ്. ബാങ്കുകള്‍ തമ്മിലുള്ള വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നായാണ് ആര്‍ബിഐ ഇതിനെ വിലയിരുത്തിയിട്ടുള്ളത്. മറ്റ് ബാങ്കുകളുടെ പണം തിരികെ നല്‍കുന്നത് തങ്ങളുടെ മൂലധനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നതിനാല്‍ മൂലധന സഹായത്തിന് വേണ്ടി സര്‍ക്കാരുമായി പിഎന്‍ബി ചര്‍ച്ച നടത്തി വരികയാണ്.

Comments

comments

Categories: Banking, Slider, Top Stories