വായ്പയെടുത്ത്  മുങ്ങുന്നവരോട്  വിട്ടുവീഴ്ച്ച പാടില്ല

വായ്പയെടുത്ത്  മുങ്ങുന്നവരോട്  വിട്ടുവീഴ്ച്ച പാടില്ല

50 കോടി രൂപയുടെ മുകളില്‍ വായ്പയെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരക്കാര്‍ രാജ്യം വിടുന്നത് തടയാന്‍ ഇതുപകരിക്കും

പൊതുമേഖല ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് മുങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ക്രമാതീതമായ തുകയുടെ തട്ടിപ്പ് നടത്തി ഇവര്‍ രാജ്യം വിട്ടുകൊണ്ടിരിക്കുമ്പോഴാണ് വായ്പയുടെ പേരിലും മറ്റും കര്‍ഷകരുള്‍പ്പെട്ട സാധാരണക്കാര്‍ രാജ്യത്ത് ദുരിതത്തിലകപ്പെടുന്നതും. വളരെ സങ്കീര്‍ണമായ അവസ്ഥയാണിത് ഇന്ത്യ പോലൊരു സമൂഹത്തിലുണ്ടാക്കുന്നത്. എങ്ങനെയാണ് ഇത്രയും വലിയ തുകകളുടെ തട്ടിപ്പ് നടത്താന്‍ ബിസിനസുകാര്‍ എന്ന് നടിക്കുന്ന ഇവര്‍ക്ക് സാധിക്കുന്നതെന്നത് കാര്യമായി വിലയിരുത്തപ്പെടണം. പൊതുമേഖല ബാങ്കുകളുടെ നടത്തിപ്പിലെ കാര്യശേഷിയില്ലായ്മ തന്നെയാണ് ഇതിന് പ്രധാന കാരണം. അതിനെ പൂര്‍ണമായും രാഷ്ട്രീയമുക്തമാക്കി, പ്രൊഫഷണലിസം കൊണ്ടുവന്നാല്‍ മാത്രമേ ഈ തട്ടിപ്പുകള്‍ക്ക് വിരാമമാകൂ.

എന്തായാലും 50 കോടി രൂപയ്ക്ക് മുകളില്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കിയ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹമാണ്. തട്ടിപ്പുകാര്‍ രാജ്യം വിട്ടുപോകുന്നത് തടയാന്‍ ഇത് കുറച്ചെങ്കിലും സഹായിക്കും. യഥാസമയത്ത് തട്ടിപ്പുകാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കാനും അവരുടെ രക്ഷപ്പെടല്‍ തടയാനും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ബാങ്കിന്റെ കൈവശമുള്ളത് സഹായിക്കും.

50 കോടി രൂപയ്ക്ക് മേല്‍ വായ്പയെടുക്കാനെത്തുന്ന പുതിയ ഉപഭോക്താക്കള്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടിവരും. നിലവില്‍ 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്തവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ 45 ദിവസത്തിനകം ശേഖരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ജതിന്‍ മെഹ്ത തുടങ്ങിയ വമ്പന്‍ തട്ടിപ്പ് വീരന്മാരെല്ലാം സുഗമമായി ഇന്ത്യ വിട്ടുപോയത് ഇത്തരത്തിലുള്ള ഒരു സംവിധാനം നിലവിലില്ലാത്തതിനെതുടര്‍ന്നായിരുന്നു. വിജയ് മല്ല്യ കടന്നുകളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ ഇതെല്ലാം ചിന്തിക്കണമായിരുന്നു. എങ്കില്‍ നീരവ് മോദി കടല്‍ കടന്ന് ഇന്ത്യയെ വെല്ലുവിളിച്ച് വിലസില്ലായിരുന്നു.

ബാങ്കുകളുടെ കിട്ടാക്കടം പരിഹരിക്കുന്നതിലും സാധാരണക്കാരെ മണ്ടന്മാരാക്കി വന്‍കിട ബിസിനസുകാര്‍ തട്ടിപ്പ് നടത്തുന്ന ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമായുള്ള മോശം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിലും കാര്യമായ എന്തെങ്കിലും ചെയ്യാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇന്ത്യയുടെ ബാങ്കിംഗ് രംഗം ശുദ്ധീകരിക്കപ്പെടൂ. രാഷ്ട്രീയ സ്വാധീനമുള്ള വന്‍കിട ബിസിനസുകാരന് ആവശ്യത്തിലധികം വായ്പ എഴുതിക്കൊടുക്കുന്ന രീതികള്‍ക്ക് അവസാനം കുറിക്കണം. പൊതുമേഖല ബാങ്കുകള്‍ ഭാഗികമായെങ്കിലും സ്വകാര്യവല്‍ക്കരിക്കുന്നതാണ് ഇതിന് നല്ലത്. അല്ലെങ്കില്‍ വന്‍തോതില്‍ വായ്പ ലഭിക്കുന്നതും സ്വാധീനമുണ്ടെങ്കില്‍ അത് തിരിച്ചടയ്ക്കാതിരിക്കുന്നതും ആവര്‍ത്തിക്കും. അതിനുശേഷം പ്രതിസന്ധിയിലാകുന്ന പൊതുമേഖല ബാങ്കുകളെ രക്ഷിക്കാനെന്ന് പറഞ്ഞ് കേന്ദ്രത്തിന് മുടക്കേണ്ടിവരുന്നതാകട്ടെ വന്‍ തുകയും. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ പൊതുമേഖല ബാങ്കുകള്‍ക്കായി നല്‍കേണ്ടിവന്നത് 1.5 ലക്ഷം കോടി രൂപയാണെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെയാണ് ഇപ്പോഴത്തെ അധികമൂലധന പ്രക്രിയ. ഭാഗികമായുള്ള സ്വകാര്യവല്‍ക്കരണത്തിലൂടെ ബാങ്കുകളെ പ്രൊഫഷണല്‍വല്‍ക്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമോ എന്ന കാര്യം വ്യക്തമല്ല. നീരവ് മോദി തട്ടിപ്പിനെ തുടര്‍ന്ന് പൊതുമേഖല ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തള്ളിക്കളഞ്ഞതും പ്രസക്തമാണ്. എന്തായാലും നിലവിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കില്‍ നീരവ് മോദിമാരും വിജയ് മല്ല്യമാരും എല്ലാം ഇനിയും രാജ്യം വിടും. അതില്‍ സംശയമൊന്നുമില്ല.

Comments

comments

Categories: Editorial, Slider