ബിറ്റ്‌കോയിന്‍ ഭ്രമം അവസാനിക്കുന്നുവോ?

ബിറ്റ്‌കോയിന്‍ ഭ്രമം അവസാനിക്കുന്നുവോ?

മൂല്യമിടിഞ്ഞതോടെ ഡിജിറ്റല്‍ കറന്‍സിക്കു വേണ്ടിയുള്ള ഇന്റര്‍നെറ്റ് തിരച്ചിലുകള്‍ കുറഞ്ഞു

വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ തേടിയുള്ള ഇന്റര്‍നെറ്റ് തിരച്ചിലുകള്‍ക്ക് വര്‍ഷാദ്യത്തോടെ ലോകവ്യാപകമായി ഇടിവു സംഭവിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ബിറ്റ്‌കോയിനുകള്‍ക്ക് ഓണ്‍ലൈനില്‍ തിരയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണു കണ്ടെത്തിയിരിക്കുന്നത്. 2017 ഡിസംബര്‍ 17നു തുടങ്ങിയ ആഴ്ചയിലാണ് ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം പരമാവധി ഉയര്‍ച്ചയില്‍ എത്തിയത്. ബിറ്റ്‌കോയിന് 20,000 ഡോളറെന്ന നിലയിലായിരുന്നു അന്നത്തെ വില. ബിറ്റ് കോയിന്റെ മൂല്യം മാനം മുട്ടെ ഉയര്‍ന്നതോടെ ഇതില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. ചുരുങ്ങിയ സമയം കൊണ്ടാണ് ഇതിന്റെ മൂല്യം വര്‍ധിച്ചത്. മൂല്യവര്‍ധന പ്രതീക്ഷിച്ച് നിരവധി നവസംരംഭകര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മൂല്യം കുറയുന്നതു വരെ അവര്‍ നിക്ഷേപം തുടരുകയും ചെയ്തുവെന്ന് ഇതില്‍ നിന്നു മനസിലാക്കാം.

ഹിറ്റ്‌വൈസ് എന്ന ഗവേഷണസ്ഥാപനത്തിന്റെ വിലയിരുത്തല്‍ പ്രകാരം ബ്രിട്ടണില്‍ ബിറ്റ്‌കോയിന്‍ തിരച്ചിലില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം കുറവാണു സംഭവിച്ചിരിക്കുന്നത്. മൂന്നു ദശലക്ഷം ബ്രിട്ടീഷുകാരുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സംബന്ധിച്ച് ഗൂഗിള്‍, ബിംഗ്, ആപ്ലിക്കേഷന്‍ ഡേറ്റ എന്നിവയുടെ സഹായത്തോടെയാണ് സ്ഥാപനം ഗവേഷണം നടത്തിയത്. ബിറ്റ്‌കോയിന്റെ മൂല്യം ഡിസംബര്‍ 16ലെ 19,343 ഡോളറില്‍ നിന്ന് ഫെബ്രുവരി അഞ്ചിന് 6,914 ഡോളറിലേക്കാണ് ഇടിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നു തിരിച്ചുകയറിയ ബിറ്റ്‌കോയിന്റെ ഇന്നത്തെ മൂല്യം 8,500 ഡോളറാണ്. തിങ്കളാഴ്ചത്തെ മൂല്യത്തില്‍ നിന്ന് 25 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ബിറ്റ്‌കോയിനു മാത്രമല്ല ഇതര ക്രിപ്‌റ്റോ കറന്‍സികളായ ഇഥേറിയം, ലൈറ്റ്‌കോയിന്‍, ഡാഷ് എന്നിവയ്‌ക്കെല്ലാമുണ്ട് ഈ അപകടസാധ്യത. ഇതോടൊപ്പം, ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം കുതിച്ചുയരുന്നതിന് അടിസ്ഥാനമായ എന്തെങ്കിലുമുണ്ടോയെന്നും വിപണിയിലെ താല്‍ക്കാലിക പ്രവണതകള്‍ക്കനുസരിച്ചു മാത്രമുള്ള പ്രതിഭാസമാണോ അവയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് എന്ന ചോദ്യങ്ങളുമുയരുന്നു.

ഡിസംബറില്‍ ഹിറ്റ്‌വൈസ് പരിശോധനയില്‍ കണ്ടെത്തിയത് 2017-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിറ്റ്‌കോയിനു വേണ്ടിയുള്ള തെരിച്ചിലില്‍ 819 ശതമാനം ഉയര്‍ച്ച ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നത് ബിറ്റ്‌കോയിനു വേണ്ടിയുള്ള ആഗോള തിരച്ചില്‍ കഴിഞ്ഞ ഒക്‌റ്റോബറിനു ശേഷം ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നുവെന്നാണ്. ലോകവ്യാപകമായി ക്രിപ്‌റ്റോകറന്‍സികള്‍ക്കു വേണ്ടിയുള്ള അമിതാവേശത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിരിക്കുന്നുവെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്

മൂന്നാഴ്ച മുമ്പ് ബിറ്റ്‌കോയിന്‍ താരതമ്യേന സുസ്ഥിരമായ അവസ്ഥയിലൂടെയാണ് കടന്നു പോയിരുന്നത്. മൂല്യത്തിലെ ചാഞ്ചാട്ടത്തിന്റെ കാര്യമെടുത്താല്‍ ബിറ്റ്‌കോയിനിനെ ആശ്രയിക്കാനാകില്ലെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലുണ്ടായ മൂല്യവര്‍ധന അഭൂതപൂര്‍വ്വമായ നിരക്കിലാണ്. 2013 അവസാനം 100 ഡോളറില്‍ നിന്ന് 1000 ഡോളറായാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. ഇതിനേക്കാള്‍ അനേകമിരട്ടിയാണ് ഇന്നത്തെ മൂല്യം. മലയാളികളടക്കം നിരവധി പേര്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്തുന്നുണ്ട്. മൂല്യം ഉയരുംതോറും നിക്ഷേപകര്‍ ക്രിപ്‌റ്റോകറന്‍സി വാങ്ങിക്കൂട്ടുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്. രാജ്യങ്ങളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയമെന്ന ആശയമാണ് ബിറ്റ് കോയിന്‍ രൂപീകരിക്കാന്‍ കാരണം. രാഷ്ട്രീയ സാഹചര്യം മാറുന്നതിനനുസരിച്ച് സാധാരണ കറന്‍സികളുടെ മൂല്യം എപ്പോള്‍ വേണമെങ്കിലും ഇടിയാമെന്നിരിക്കെ ക്രിപ്‌റ്റോ കറന്‍സികളെ ഇത്തരം ഭീഷണികള്‍ അലട്ടില്ല. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പൗണ്ടിനുണ്ടായ കോട്ടവും ഉത്തര കൊറിയയിലെ തര്‍ക്കങ്ങള്‍ രാജ്യത്തെ പൗരന്മാരെ ലോകത്തിന്റെ മറ്റിടങ്ങളില്‍ നിക്ഷേപത്തിനു പ്രേരിപ്പിക്കുന്ന സാഹചര്യവുമൊക്കെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളിലെ കറന്‍സിയുടെ മൂല്യശോഷണത്തിന് ഉദാഹരണങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ ക്രിപ്‌റ്റോ കറന്‍സി സ്ഥിരതയാര്‍ന്ന ബദല്‍ സംവിധാനമാകുന്നു.

ബിറ്റ്‌കോയിനിന്റെ സ്വതന്ത്ര സ്വഭാവമാണ് പലരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വിശാല രാഷ്ട്രീയ താല്‍പര്യത്തിന്റെ പുറത്താണ് പലരും ബിറ്റ്‌കോയിന്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത്. അനിശ്ചിതത്വം നിറഞ്ഞ ലോകത്ത് ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം സര്‍ക്കാരുകള്‍ പരിമിതപ്പെടുത്തുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇന്ത്യയില്‍ സ്വര്‍ണംവാങ്ങിക്കൂട്ടുന്നതില്‍ നിന്ന് ജനങ്ങളെ നിരുല്‍സാഹപ്പെടുത്തുന്ന നിയമം ഈയിടെ ആവിഷ്‌കരിച്ചത് ഉദാഹരണം. എന്നാല്‍ ബിറ്റ്‌കോയിന്‍ ഒരു ആഗോള പ്രതിഭാസമാണ്. ഒരു രാജ്യത്തിനും ഇത് നിയന്ത്രിക്കാനാകില്ല. ഇതുപയോഗിച്ചുള്ള വ്യാപാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കാമെന്നു മാത്രം.

ബിറ്റ്‌കോയിന്‍ വിഭജനത്തിലൂടെ ഒരു വെല്ലുവിളി കാണാനായി. പണവുമായി കൂടുതല്‍ വിനിമയം സാധ്യമാക്കണമെന്നുള്ള വാദക്കാര്‍ ഒരു വശത്തും വേണ്ടെന്ന വാദക്കാര്‍ മറുവശത്തും അണിനിരന്നപ്പോഴാണ് വിഭജനം സംഭവിച്ചത്. ബിറ്റ് കോയിന് അതിനെ നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ മേധാവിത്തമില്ലാത്തതിനാല്‍ ഈ സംവിധാനത്തിന് മാറ്റം വരുത്തുന്ന ഏതു തീരുമാനവും ഉപയോക്താക്കളില്‍ നിന്ന് ആവശ്യമായ പിന്തുണ നേടി മുമ്പോട്ടുപോകാനുള്ള അടിത്തറ ഉറപ്പിക്കേണ്ടി വരുന്നു. ബ്ലോക്ക്‌ചെയിന്‍ എന്ന സംവിധാനമാണ് ക്രിപ്‌റ്റോകറന്‍സി വിനിയമയത്തില്‍ പാസ്ബുക്കായി കണക്കാക്കുന്നത്. ബിറ്റ്‌കോയിന്‍ ശൃംഖല ഇടപാടുകള്‍ ഉറപ്പിക്കുമ്പോള്‍ ബ്ലോക്കുകള്‍, ബ്ലോക്ക്‌ചെയിനിലേക്ക് ശേഖരിക്കപ്പെടുന്നു. ഇതിനു ഫ്രതിഫലമെന്നോണം ഇടപാടുകാര്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കുന്നു. ഇതിനെയാണ് മൈനിംഗ് എന്നു പറയുന്നത്. പുതുക്കിയ ബ്ലോക്ക് ചെയിന്‍ വിവരങ്ങള്‍ ഇടപാടുകാരുടെ കംപ്യൂട്ടറുകളിലേക്ക് തുടര്‍ച്ചയായി പകര്‍ത്തുന്നു.

ഹിറ്റ്‌വൈസ് എന്ന ഗവേഷണസ്ഥാപനത്തിന്റെ വിലയിരുത്തല്‍ പ്രകാരം ബ്രിട്ടണില്‍ ബിറ്റ്‌കോയിന്‍ തിരച്ചിലില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം കുറവാണു സംഭവിച്ചിരിക്കുന്നത്. ബിറ്റ്‌കോയിന്റെ മൂല്യം ഡിസംബര്‍ 16ലെ 19,343 ഡോളറില്‍ നിന്ന് ഫെബ്രുവരി അഞ്ചിന് 6,914 ഡോളറിലേക്കാണ് ഇടിഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നു തിരിച്ചുകയറിയ ബിറ്റ്‌കോയിന്റെ ഇന്നത്തെ മൂല്യം 8,500 ഡോളറാണ്. തിങ്കളാഴ്ചത്തെ മൂല്യത്തില്‍ നിന്ന് 25 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്‌

ഡിസംബറിലെ ബിറ്റ്‌കോയിന്‍ മൂല്യം കുത്തനെ ഇടിഞ്ഞ് ഫെബ്രുവരി 14-നും മാര്‍ച്ച് 11നും മിടയില്‍ 9,500 ഡോളറിനും 11,500 ഡോളറിനുമിടയില്‍ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്നു. ഡിസംബറില്‍ ഹിറ്റ്‌വൈസ് പരിശോധനയില്‍ കണ്ടെത്തിയത് 2017-ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബിറ്റ്‌കോയിനു വേണ്ടിയുള്ള തിരച്ചിലില്‍ 819 ശതമാനം ഉയര്‍ച്ച ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ നിന്നുള്ള ഡേറ്റ കാണിക്കുന്നത് ബിറ്റ്‌കോയിനു വേണ്ടിയുള്ള ആഗോള തിരച്ചില്‍ കഴിഞ്ഞ ഒക്‌റ്റോബറിനു ശേഷം ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നുവെന്നാണ്. ലോകവ്യാപകമായി ക്രിപ്‌റ്റോകറന്‍സികള്‍ക്കു വേണ്ടിയുള്ള അമിതാവേശത്തില്‍ ഗണ്യമായ കുറവു സംഭവിച്ചിരിക്കുന്നുവെന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗത്തില്‍ വലിയ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അവയിലുണ്ടായേക്കാവുന്ന വിഭജനങ്ങളും ഉപയോക്താക്കളില്‍ അല്‍പജ്ഞാനം വരുത്തുന്ന സങ്കീര്‍ണതകളും പരിഭ്രാന്തി സൃഷ്ടിച്ചേക്കാം. അതിനിടെ ഇനിഷ്യല്‍ കോയിന്‍ ഓഫറിംഗംസ് (ഐസിഒ) എന്ന പേരില്‍ പുതിയൊരു മേഖല തുറന്നതും ആശങ്കയ്ക്കു വഴിവെച്ചു. തുടക്കക്കാരായ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ക്രിപ്‌റ്റോകറന്‍സി ഉടമകളെ ഐസിഒ അനുവദിക്കുന്നു. ഇഥേറിയത്തോടാണു മിക്ക കമ്പനികള്‍ക്കും താല്‍പര്യം. എന്നാല്‍ ഐസിഒയ്‌ക്കെതിരേ നിരവധി അഴിമതി, ഹാക്കിംഗ് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമവിരുദ്ധ പണപ്പിരിവിന്റെ പേരില്‍ ചൈന ഐസിഒയെ നിരോധിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി ക്രിപ്‌റ്റോകറന്‍സി നിയന്ത്രണത്തിന് നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ വിഡ്ഢികളെ ആകര്‍ഷിക്കുന്ന കുമിളകള്‍ക്ക് ക്ലാസിക് ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കിന്റെ സാമ്പത്തികനയസമിതി രാജ്യത്തിന്റെ സാമ്പത്തിക അസ്ഥിരത സൃഷ്ടിച്ചേക്കാവുന്ന അപകടാവസ്ഥ സംബന്ധിച്ച പഠനം നടത്താനൊരുങ്ങുകയാണ്. ബിറ്റ് കോയിനിന് ഇന്ത്യയില്‍ അംഗീകാരമില്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കു പുറമെ ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നീ രാജ്യങ്ങളും ബിറ്റ്‌കോയിനുകളെക്കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

2008-ലെ സാമ്പത്തികമാന്ദ്യത്തിനു പിന്നാലെയാണ് ബിറ്റ് കോയിനുകള്‍ രംഗപ്രവേശം ചെയ്തത്. സാധാരണ പണത്തിന്റെ വിനിമയത്തിനു സമാനമാണ് ഇവ ഉപയോഗിച്ചുള്ള ഇടപാട്. എന്നാല്‍, സംഖ്യാകോഡുപയോഗിച്ചു രൂപപ്പെടുന്ന ഇവ സൈബര്‍ഇടത്തില്‍ മാത്രം നിലനില്‍പ്പുള്ളവയാണ്. ഇവ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാമെന്നു മാത്രമല്ല, ഇവയെ സാധാരണ കറന്‍സികളാക്കി മാറ്റിയെടുക്കാനുമാകും. ബാങ്കുകളുടെയോ രാഷ്ട്രങ്ങളുടെയോ നിയന്ത്രണം ഇവയ്ക്ക് ബാധകമല്ലെന്നതാണ് ഇവയെ സാധാരണ കണ്ടു വരുന്ന പണത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം. അജ്ഞാതനായിരുന്നു കൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഒരു കംപ്യൂട്ടര്‍ മൗസ്‌ക്ലിക്കിലൂടെയോ മൊബീല്‍ ഫോണ്‍ സന്ദേശത്തിലൂടെയോ ക്രിപ്‌റ്റോകറന്‍സികള്‍ കൈമാറ്റം ചെയ്യാം. ആരാലും ചോദ്യം ചെയ്യാത്ത വിധം എടിഎമ്മിലൂടെ ഇവ പണം കൊടുത്തു വാങ്ങിക്കാനുമാകും.

Comments

comments

Categories: FK Special, Slider