ഹോണ്ട എക്‌സ്-ബ്ലേഡ് പുറത്തിറക്കി

ഹോണ്ട എക്‌സ്-ബ്ലേഡ് പുറത്തിറക്കി

160 സിസി നേക്കഡ് സ്‌പോര്‍ടി മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 78,500 രൂപ

ഗുരുഗ്രാം : ഓള്‍-ന്യൂ ഹോണ്ട എക്‌സ്-ബ്ലേഡ് പ്ലാന്റില്‍നിന്ന് ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചുതുടങ്ങി. 78,500 രൂപയാണ് 160 സിസി നേക്കഡ് സ്‌പോര്‍ടി മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട എക്‌സ്-ബ്ലേഡ് അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 14 ന് ബുക്കിംഗും തുടങ്ങി.

ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ മോട്ടോര്‍സൈക്കിളിന്റെ അതേ അണ്ടര്‍പിന്നിംഗാണ് പുതിയ എക്‌സ്-ബ്ലേഡ് ഉപയോഗിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഷാര്‍പ്പായ ഡിസൈന്‍ ഭാഷയും ഓള്‍-എല്‍ഇഡി ഹെഡ്‌ലാംപ് ക്ലസ്റ്ററും ഹോണ്ട എക്‌സ്-ബ്ലേഡിനെ മഹത്തരമാക്കുന്നു. സിബി ഹോര്‍ണറ്റ് 160ആര്‍ ബൈക്കിന്റെ ബേസ് മോഡലിനേക്കാള്‍ ഏകദേശം 4,000 രൂപ കുറവാണ് ഹോണ്ട എക്‌സ്-ബ്ലേഡ് 160 ബൈക്കിന് എന്ന കാര്യം പ്രത്യേകം എടുത്തുപറയുന്നു.

പുതിയ എക്‌സ്-ബ്ലേഡ് അഗ്രസീവും ഫ്യൂച്ചറിസ്റ്റിക്കുമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. എക്‌സ്-ബ്ലേഡിലെ ഫീച്ചറുകളില്‍ പലതും സെഗ്‌മെന്റില്‍ ആദ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിസല്‍ ലൈനുകള്‍, മാറ്റ് ബ്ലാക്ക് ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, എക്‌സ്-ബ്ലേഡ് ബാഡ്ജിംഗ് എന്നിവയോടെയുള്ള ഷാര്‍പ്പ് സ്റ്റൈല്‍ഡ് ഫ്യൂവല്‍ ടാങ്ക് ഹോണ്ട എക്‌സ്-ബ്ലേഡിന് സ്‌പോര്‍ടി സ്വഭാവം നല്‍കുന്നു. ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍ ഒമ്പത് എല്‍ഇഡി പൊസിഷന്‍ ലാംപുകളാണ് നല്‍കിയിരിക്കുന്നത്. ഹോര്‍ണറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ടെയ്ല്‍ സെക്ഷനില്‍ മാറ്റം വരുത്തിയിരിക്കുന്നു. ടെയ്ല്‍ലൈറ്റുകളും എല്‍ഇഡി തന്നെ. ആകപ്പാടെ എഡ്ജി ലുക്കിലാണ് പിന്‍ഭാഗം തീര്‍ത്തിരിക്കുന്നത്. ഷാര്‍പ്പായി ഡിസൈന്‍ ചെയ്ത ഗ്രാബ് റെയിലുകള്‍, റിയര്‍ ടയര്‍ ഹഗ്ഗര്‍, ക്രോം ടിപ്പ് സഹിതം ഡുവല്‍ ഔട്ട്‌ലെറ്റ് മഫ്‌ളര്‍, മാറ്റ് ബ്ലാക്ക് സൈഡ് പാനലുകള്‍ എന്നിവ ബൈക്കിന് സ്‌പോര്‍ടി ലുക്ക് നല്‍കുന്നു.

മാറ്റ് മാര്‍വെല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ഫ്രോസന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നീ അഞ്ച് നിറങ്ങളില്‍ ഹോണ്ട എക്‌സ്-ബ്ലേഡ് ലഭിക്കും. കൃത്യവും സുഗമവുമായ ഷിഫ്റ്റുകള്‍ക്കായി ലിങ്ക് ടൈപ്പ് ഗിയര്‍ ഷിഫ്റ്റര്‍ നല്‍കിയിരിക്കുന്നു. പിന്‍ ചക്രത്തില്‍ 130 എംഎം ടയറും മുന്‍ ചക്രത്തില്‍ 100 എംഎം ടയറും നല്‍കി. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ എന്നിവയോടെയാണ് ബൈക്ക് വരുന്നത്. സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവയോടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാണ്. നീളമേറിയ സീറ്റ്, സീല്‍ ചെയിന്‍, ഹസാര്‍ഡ് സ്വിച്ച് എന്നിവ കംഫര്‍ട്ടും സുരക്ഷയും നല്‍കും.

ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍ ഒമ്പത് എല്‍ഇഡി പൊസിഷന്‍ ലാംപുകളാണ് നല്‍കിയിരിക്കുന്നത്. കൃത്യവും സുഗമവുമായ ഷിഫ്റ്റുകള്‍ക്കായി ലിങ്ക് ടൈപ്പ് ഗിയര്‍ ഷിഫ്റ്റര്‍ നല്‍കി

162.71 സിസി എച്ച്ഇടി എന്‍ജിനാണ് പുതിയ ഹോണ്ട എക്‌സ്-ബ്ലേഡിന് കരുത്ത് പകരുന്നത്. 8,500 ആര്‍പിഎമ്മില്‍ പരമാവധി 13.93 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ പരമാവധി 13.9 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. താഴ്ന്ന-ഇടത്തരം റേഞ്ചില്‍ നല്ല പെര്‍ഫോമന്‍സ് ലഭിക്കുന്നതിന് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എന്‍ജിനെന്ന് ഹോണ്ട അറിയിച്ചു. സുസുകി ജിക്‌സര്‍, ബജാജ് പള്‍സര്‍ എന്‍എസ് 160 എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto