ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നത് പരിഗണനയില്‍

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ നിരോധിക്കുന്നത് പരിഗണനയില്‍

ആറ് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് സുപ്രീം കോടതി മുമ്പാകെ ബിഐഎസ് അറിയിച്ചു

ന്യൂഡെല്‍ഹി : ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചേക്കും. ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സുപ്രധാന തീരുമാനം കൈക്കൊള്ളുന്നത്. ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മെറ്റുകളുടെ വില്‍പ്പന നിരോധിക്കുന്നത് സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) സുപ്രീം കോടതി മുമ്പാകെ അറിയിച്ചിട്ടുണ്ട്. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി പാനല്‍ മുമ്പാകെയാണ് ബിഐഎസ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എല്ലാ ഇരുചക്രവാഹന ഹെല്‍മെറ്റുകളിലും ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഇതേതുടര്‍ന്ന് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കാന്‍ കഴിയില്ല. വ്യാജ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ വിറ്റാല്‍ കനത്ത പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഐഎസ്‌ഐ ഹെല്‍മെറ്റ് മാനുഫാക്ച്ചറേഴ്‌സ് അസ്സോസിയേഷന്‍ സ്വാഗതം ചെയ്തു. ഇന്ത്യയില്‍ വില്‍ക്കുന്ന ഭൂരിഭാഗം ഹെല്‍മെറ്റുകളും നിലവാരമില്ലാത്തതാണെന്നും ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതാണെന്നും സംഘടന പ്രസ്താവിച്ചു.

വ്യാജ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മെറ്റുകള്‍ വിറ്റാല്‍ കനത്ത പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും

നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ഇരുചക്രവാഹന ഹെല്‍മെറ്റുകളില്‍ 75-80 ശതമാനവും ഐഎസ്‌ഐ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് രാജീവ് കപൂര്‍ പറഞ്ഞു. രാജ്യത്ത് നടക്കുന്ന റോഡപകട മരണങ്ങളില്‍ നാലിലൊന്ന് ഇരുചക്ര വാഹനം ഓടിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹെല്‍മെറ്റ് ധരിക്കാത്തതിനെതുടര്‍ന്ന് തലയ്ക്ക് പരുക്കേറ്റ് 2016 ല്‍ പതിനായിരത്തിലധികം ഇരുചക്രവാഹന യാത്രക്കാരാണ് മരിച്ചത്. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ഓരോ വര്‍ഷവും ഏകദേശം ഒമ്പത് കോടി ഹെല്‍മെറ്റുകളാണ് ഇന്ത്യയില്‍ ആവശ്യമായി വരുന്നത്.

Comments

comments

Categories: Auto