മരുന്ന് കൊണ്ടല്ല, പകരം ശുദ്ധമായ പച്ചക്കറികള്‍ വിളവെടുത്തു കൊണ്ടാണ് ഈ ഡോക്ടറുടെ പോരാട്ടം

മരുന്ന് കൊണ്ടല്ല, പകരം ശുദ്ധമായ പച്ചക്കറികള്‍ വിളവെടുത്തു കൊണ്ടാണ് ഈ ഡോക്ടറുടെ പോരാട്ടം

ചെന്നൈ: മരുന്നുകളിലൂടെയല്ല, രോഗാവസ്ഥയെ പ്രതിരോധിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടര്‍ന്നു കൊണ്ടായിരിക്കണമെന്നു തെളിയിക്കുകയാണു തഞ്ചാവൂര്‍ ജില്ലയിലെ ഡോ. വി. സുന്ദര്‍രാജന്‍. ഇടവേളകളില്‍ വിശ്രമിക്കാനും ആനന്ദം കണ്ടെത്താനും ഇഷ്ടപ്പെടുന്നവരാണു നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ തഞ്ചാവൂര്‍ ജില്ലയിലെ പേരവുരാനിക്കു സമീപമുള്ള സെരുവാവിദുതി ഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. വി. സുന്ദര്‍രാജന് ഇടവേളകളില്‍ കൃഷിയിലേക്കു തിരിയാനാണു താത്പര്യം. അതിലാണ് അദ്ദേഹം ആനന്ദം കണ്ടെത്തുന്നത്.പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അടുക്കള തോട്ടത്തിലാണു ഡോക്ടര്‍ പച്ചക്കറി കൃഷി നടത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികളെ ചികിത്സിച്ചു കഴിഞ്ഞാലുടന്‍ ഡോക്ടര്‍ സുന്ദര്‍രാജന്‍ തോട്ടത്തിലെത്തി മണ്ണ് കിളക്കാനും, വിത്ത് പാകാനും അവയ്ക്കു വെള്ളമൊഴിക്കാനുമൊക്കെ സമയം കണ്ടെത്തും. ഇവിടെ വിളവെടുക്കുന്ന പച്ചക്കറികള്‍ രോഗികള്‍ക്കു തന്നെ പാചകം ചെയ്തു കൊടുക്കുകയും ചെയ്യും. പ്രത്യേകിച്ചു ഗര്‍ഭിണികള്‍ക്കാണ് ഇവ നല്‍കുന്നത്. ഗര്‍ഭിണികളില്‍ വിളര്‍ച്ച തടയാനും, ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവരാനുമാണ് ഇതിലൂടെ ഡോക്ടര്‍ ലക്ഷ്യമിടുന്നത്.

2006-ലാണു സുന്ദര്‍രാജന്‍ ഈ ഉദ്യമത്തിനു തുടക്കമിട്ടത്. എല്ലാ ചൊവ്വാഴ്ചകളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന 50-ാളം ഗര്‍ഭിണികളായവര്‍ക്കു പോഷകം നിറഞ്ഞ ആരോഗ്യദായകമായ ഭക്ഷണം ഡോക്ടര്‍ സൗജന്യമായി വിളമ്പും. ചെക്കപ്പിന് എത്തുന്നവരാണ് ഈ ഗര്‍ഭിണികള്‍. ഇവരില്‍ പലരും പാവപ്പെട്ട കുടുംബങ്ങളിലുള്ളവരാണ്. ഇവര്‍ക്കു പോഷകാഹാരം ലഭിക്കാത്തതിനാല്‍ വിളര്‍ച്ച കാണപ്പെടാറുണ്ട്. മാത്രമല്ല ശിശുമരണ നിരക്ക് വര്‍ധിക്കുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കാനാണു ഡോക്ടര്‍ പോഷകാഹാരം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യാനും അദ്ദേഹം മുന്‍കൈയ്യെടുത്തു. ഇന്നു ഡോക്ടറുടെ ഉദ്യമത്തിനു സഹായമേകാന്‍ നിരവധി പേര്‍ സാമ്പത്തികം വാഗ്ദാനം ചെയ്തും മുന്നോട്ടുവന്നിട്ടുണ്ട്. 1992 മുതല്‍ 54-കാരനായ ഡോക്ടര്‍ സുന്ദര്‍രാജന്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. ആറ് മാസം മുന്‍പാണു ആശുപത്രിയുടെ ഒന്നര ഏക്കറോളം വരുന്ന പ്രദേശത്തു ജൈവ പച്ചക്കറി കൃഷി ചെയ്താലോ എന്നു ചിന്തിച്ചത്. അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇന്ന് ഓരോ ആഴ്ചയിലും 20 കിലോ പച്ചക്കറികള്‍ വിളവെടുക്കുന്നു. പടവലങ്ങ, വെണ്ടക്ക, മത്തങ്ങ, ബീന്‍സ് തുടങ്ങിയവയാണ് പ്രധാനമായും വിളവെടുക്കുന്നത്. അധികമായി വിളവെടുക്കുന്ന പച്ചക്കറികള്‍ ഓരോരുത്തര്‍ക്കായി സൗജന്യമായി നല്‍കുകയും ചെയ്യും.

പച്ചക്കറി കൃഷിയിലൂടെ ആശുപത്രിയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാനും സാധിച്ചിട്ടുണ്ട്.അവയിലൊന്ന് ആശുപത്രി പരിസരത്ത് ചില്‍ഡ്രന്‍സ് പാര്‍ക്ക് ആരംഭിച്ചെന്നതാണ്. നിരവധി വികസന പ്രവര്‍ത്തികള്‍ക്കു തുടക്കമിട്ടതോടെ ആശുപത്രിക്ക് ഐഎസ്ഒ 9001 സര്‍ട്ടിഫിക്കേഷനും ലഭിച്ചു.

Comments

comments

Categories: FK Special