ബ്രെക്‌സിറ്റും വിമാനസര്‍വീസും

ബ്രെക്‌സിറ്റും വിമാനസര്‍വീസും

ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് വിമാനകമ്പനികളുടെ ബിസിനസ് പഴയതു പോലെയാകുമോ?

യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു കടക്കാനുള്ള ബ്രിട്ടന്റെ തീരുമാനം അമേരിക്കയിലേക്കുള്ള അവരുടെ വിമാനസര്‍വീസുകളെ സംബന്ധിച്ച് ആശങ്ക വരുത്തിവെച്ചിരിക്കുകയാണ്. വിമാനസര്‍വീസുകള്‍ സംബന്ധിച്ചുള്ള ഉടമ്പടിയില്‍ അമേരിക്ക ബ്രിട്ടണ് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് വോട്ടെടുപ്പു കഴിഞ്ഞതിനു ശേഷം ജനുവരിയില്‍ നടന്ന വ്യോമയാന ഉഭയകക്ഷി ചര്‍ച്ചകള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതികൂലനിലപാടു മൂലം വെട്ടിച്ചുരുക്കുകയായിരുന്നു.

ബ്രിട്ടീഷ് വിമാനസര്‍വീസുകളായ ബ്രിട്ടീഷ് എയര്‍വേയ്‌സിനും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിനും മുമ്പ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായിരുന്ന കാലത്തെപ്പോലെ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ചര്‍ച്ച കൊണ്ട് ആയില്ല. ഔപചാരിക മാനദണ്ഡമനുസരിച്ചുള്ള ഉടമ്പടികളനുവദിക്കാനേ നിര്‍വാഹമുള്ളൂവെന്ന് യുഎസ് പ്രതിനിധികള്‍ അറിയിച്ചു. സ്വദേശികളായ ഓപ്പറേറ്റര്‍മാര്‍ക്കാകണം എയര്‍ലൈനുകളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവുമെന്നാണ് അവരുടെ നിലപാട്. ഇത്തരം വ്യവസ്ഥകള്‍ ആഗോളതലത്തില്‍ ഓഹരിപങ്കാളിത്തമുള്ള ബ്രിട്ടീഷ് എയര്‍ലൈനുകളെ ദോഷകരമായി ബാധിക്കും.

നിലവിലെ ക്രമീകരണമനുസരിച്ച് അമേരിക്കയുമായി വ്യോമയാനകരാറിലേര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനകമ്പനികളുടെ ഉടമസ്ഥര്‍ യൂറോപ്യന്‍യൂണിയന്‍ രാജ്യക്കാരായിരിക്കണം. യൂറോപ്യന്‍ യൂണിയന്‍ എന്ന ലേബല്‍ അടര്‍ത്തിക്കളഞ്ഞിട്ട് ബ്രിട്ടീഷ് ലേബല്‍ ഒട്ടിച്ചു കൊണ്ട് വെറുതെ ചാടിക്കയറി ഇരിക്കാവുന്ന സാഹചര്യമല്ലെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബ്രെക്‌സിറ്റിനു ശേഷം പുതിയ രാജ്യാന്തര കരാറുകളുടെ പുനര്‍നിര്‍മാണം ബ്രിട്ടണ്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയനുമായുള്ള വ്യോമയാനഉടമ്പടിയിലെ ചിലഭാഗങ്ങള്‍ അമേരിക്ക പിന്‍വലിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നു. അമേരിക്ക സമ്മതം നല്‍കിയിട്ടുള്ള ഏറ്റവും ഉദാരമായ കരാറാണിത്. ഇതനുസരിച്ച് യൂറോപ്യന്‍യൂണിയന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള ഏത് വിമാനകമ്പനിക്കും അമേരിക്കയ്ക്കും ബ്രിട്ടണുമിടയില്‍ സര്‍വീസ് നടത്താം. ബ്രെക്‌സിറ്റിനു മുമ്പ് ഒരു പ്രത്യേക കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഇവയില്‍ ചില സര്‍വീസുകള്‍ക്ക് അന്ത്യം കുറിക്കേണ്ടി വരും.

ഇതോടെ 1970-ല്‍ ഒപ്പുവെച്ച ബെര്‍മുഡ 2 കരാറിലെ സാഹചര്യത്തിലേക്ക് ഇരുരാജ്യങ്ങളും മടങ്ങിപ്പോകേണ്ടി വരും. ഇത് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കും അമേരിക്കയിലേക്കുമുള്ള സര്‍വീസുകള്‍ ഈരണ്ട് ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികള്‍ക്കു മാത്രമായി നിജപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടാക്കുക. സാധാരണയായി ബ്രിട്ടീഷ് എയര്‍വേയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കുമാണ് ഇതിനു നറുക്കു വീഴാറുള്ള ബ്രിട്ടീഷ് കമ്പനികളെങ്കില്‍ അമേരിക്കന്‍ കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് മറുപക്ഷത്ത് അണിനിരക്കുന്നവര്‍.

ബ്രിട്ടീഷ്, യുഎസ് ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള വിമാനകമ്പനികള്‍ക്കു മാത്രമേ ബ്രിട്ടണിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കന്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുതയുള്ളൂ. ബ്രിട്ടീഷ് ഉടമസ്ഥത, നിയന്ത്രണം എന്നിവ സംബന്ധിച്ച് അമേരിക്ക വ്യക്തമായ നിര്‍വചനം നല്‍കിയിട്ടുണ്ട്. യൂറോപ്യന്‍ നിയമങ്ങള്‍ ഇത്രയ്ക്കു കര്‍ശനമല്ല. ഉദാഹരണത്തിന് വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിലെ ഓഹരി ഉടമ കൂടിയായ ബ്രിട്ടീഷ് പൗരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ് ഓഹരികളുണ്ടായിരുന്ന വെര്‍ജിന്‍ അമേരിക്ക എന്ന വിമാനകമ്പനിയുടെ പ്രവര്‍ത്തനാനുമതി വര്‍ഷങ്ങളോളം യുഎസ് തടഞ്ഞുവെച്ചിരുന്നു. കമ്പനിക്കുമേല്‍ വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയാണു ബ്രാന്‍സണ്‍ എന്ന കാഴ്ചപ്പാടിനെ തുടര്‍ന്നായിരുന്നു ഇത്. മറിച്ച് അദ്ദേഹം യൂറോപ്പില്‍ താമസിക്കുന്ന അമേരിക്കനായിരുന്നെങ്കില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമായിരുന്നില്ല.

നിലവിലെ ക്രമീകരണമനുസരിച്ച് അമേരിക്കയുമായി വ്യോമയാനകരാറിലേര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് വിമാനകമ്പനികളുടെ ഉടമസ്ഥര്‍ യൂറോപ്യന്‍യൂണിയന്‍ രാജ്യക്കാരായിരിക്കണം. യൂറോപ്യന്‍ യൂണിയന്‍ എന്ന ലേബല്‍ അടര്‍ത്തിക്കളഞ്ഞിട്ട് ബ്രിട്ടീഷ് ലേബല്‍ ഒട്ടിച്ചു കൊണ്ട് വെറുതെ ചാടിക്കയറി ഇരിക്കാവുന്ന സാഹചര്യമിന്നില്ല. ബ്രെക്‌സിറ്റിനു ശേഷം പുതിയ രാജ്യാന്തര കരാറുകളുടെ പുനര്‍നിര്‍മാണം ബ്രിട്ടണ്‍ നടത്തേണ്ടതുണ്ട്

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മാതൃകമ്പനിയായ ഐഎജി, അമേരിക്കയുടെ നിര്‍ദിഷ്ട വ്യവസ്ഥയനുസരിച്ച് ബ്രിട്ടീഷ് ഓഹരിഉടമകളുടെ അപര്യാപ്തത നേരിടുന്നുണ്ട്. എന്നാല്‍ വെര്‍ജിന്‍ അറ്റ്‌ലാന്റിക്കിനാണ് ഇത്തരമൊരു സാഹചര്യമുണ്ടാകുന്നതെങ്കില്‍ യൂറോപ്യന്‍ വിമാനകമ്പനിയായ എയര്‍ ഫ്രാന്‍സ്- കെഎല്‍എമ്മിന് മുന്‍നിശ്ചയപ്രകാരമുള്ള 31 ശതമാനത്തിന്റെ ഓഹരിക്കൈമാറ്റത്തിലൂടെ ബ്രാന്‍സണു പ്രശ്‌നപരിഹാരം കാണാനാകും. എന്നാല്‍ പുതിയ കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഗ്വാറ്റിക് വിമാനതാവളത്തിനും അമേരിക്കയ്ക്കുമിടയിലുള്ള സര്‍വീസ് നടത്തുന്ന നോര്‍വീജിയന്‍ കമ്പനിക്ക് അതിന്റെ അധികാരാവകാശങ്ങള്‍ നഷ്ടപ്പെടും.

ബ്രെക്‌സിറ്റിനെ അതിജീവിക്കാന്‍ പ്രത്യേക കരാറുകള്‍ ഏര്‍പ്പെടുത്താത്തപക്ഷം ബ്രിട്ടീഷ് വിമാനകമ്പനികള്‍ക്കു സര്‍വീസ് നടത്താനാകില്ല. പ്രായോഗികബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണിത്. കുറച്ചു കൂടി അയവുള്ള സമീപനം അമേരിക്ക സ്വീകരിക്കുകയാണ് വേണ്ടത്. യുഎസ് വ്യോമയാന, വിമാന സര്‍വീസ് വ്യവസായങ്ങള്‍ കൂടുതല്‍ മികച്ച വ്യോമയാന കരാറുകള്‍ക്കു വേണ്ടി ശ്രമിക്കണം. മൂന്ന് പ്രമുഖ യുഎസ് എയര്‍ലൈനുകളും ബ്രിട്ടണിലെ ഹീത്രൂ വിമാനതാവളത്തിലേക്കു സര്‍വീസ് തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവര്‍ ബെര്‍മുഡ 2 കരാറിലേക്ക് തിരികെ പോകാന്‍ ഒട്ടും തല്‍പരരല്ല.

ഏതാനും വര്‍ഷങ്ങളായി അമേരിക്കന്‍ എയര്‍ലൈന്‍സ് ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവ, ബ്രിട്ടീഷ് എയര്‍വേയ്‌സും വെര്‍ജിന്‍ അറ്റ്‌ലാന്റിക്കുമായും ലാഭകരമായ സഹകരണ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടണ് എന്തെങ്കിലും വ്യോമയാന അവകാശം നഷ്ടപ്പെടുകയാണെങ്കില്‍ അത് ആ രാജ്യത്തിന്റെ മാത്രം കുറ്റമായിരിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ലോകവ്യാപാരകരാറുമായി ബന്ധപ്പെട്ട് അമേരിക്കയോ യൂറോപ്യന്‍ യൂണിയനുമായോ തടസങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ ലോക വ്യാപാര സംഘടനയെ ഇടപെടുത്തി പ്രശ്‌നം പരിഹരിക്കാന്‍ ബ്രിട്ടണാകും. എന്നാല്‍, വ്യോമയാനമേഖലയില്‍ ഇത് പറ്റില്ല. രാജ്യങ്ങള്‍ തമ്മിലുള്ള കരാറാണ് വ്യോമഗതാഗതത്തിന് ആധാരം.

ലോകവ്യാപാരകരാര്‍ ആവിഷ്‌കരിച്ചപ്പോള്‍ അമേരിക്ക, രാജ്യാന്തര വ്യോമമേഖല പരിധിയില്ലാതെ തുറന്നിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്നു ബ്രിട്ടണാണ് വ്യോമയാനമേഖലയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. അമേരിക്ക തങ്ങളുടെ കോളനികളില്‍ ആധിപത്യം സ്ഥാപിച്ചേക്കുമോയെന്ന ആശങ്കയാണ് ബ്രിട്ടണെ ഇത്തരമൊരാവശ്യത്തിലേക്ക് നയിച്ചത്. ബ്രിട്ടണ്‍ അത്തരത്തിലൊരു സ്വാര്‍ത്ഥത കാണിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് തങ്ങളുടെ എയര്‍ലൈന്‍ സര്‍വീസുകളെച്ചൊല്ലി ഇതു പോലെ പരിതപിക്കേണ്ടി വരില്ലായിരുന്നു.

Comments

comments

Categories: FK Special, Slider