ഇന്ത്യയും ഫ്രാന്‍സും പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്

ഇന്ത്യയും ഫ്രാന്‍സും പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്

ഇന്ത്യയുടെയും ഫ്രാന്‍സും നേതൃത്വം നല്‍കുന്ന സൗരോര്‍ജ്ജ സഖ്യം പുതിയ പ്രതീക്ഷയാണ് ലോകത്തിന് നല്‍കുന്നത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് പ്രസിഡന്റ് മക്രോണിന്റെ ചരിത്രപരമായ ഇന്ത്യന്‍ സന്ദര്‍ശനവും പ്രസക്തമാകുന്നു

സൂര്യനാണ് സര്‍വ്വവും, ഊര്‍ജ്ജത്തിന്റെ ആത്യന്തിക ആശ്രയം. ഇനിയുള്ള നാളുകളിലും അതുകൊണ്ടുതന്നെ മനുഷ്യന്റെ ഭാവിയില്‍ ഏറ്റവും നിര്‍ണായകമായിത്തീരുക സൗരോര്‍ജ്ജമെന്ന മാന്ത്രികത തന്നെയായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികളില്‍ ലോകം വലയുമ്പോള്‍ വികസ്വര രാജ്യങ്ങളുടെ ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റുന്നതില്‍ സമാനതകളില്ലാത്ത പങ്കുവഹിക്കും സൗരോര്‍ജ്ജം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ രൂപം അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം(ഐഎസ്എ) പ്രസക്തമാകുന്നതും.

സ്വാഭവികമായ സുഹൃദ് രാജ്യങ്ങളാണ് ഭാരതവും ഫ്രാന്‍സും. ഇത്തരമൊരു നല്ല മുന്നേറ്റത്തിലൂടെ ആ ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപ് പോലുള്ള തല തിരിഞ്ഞ ഭരണാധികാരികളുടെ കാലത്ത് ലോകത്തിന്റെ പുതിയ പ്രതീക്ഷയാണ്.

കല്‍ക്കരിയും എണ്ണയുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇന്ന് ലോകരാജ്യങ്ങള്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങി. ഇനി സൗരോര്‍ജ്ജത്തില്‍ പരമാവധി ശ്രദ്ധ വെക്കാം എന്ന തലത്തിലേക്കാണ് മിക്ക രാജ്യങ്ങളും ചിന്തിക്കുന്നത് തന്നെ. ആ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാവുന്നു ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ രൂപം കൊണ്ട അന്താരാഷ്ട്ര സോളാര്‍ അലയന്‍സ്.

വിവിധ മേഖലകളില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിന് വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍മ പദ്ധതി ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പടെ നാല്‍പ്പതോളം രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (ഐഎസ്എ) ഞായറാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ചരിത്രപരമായ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. ഒപെക് മാതൃകയില്‍ കരാര്‍ അടിസ്ഥാനമാക്കി സൗരോര്‍ജത്തിനായി രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്ന ചിന്താഗതിയോടെയാണ് കര്‍മപദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നു യുഎസ് പിന്മാറിയ ശേഷം, സൗരോര്‍ജം കൂടുതല്‍ ലഭ്യമായ ഏതാനും രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ഐഎസ്എ. നിലവില്‍ 121 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 60 രാജ്യങ്ങള്‍ സോളാര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. 30 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത തരത്തിലുള്ള പിന്തുണയാണ് സഖ്യത്തിന് ലോകരാജ്യങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയാണ് സഖ്യത്തിന്റെ കേന്ദ്ര ബിന്ദുവെന്നത് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കും. സഖ്യത്തിന്റെ ഭാഗമായ രാജ്യങ്ങള്‍ക്ക് സൗരോര്‍ജ്ജത്തില്‍ നിന്നുള്ള വൈദ്യുതി കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുകയെന്ന മഹത്തായ ലക്ഷ്യത്തിലധിഷ്ഠിതമാണ് പുതിയ ചേരിയുടെ പ്രവര്‍ത്തനം. ഒരു ട്രില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം 2030 ആകുമ്പോഴേക്കും സൗരോര്‍ജ്ജ മേഖലയ്ക്കായി നടത്തുകയാണ് സഖ്യത്തിന്റെ ദ്ദേശ്യം.

സൗരോര്‍ജ്ജ വൈദ്യുതിയുടെ വ്യാപനത്തിന് ഫണ്ടിന്റെ ലഭ്യതക്കുറവ് ഒരിക്കലും അനുഭവപ്പെടില്ലെന്ന് സോളാര്‍ അലയന്‍സ് ഉറപ്പാക്കും. ഭാവിയില്‍ പുനരുപയോഗ ഊര്‍ജ്ജരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയെന്ന ലക്ഷ്യവും സഖ്യത്തിനുണ്ട്. ലോകം മാറിക്കൊണ്ടിരിക്കുമ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെയും പ്രത്യേക താല്‍പ്പര്യത്തിലാണ് ഇത്തരമൊരു സഖ്യം രൂപീകരിക്കപ്പെട്ടത് എന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും അഭിമാനിക്കാം. ഒപ്പം ഫ്രാന്‍സുമായി ഭാരതം ബന്ധം ശക്തിപ്പെടുത്തേണ്ടത് പുതിയ കാലത്ത് അനിവാര്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഉയിര്‍ത്തെഴുനേല്‍ക്കപ്പെടുന്ന യൂറോപ്പിന്റെ മുഖമാണ് യുവഭരണാധികാരിയായ മക്രോണ്‍. ഏഷ്യയിലെ ഫ്രാന്‍സിന്റെ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ കാണുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് വേണം മനസിലാക്കാന്‍. അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ വ്യാപാരം, സുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കുന്ന തരത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഫ്രാന്‍സുമായുള്ള പങ്കാളിത്തത്തിലൂടെ സാധിക്കും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്.

Comments

comments

Categories: Editorial, Slider