രാജ്യത്തെ വാഹന  വില്‍പ്പനയില്‍ വര്‍ധന

രാജ്യത്തെ വാഹന  വില്‍പ്പനയില്‍ വര്‍ധന

വാണിജ്യ വാഹനങ്ങളുടെ കാര്യത്തിലും  ഇരുചക്ര വാഹന രംഗത്തും വളര്‍ച്ച ശക്തം

മുംബൈ: ഇന്ത്യന്‍ ഓട്ടോമൊബീല്‍ രംഗം ഫെബ്രുവരിയില്‍ സ്വന്തമാക്കിയത് 23 ശതമാനം വില്‍പ്പന വളര്‍ച്ച. ഗ്രാമീണ മേഖലയുടെ തിരിച്ചുവരവും പുതിയ മോഡലുകളുടെ ആവശ്യകത വര്‍ധിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി വില്‍പ്പന ഉയരാന്‍ കാരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) അറിയിച്ചു

വാണിജ്യ വാഹനങ്ങളുടെ കാര്യത്തിലും ഇരുചക്ര വാഹന രംഗത്തും വളര്‍ച്ച ശക്തമായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യഥാക്രമം 31ഉം 24ഉം ശതമാനം വളര്‍ച്ചയാണ് ഈ മേഖലകള്‍ കൈവരിച്ചത്. മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് പാസഞ്ചര്‍ വാഹന വില്‍പ്പന എട്ട് ശതമാനമുയര്‍ന്ന് 2,75,329 യൂണിറ്റിലെത്തി. യൂട്ടിലിറ്റി വാഹന വോളിയത്തിലുണ്ടായ ശക്തമായ 22 ശതമാനം വളര്‍ച്ച മേഖലയിലെ വില്‍പ്പനയെ മുന്നോട്ടു നയിച്ച കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. അതേസമയം, പാസഞ്ചര്‍ കാറുകളുടെ വിഭാഗം നാലു ശതമാനമെന്ന മിതമായ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. എങ്കിലും ഡിസംബര്‍- ജനുവരി കാലയളവിലെ തുടര്‍ച്ചയായ രണ്ടു മാസങ്ങളിലെ ഇടിവിനുശേഷമാണ് കാര്‍ വില്‍പ്പന പുരോഗതി കൈവരിക്കുന്നത്.
ഫെബ്രുവരി മാസത്തില്‍ വില്‍പ്പന 14 ശതമാനം വര്‍ധിച്ചെന്ന് രാജ്യത്തെ ഏറ്റവും വലിയ യാത്ര വാഹന നിര്‍മാതാക്കളായ മാരുതി സുസുകി പറഞ്ഞു. കോംപാക്റ്റ് കാറുകള്‍ക്കും എസ്‌യുവികള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡാണ് വളര്‍ച്ചയെ നയിച്ചതെന്നും കമ്പനി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്വിഫ്റ്റ്, ഡിസയര്‍, ബലേനോ തുടങ്ങി മാരുതി മോഡലുകള്‍ ഫെബ്രുവരിയില്‍ 39 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ഇവരുടെ തന്നെ എര്‍ട്ടിഗ, വിറ്റാര ബ്രെസ എന്നിവയുള്‍പ്പെടെയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍ വോളിയത്തില്‍ 14 ശതമാനം വളര്‍ച്ച ഉറപ്പിച്ചു. 45 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ഇക്കാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് കരസ്ഥമാക്കിയത്. അടുത്തിടെ ലോഞ്ച് ചെയ്ത കമ്പനിയുടെ കോംപാക്റ്റ് എസ്‌യുവി നെക്‌സണിനുള്ള ശക്തമായ ഡിമാന്‍ഡ് വളര്‍ച്ചയെ പിന്തുണച്ചു.

ചെറു വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 38 ശതമാനം ഉയര്‍ന്നു

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയിലും ഫെബ്രുവരിയില്‍ വളര്‍ച്ച ദൃശ്യമായി. ട്രക്കുകള്‍ക്കുള്ള ഡിസ്‌കൗണ്ട് ഓഫറുകള്‍ ഉയര്‍ന്ന 20 ശതമാനം വരെയായിരുന്നുവെന്ന് ഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ടെയ്‌നിംഗ് വ്യക്തമാക്കി. വലുതും ഇടത്തരമായതുമായ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 37,552 യൂണിറ്റിലെത്തി. ചെറു വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും 38 ശതമാനം വര്‍ധിച്ച് 50,225 യൂണിറ്റുമായി.

ഇരുചക്ര വാഹന വിപണിയിലും ശക്തമായ വളര്‍ച്ച പ്രകടമാണ്. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 26 ശതമാനം കൂടി 10,53,230 യൂണിറ്റുകളിലെത്തി. സ്‌കൂട്ടര്‍ വില്‍പ്പന 24 ശതമാനം വര്‍ധിച്ച് 5,60,653 യൂണിറ്റായി. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 25 ശതമാനം വളര്‍ച്ചയാണ് ബജാജ് ഓട്ടോ നേടിയത്. ഡിസ്‌കവര്‍, അവെഞ്ചര്‍ വിഭാഗങ്ങള്‍ കമ്പനിയുടെ വളര്‍ച്ചയെ നയിച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടറിന്റെ വില്‍പ്പനയും 22 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy