ഒയോ കൂടുതല്‍  ഏറ്റെടുക്കലുകള്‍ക്ക്  ഒരുങ്ങുന്നു

ഒയോ കൂടുതല്‍  ഏറ്റെടുക്കലുകള്‍ക്ക്  ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം കൂടുതല്‍ ഏറ്റെടുക്കലുകള്‍ക്കായി തയ്യാറെടുക്കുകയാണ് ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ. 2016 മുതല്‍ ഒയോ ഇതു വരെ ആറ് ഏറ്റെടുക്കല്‍ ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ഇവയൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംരംഭങ്ങളുടെ ജീവനക്കാരെ ഏറ്റെടുക്കുന്ന ഇടപാടുകളാണ് ഇതില്‍ ഭൂരിപക്ഷവും. ബെന്നെറ്റ്, കോള്‍മാന്‍ ആന്‍ഡ് കോയുടെ നിക്ഷേപക വിഭാഗമായ ബ്രാന്‍ഡ് കാപ്പിറ്റല്‍ പിന്തുണയ്ക്കുന്ന ഡണ്‍തിംഗിലെ ജീവനക്കാരെയാണ് ഒയോ ഏറ്റവുമവസാനം ഏറ്റെടുത്തത്. 2015 ല്‍ വിപണിയിലെ ചെറിയ എതിരാളികളായ സോ റൂംസിനെ ഏറ്റെടുക്കുന്നതിനായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിച്ചിരുന്നു.

പ്രവര്‍ത്തനമാരംഭിച്ച് കൊള്ളാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് ഏറ്റെടുക്കലിനായി ഒയോ അന്വേഷിക്കുന്നതെന്നും അവയുടെ വരുമാനം പരിഗണിക്കില്ലെന്നും സിഇഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. ഒയോ പല കമ്പനികളുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ മഹീന്ദര്‍ ഗുലാട്ടി നേതൃത്വം നല്‍കുന്ന ഒയോ കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് ടീമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആഗോള നിക്ഷേപകരില്‍ നിന്ന് കമ്പനി സമാഹരിച്ച 250 ദശലക്ഷം ഡോളറിന്റെ ഒരു പ്രധാന ഭാഗം ഏറ്റെടുക്കല്‍ ഇടപാടുകള്‍ക്കായി ചെലവഴിക്കുമെന്ന് ഒയോ അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറത്ത് മലേഷ്യ, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമറിയിച്ച ഒയോ ചൈനീസ് വിപണിയാണ് അടുത്തതായി ലക്ഷ്യം വെക്കുന്നത്.

Comments

comments

Categories: Business & Economy