ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ ജൂലൈയില്‍ നിര്‍മ്മിച്ചുതുടങ്ങും

ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ ജൂലൈയില്‍ നിര്‍മ്മിച്ചുതുടങ്ങും

മധ്യ പ്രദേശിലെ പീതംപുര്‍ ഫാക്ടറിയിലായിരിക്കും ഉല്‍പ്പാദനം

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ജാവ, ബിഎസ്എ ബൈക്കുകള്‍ ഈ ജൂലൈയില്‍ മഹീന്ദ്ര ടു വീലേഴ്‌സ് നിര്‍മ്മിച്ചുതുടങ്ങും. മധ്യ പ്രദേശിലെ പീതംപുര്‍ പ്ലാന്റിലായിരിക്കും രണ്ട് മോട്ടോര്‍സൈക്കിളുകളും നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് മഹീന്ദ്ര ടു വീലേഴ്‌സ് ജാവ, ബിഎസ്എ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തത്. ജാവ ബ്രാന്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചുവരികയാണെന്ന് പറയാം. അതേസമയം അന്തര്‍ദേശീയ വിപണികളെ ലക്ഷ്യംവെച്ചാണ് ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്.

പുതിയ ജാവ, ബിഎസ്എ മോട്ടോര്‍സൈക്കിളുകളുടെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റും ഫീച്ചറുകളും മറ്റും ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 1960-70 കളില്‍ ജാവ യെസ്ഡി ഇന്ത്യയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. 1996 ലാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചത്. യെസ്ഡി അടിസ്ഥാനമാക്കി പുതിയ മോട്ടോര്‍സൈക്കിളുകള്‍ മഹീന്ദ്ര നിര്‍മ്മിക്കും. അടുത്ത വര്‍ഷം പുറത്തിറക്കുമായിരിക്കും. അതേസമയം മഹീന്ദ്രയുടെ ബ്രാന്‍ഡ് നാമത്തിലായിരിക്കില്ല ജാവ ബൈക്കുകള്‍ വില്‍ക്കുന്നത്.

ജാവ, ബിഎസ്എ ബ്രാന്‍ഡുകള്‍ ഏറ്റെടുത്തശേഷം പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ശക്തി തെളിയിക്കുകയാണ് മഹീന്ദ്ര ടു വീലേഴ്‌സിന്റെ ലക്ഷ്യം. 1970 കളില്‍ ജാവ മോട്ടോര്‍സൈക്കിളുകളും റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുമാണ് പരസ്പരം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്.

ജാവ ഇന്ത്യയിലേക്ക് തിരിച്ചുവരികയാണ്. അതേസമയം അന്തര്‍ദേശീയ വിപണികളെ ലക്ഷ്യംവെച്ചാണ് ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്

പുതിയ ജാവ മോട്ടോര്‍സൈക്കിളുകള്‍ കൊണ്ടുവന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ ഉറക്കം കെടുത്താനാണ് മഹീന്ദ്രയുടെ പരിപാടി. ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് എന്തുവില വരുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ ആദ്യ മോഡലിന് 2.5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില.

Comments

comments

Categories: Auto