ഇന്ത്യയിലേക്കെത്തിയത് 209 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം

ഇന്ത്യയിലേക്കെത്തിയത് 209 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം

കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളുടെ എണ്ണം 2,197ലേക്ക് ചുരുങ്ങി

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കെത്തുന്ന വിദേശ നിക്ഷേപത്തില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രി സി ആര്‍ ചൗധരി. 2014 ഏപ്രില്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 208.99 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യയിലേക്കെത്തിയതായും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ എഴുതി സമര്‍പ്പിച്ച മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍വീസസ്, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍, ടെലികമ്യൂണിക്കേഷന്‍സ്, നിര്‍മാണം, വ്യാപാരം, ഓട്ടോമൊബീല്‍ തുടങ്ങിയ മേഖലകളിലാണ് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് ഏറ്റവും കൂടുതല്‍ നിരീക്ഷിക്കാനായിട്ടുള്ളതെന്നും സി ആര്‍ ചൗധരി അറിയിച്ചു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വരികയാണ്. ഇന്‍ഷുറന്‍സ് മേഖലയ്‌ക്കൊപ്പം പെന്‍ഷന്‍ രംഗത്തും വിദേശ നിക്ഷേപ നയം കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. പെന്‍ഷന്‍ രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ഈ നീക്കം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ മാനേജ്‌മെന്റ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഈ നീക്കം പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാജ്യത്ത് കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2,239ല്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം 2,197ലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നും ചൗധരി മറ്റൊരു മറുപടിയില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy