ഫ്രാന്‍സില്‍ 2000  തൊഴിലവസരങ്ങള്‍  വാഗ്ദാനം ചെയ്ത് ആമസോണ്‍

ഫ്രാന്‍സില്‍ 2000  തൊഴിലവസരങ്ങള്‍  വാഗ്ദാനം ചെയ്ത് ആമസോണ്‍

ബ്രിട്ടനും ജര്‍മനിയും കഴിഞ്ഞാല്‍  ആമസോണിന്റെ ഏറ്റവും വലിയ വിപണിയാണ് ഫ്രാന്‍സ്

പാരീസ്: ഫ്രഞ്ച് ടാക്‌സ് അതോറിറ്റിയുമായി നിലനിന്ന നികുതി തര്‍ക്കങ്ങള്‍ പരിഹരിച്ചതിനു പിന്നാലെ 2000 തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ആമസോണ്‍. ഇതോടെ 2018ല്‍ ആമസോണിലെ ആകെ ഫ്രഞ്ചുകാരായ സ്ഥിര ജീവനക്കാരുടെ എണ്ണം 7500 ആയി ഉയരും. ബ്രിട്ടനും ജര്‍മനിയും കഴിഞ്ഞാല്‍ ആമസോണിന്റെ ഏറ്റവും വലിയ വിപണിയാണ് ഫ്രാന്‍സ്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലും ഫ്രാന്‍സില്‍ ആമസോണ്‍ 10 ശതമാനം വളര്‍ച്ച നേടിയെന്ന് യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ആമസോണ്‍ യൂറോപ്പില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുവെന്നതില്‍ സംശയമില്ല. ഫ്രാന്‍സില്‍ സ്ഥിരമായി തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിവരികയാണ് കമ്പനി. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ഓപ്പറേറ്ററായ സിസ്റ്റം യുവുമായി പലവ്യഞ്ജന വിതരണ കരാറിന്റെ ചര്‍ച്ചകളും ആമസോണ്‍ തുടരുന്നു.

ഭക്ഷ്യ, ഗ്രോസറി ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹോള്‍ ഫുഡ്‌സിനെ കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഏറ്റെടുത്തിരുന്നു

2016 മുതല്‍ പാരീസില്‍ ആമസോണ്‍ പ്രൈം നൗ എക്‌സ്പ്രസ് ഡെലിവറി സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. രാജ്യത്ത് അഞ്ച് ലോജിസ്റ്റിക്‌സ് സെന്ററുകളുള്ള കമ്പനി ഈ വര്‍ഷം 1,42,000 സ്‌ക്വയര്‍ ഫീറ്റില്‍ പുതിയ ഒരു വെയര്‍ഹൗസ് കൂടി തുറക്കാന്‍ പദ്ധതിയുമിടുന്നു. ഭക്ഷ്യ, ഗ്രോസറി ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഹോള്‍ ഫുഡ്‌സിനെയും കഴിഞ്ഞ വര്‍ഷം ആമസോണ്‍ ഏറ്റെടുത്തിരുന്നു.

ഫ്രഞ്ച് നികുതി അധികാരികളുമായി ദീര്‍ഘകാലമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്നും ഫ്രാന്‍സിലെ ഉപഭോക്താക്കള്‍ക്ക് മികച്ച വാങ്ങല്‍ അനുഭവം പ്രദാനം ചെയ്യുകയാണ് മുഖ്യ ലക്ഷ്യമെന്നും ആമസോണ്‍ വ്യക്തമാക്കി. 2010 മുതലിങ്ങോട്ട് രണ്ട് ബില്യണ്‍ യൂറോയാണ് ഫ്രാന്‍സില്‍ നിക്ഷേപിച്ചതെന്നും 5500ലധികം സ്ഥിര ജോലികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy