കര്‍ഷകര്‍ക്ക് വിജയം; ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

കര്‍ഷകര്‍ക്ക് വിജയം; ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

മുംബൈ: കര്‍ഷകരുടെ സംഘടിതമായ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍. 180 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചെത്തിയ ലോങ് മാര്‍ച്ച്, ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ അവസാനിപ്പിച്ചു.

കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍, വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് മതിയായ വില നല്കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു പ്രധാനമായും കര്‍ഷകര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഈ മാസം ഏഴിന് നാസിക്കില്‍ നിന്നാരംഭിച്ച ലോങ് മാര്‍ച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നപ്പോഴേക്കും പ്രകടനത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സര്‍ക്കാര്‍ ഇവ നടപ്പിലാക്കാന്‍ ആറംഗ സമിതിയെയും നിയോഗിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കര്‍ഷകരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകരെ പ്രതിനിധീകരിച്ച് ഏട്ടു പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രക്ഷോഭം തുടരാനായിരുന്നു സമര സമിതിയുടെ തീരുമാനം. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാവുകയായിരുന്നു. കര്‍ഷകര്‍ക്ക് പ്രദേശത്തേക്ക് മടങ്ങിപ്പോകുന്നതിനായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്ന് ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് മഹാജന്‍ അറിയിച്ചു.

Comments

comments

Categories: FK News

Related Articles