തനിച്ചുള്ള യാത്രയില്‍ കരുതലോടെ ‘ വോവോയജ് ‘

തനിച്ചുള്ള യാത്രയില്‍ കരുതലോടെ ‘ വോവോയജ് ‘

ഇന്ത്യയിലേക്ക് എത്തുന്ന വിദേശ വനിതകളുടെ തനിച്ചുള്ള യാത്രയ്ക്ക് എല്ലാവിധ സഹായ സൗകര്യങ്ങളും ചെയ്യുന്ന ട്രാവല്‍ സംരംഭമാണ് വോവോയജ്. ഇതിനൊപ്പം ഇന്ത്യന്‍ വനിതകള്‍ക്കായി ആഭ്യന്തര, വിദേശ യാത്ര പാക്കേജുകളും ഇവര്‍ ഒരുക്കുന്നു

നമുക്ക് തോന്നുമ്പോള്‍ ബാഗ് പായ്ക്ക് ചെയ്ത് തനിച്ചൊരു യാത്ര… അതും ഇഷ്ടമുള്ള സ്ഥലത്തേക്ക്. ഈ സ്വപ്‌നം പണ്ട് പുരുഷന്‍മാരുടെ മാത്രം ട്രെന്‍ഡുകളിലൊന്നായിരുന്നു. കാലം മാറി, ഇന്ന് സ്ത്രീകള്‍ക്കുമുണ്ട് ഇത്തരം സ്വപ്‌നങ്ങള്‍, അവ യാഥാര്‍ത്ഥ്യമാക്കാന്‍ നിരവധി ട്രാവല്‍ സംരംഭങ്ങളും ഇന്ത്യയില്‍ സജീവമാകുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യയില്‍ വിദേശ, സ്വദേശ വനിതകളുടെ തനിച്ചോ, സംഘം ചേര്‍ന്നുള്ളതോ ആയ യാത്രകള്‍ സുരക്ഷിതമാക്കുന്ന ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് വോവോയജ്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഇന്ത്യയിലുണ്ട്. വിനോദസഞ്ചാരത്തെ ആഗോള തലത്തില്‍ പ്രോല്‍സാഹിക്കുന്നതിനും ബ്രാന്‍ഡ് ചെയ്യുന്നതിനുമായി ഇന്ത്യാ സര്‍ക്കാര്‍ 2002 ല്‍ പുറത്തിറക്കിയ Incredible India (അവിശ്വസനീയകരമായ ഇന്ത്യ) കാംപെയ്ന്‍ വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നടപ്പാക്കപ്പെട്ടത്. എന്നാല്‍ നമ്മുടെ നാട് കാണുന്നതിനായി എത്തുന്ന വിദേശ വനിതകള്‍ എത്രകണ്ട് സുരക്ഷിതരാണ് എന്നത് ഇന്നും ഒരു ചോദ്യമായി നിലനില്‍ക്കുന്നു. വിദേശ സഞ്ചാരികള്‍ നമ്മുടെ അതിഥികളാണെന്നും അതിഥി ദേവോ ഭവഃ എന്ന് ഇന്ത്യാക്കാരെ പറഞ്ഞു പഠിപ്പിക്കേണ്ടിവന്നിട്ടും അവര്‍ അത്രയൊന്നും സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് രശ്മി ഛദ്ദയുടെ വോവോയജ് (Wovoyage) മേഖലയിലേക്ക് കടന്നു വരുന്നത്. ഇന്ത്യയിലേക്ക് വിദേശ വനിതകളുടെ തനിച്ചുള്ള യാത്രയ്ക്ക് എല്ലാവിധ സഹായ സൗകര്യങ്ങളും ചെയ്യുന്ന ട്രാവല്‍ സംരംഭമാണ് വോവോയജ്. വിദേശ വനിതകള്‍ക്ക് ഇന്ത്യയില്‍ യാത്രാ സഹായം ഒരുക്കുന്നതിനൊപ്പം ഇന്ത്യയിലെ വനിതകള്‍ക്കായി ആഭ്യന്തര, വിദേശ ടൂര്‍ പാക്കേജുകളും ഈ സംരംഭം ഏറ്റെടുത്തു നടത്തുന്നുണ്ട്.

യാത്രയിലെ സുരക്ഷ ഉറപ്പാക്കി വോവോയജ്

ഒറ്റയ്ക്കുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും ഏറെ മുന്‍കരുതലുകള്‍ വേണ്ടിവരും. രാത്രി സമയത്തെ യാത്ര, സുരക്ഷിതമായ ഹോട്ടല്‍, മറ്റ് യാത്രാ സൗകര്യങ്ങള്‍ എന്നിങ്ങനെ ആശങ്കകളുണ്ടാക്കുന്ന നിരവധി ഘടകങ്ങള്‍ അവര്‍ക്കു മുന്നിലുണ്ടാകും. ഇവയെല്ലാം കൃത്യമായി, സുരക്ഷിതമായി തയാറാക്കാനും ടൂര്‍ഗൈഡുകളെ ഏര്‍പ്പെടുത്തി യാത്ര അവിശ്വസനീയമാക്കാനും വോവോയജ് സഹായിക്കുന്നു. ബജറ്റിന് ഇണങ്ങുന്ന യാത്രകളാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ത്രീകളുടെ സമയത്തിനും അവര്‍ ചെലവഴിക്കുന്ന പണത്തിനും കൃത്യമായ മൂല്യം കല്‍പ്പിക്കുന്ന സ്ഥാപനമാണ് തന്റേതെന്ന് സ്ഥാപനത്തിന്റെ സ്ഥാപകയും സിഇഒയും ആയ രശ്മി ഛദ്ദ പറയുന്നു. വനിതകളുടെ യാത്രയെ പിന്തുണച്ചുകൊണ്ടും അവ സുരക്ഷിതമാക്കിക്കൊണ്ടും ഇന്ത്യയിലെ കാഴ്ചകള്‍ തികച്ചും അവിശ്വസനീയമാക്കാനാണ് തന്റെ ശ്രമമെന്നും ഈ മുപ്പത്തിരണ്ടുകാരി വെളിപ്പെടുത്തുന്നു.

സഞ്ചാരികളുടെ ഏതാവശ്യത്തിനും 24/7 മാനേജര്‍മാരുടെ സേവനം വോവോയജിലുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക ഹോട്ടല്‍, ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പാടാക്കുന്നു. വിവിധ വിദേശ ഭാഷാ ഗൈഡുകള്‍, ഡെല്‍ഹി- ആഗ്ര കാര്‍ പൂളിംഗ് സൗകര്യം, ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍, ഷോപ്പിംഗ് എന്നിവയില്‍ കൃത്യതയാര്‍ന്ന മാര്‍ഗനിര്‍ദേശവും നല്‍കുന്നുണ്ട്

സഞ്ചാരികളുടെ ഏതാവശ്യത്തിനും 24/7 മാനേജര്‍മാരുടെ സേവനം വോവോയജിലുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക ഹോട്ടല്‍, ഹോസ്റ്റല്‍ സൗകര്യങ്ങളും ഇവര്‍ ഏര്‍പ്പാടാക്കുന്നു. ഡെല്‍ഹി- ആഗ്ര കാര്‍ പൂളിംഗ് സൗകര്യം, ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍, ഷോപ്പിംഗ് എന്നിവയില്‍ കൃത്യതയാര്‍ന്ന മാര്‍ഗനിര്‍ദേശം നല്‍കുന്നതിനു പുറമെ നിരവധി ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകളും ഇവിടെ ലഭ്യമാണ്.

സ്ത്രീ സൗഹാര്‍ദ്ദപരമായ യാത്രകള്‍

2016ല്‍ തുടക്കമിട്ട ഈ സംരംഭം കോര്‍പ്പറേറ്റ് ബുക്കിംഗും സോളോ ട്രാവലുകളുമടക്കം ഇതിനോടകം 207 ട്രിപ്പുകള്‍ വിജകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോവോയജിന്റെ വെബ്‌സൈറ്റ് വഴിയാണ് യാത്രകള്‍ ഏറെയും ബുക്ക് ചെയ്യപ്പെടാറുള്ളത്. വിദേശത്തു നിന്നു വരുന്നവരുടെ ഭാഷകളും വിഭിന്നമായതിനാല്‍ ഈ പ്രശ്‌നത്തിനും രശ്മി കൃത്യമായ പരിഹാരം നടപ്പാക്കിയിട്ടുണ്ട്. ഭാഷാസ്‌കൂളുമായി ചേര്‍ന്ന് രശ്മി നടത്തുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലൂടെ റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളെ ടൂര്‍ ഗൈഡുമാരായി നിയമിച്ചാണ് തനിച്ചെത്തുന്ന വിദേശ വനിതകളുമായുള്ള ആശയവിനിമയവും യാത്രാസൗകര്യങ്ങളും ഇവിടെ ഒരുക്കുന്നത്. ”ഡെല്‍ഹിയിലെ തിരക്കേറിയ ചാന്ദ്‌നി ചൗക്ക് വീഥിയുടെ ഓരോ മുക്കും മൂലയിലും വിദേശ സഞ്ചാരികളെ പരിചയപ്പെടുത്താന്‍ ഒരു റിക്ഷാ ഡ്രൈവറെയും വോവോയജിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപനവുമായി ഏറെ അടുപ്പമുള്ളവരെ ഏര്‍പ്പാടാക്കിയിരിക്കുന്നതില്‍ യാത്രാ പാക്കേജുകള്‍ സുരക്ഷിതവും ഈസിയുമായി നടത്താന്‍ സാധിക്കുന്നുണ്ട് ”, രശ്മി പറയുന്നു. ഇന്ന് നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ ട്രാവല്‍ സംരംഭത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു.

ഡെല്‍ഹിയിലെ പഹര്‍ഗഞ്ചിലും ജപ്പാനിലെ ടോക്കിയോവിലും നിലവില്‍ വോവോയജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ സൗഹാര്‍ദ്ദ യാത്രാ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനും വോവോയജ് ലക്ഷ്യമിടുന്നു

കുട്ടിക്കാലത്ത് യാത്രകള്‍ക്ക് കൂട്ടായത് അമ്മ

ചെറുപ്പത്തില്‍ രശ്മിയിലെ യാത്രാ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിരിയിച്ചത് അമ്മ സുനിത ഛദ്ദയാണ്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം നിരവധി യാത്രകള്‍ കുട്ടിക്കാലത്ത് നടത്തിയിരുന്ന രശ്മി, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയും മാര്‍ഗനിര്‍ദേശിയും അമ്മയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. നടുറോഡില്‍ കാറിലെത്തിയ ഒരു സംഘം റൗഡികള്‍ ശല്യം ചെയ്ത പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ കൊല്ലപ്പെടുകയായിരുന്നു രശ്മിയുടെ മാതാവ്. ജീവിതത്തില്‍ ദുരന്തങ്ങള്‍ ഏറെയുണ്ടെങ്കിലും തന്റെ സംരംഭത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് മതിയായ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ സദാ സന്നദ്ധയാണ് ജോര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ബിരുദധാരി കൂടിയായ രശ്മി. ” ഈ സംരംഭത്തിലൂടെ വിവിധ നാടുകളില്‍ നിന്നുള്ള വിവിധ മനോഭാവമുള്ളവരെ പരിചയപ്പെടാനുള്ള അവസരമുണ്ട്. ചിലപ്പോള്‍ സമാന സ്വഭാവമുള്ളവരെയും കണ്ടുമുട്ടുന്നു. എന്നും പുതിയ ആളുകളെയാണ് പരിചയപ്പെടുന്നത്. ഇത്തരത്തില്‍ കണ്ടുമുട്ടിയ സമാന ചിന്താഗതിക്കാരായ പലരും വോവോയജിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനും തയാറാകുന്നത് വലിയ കാര്യമാണ്. എന്റെ സംരംഭത്തിലൂടെ നിരവധി ആളുകളുടെ അനുബന്ധ ബിസിനസുകള്‍ വിജകരമാകുന്നുമുണ്ട്. അതിലാണ് വോവോയജിന്റെ ശരിയായ വിജയം” , രശ്മി പറയുന്നു. യുവ സംരംഭക എന്നതിനപ്പുറം ശ്രദ്ധേയയായ ഒരു മോഡലിംഗ് താരവുമാണ് രശ്മി.

ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ സംരംഭം

സംരംഭം തുടങ്ങി രണ്ടു വര്‍ഷം കൊണ്ടുതന്നെ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ വോവോയജിനു കഴിഞ്ഞിട്ടുണ്ട്. നിരവധി സോളോ ട്രാവലറുകളുമായും എംബസിയുമായും അവര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കുള്ളില്‍ 45 ലക്ഷം രൂപയുടെ ടേണോവര്‍ കമ്പനിക്കു നേടാനായതായും രശ്മി പറയുന്നു. ഡെല്‍ഹിയിലെ പഹര്‍ഗഞ്ചിലും ജപ്പാനിലെ ടോക്കിയോവിലും നിലവില്‍ വോവോയജ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ സൗഹാര്‍ദ്ദ യാത്രാ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാനും ഈ യുവ സംരംഭക പദ്ധതിയിടുന്നുണ്ട്.

Comments

comments