മികച്ച ബ്രോഡ്ബാന്‍ഡ് വേഗതയുള്ള ഇന്ത്യന്‍ നഗരം ചെന്നൈ

മികച്ച ബ്രോഡ്ബാന്‍ഡ് വേഗതയുള്ള ഇന്ത്യന്‍ നഗരം ചെന്നൈ

മെട്രോ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ വേഗതയുള്ള നഗരം മുബൈയാണ്

ന്യൂഡെല്‍ഹി: ഫിക്‌സഡ് ബ്രോഡ്ബാന്‍ഡ് വേഗതയില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ നഗരം ചെന്നൈ ആണെന്ന് ബ്രോഡ്ബാന്‍ഡ് സ്പീഡ് ടെസ്റ്റര്‍ ഊക്ക്‌ലയുടെ കണ്ടെത്തല്‍. 32.67 എംബിപിഎസിലും കൂടുതല്‍ വേഗതയിലാണ് ചൈന്നൈയില്‍ ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുന്നത്. രാജ്യത്തെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗതയേക്കാള്‍ (20.72 എംബിപിഎസ്) 57.7 ശതമാനം കൂടുതലാണിത്. ഫെബ്രുവരി മാസത്തെ ബ്രോഡ്ബാന്‍ഡ് വേഗത സംബന്ധിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഊക്ക്‌ല റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ചെന്നൈക്കു പുറമെ ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലെ ബ്രോഡ്ബാന്‍ഡ് വേഗവും രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്. 27.2 എംബിപിഎസ് ആണ് ബെംഗളൂരുവിലെ ശരാശരി വേഗത. 18.16 എംബിപിഎസ് ശരാശരി വേഗതയുള്ള ഡെല്‍ഹി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. നാല് വലിയ മെട്രോ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ വേഗതയുള്ള നഗരം മുബൈയാണ്. 12.06 എംബിപിഎസ് ആണ് മുംബൈയിലെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗത. പാറ്റ്‌ന, കാണ്‍പ്പൂര്‍, പൂനെ, നാഗ്പ്പൂര്‍ എന്നിവയാണ് ഏറ്റവും കുറഞ്ഞ ഡൗണ്‍ലോഡ് വേഗതയുള്ള മറ്റ് നഗരങ്ങള്‍. രാജ്യത്തെ മൊത്തം ബ്രോഡ്ബാന്‍ഡ് വേഗം പരിശോധിക്കുമ്പോള്‍ തെക്കന്‍ നഗരങ്ങളിലാണ് മികച്ച വേഗത പ്രകടമാകുന്നതെന്നാണ് ഊക്ക്‌ലയുടെ നിരീക്ഷണം.

സംസ്ഥാനങ്ങള്‍ തിരിച്ചുള്ള പട്ടികയില്‍ ബ്രോഡ്ബാന്‍ഡ് വേഗതയില്‍ മുന്നിലുള്ളത് കര്‍ണാടകയാണ്. ഫെബ്രുവരിയില്‍ 28.46 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് സേവന വേഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 37.4 ശതമാനത്തിന്റെ വേഗ ക്കൂടുതലാണ് കര്‍ണാടകയില്‍ അനുഭവപ്പെടുന്നത്. 27.94 എംബിപിഎസ് വേഗതയില്‍ സേവനം ലഭിക്കുന്ന തമിഴ്‌നാടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ഏറ്റവും കുറവ് ബ്രോഡ്ബാന്‍ഡ് വേഗത രേഖപ്പെടുത്തിയ സംസ്ഥാനം മിസോറാം ആണ്. 3.62 എംബിപിഎസ് ആയിരുന്നു ഫെബ്രുവരിയില്‍ മിസോറാമിലെ ശരാശരി ബ്രോഡ്ബാന്‍ഡ് വേഗത. ഇത് രാജ്യത്തെ ശരാശരി വേഗതയേക്കാള്‍ 82.5 ശതമാനം കുറവാണ്. ഫെബ്രുവരി മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഡൗണ്‍ലോഡ് വേഗതയില്‍ ലോക രാഷ്ട്രങ്ങളില്‍ 67-ാം സ്ഥാനത്താണ് ഇന്ത്യ.

Comments

comments

Categories: Slider, Top Stories