ഇത് സ്വപ്‌നസാഫല്യം… സിഇഒ പദവിയില്‍ തിളങ്ങി 22കാരി

ഇത് സ്വപ്‌നസാഫല്യം… സിഇഒ പദവിയില്‍ തിളങ്ങി 22കാരി

കോളെജ് പഠനകാലത്ത് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഗീതു ശിവകുമാര്‍ ഇന്ന് കേരളത്തിലെ പ്രായം കുറഞ്ഞ സിഇഒമാരില്‍ ഒരാളാണ്. തിരുവനന്തപുരം ആസ്ഥാനമായ പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐടി കമ്പനിയാണ് ഈ യുവ സംരംഭക പടുത്തുയര്‍ത്തിയിരിക്കുന്നത്

സ്റ്റാര്‍ട്ടപ്പ് രംഗത്തേക്ക് ചെറുപ്പക്കാരായ യുവതീയുവാക്കള്‍ കടന്നുവരുന്നത് ഇന്ന് സര്‍വസാധാരണമാണ്.
എന്നാല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍ തന്നെ ഒരു സംരംഭക ആവുക എന്നത് അത്ര ചെറിയ വിഷയമല്ല. തിരുവനന്തപുരം സ്വദേശിയായ ഗീതു ശിവകുമാര്‍ തന്റെ പത്തൊമ്പതാം വയസിലാണ് സംരംഭക സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ചെറുപ്രായത്തിലേയുള്ള കംപ്യൂട്ടര്‍ ലോകവും സാങ്കേതിക വിദ്യയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഈ പെണ്‍കുട്ടിയെ ഇന്ന് സിഇഒ പദവിയിലെത്തിച്ചിരിക്കുന്നത്.

ഗീതുവിന്റെ സ്വപ്നങ്ങള്‍ക്ക് പ്രായമൊരു തടസമായില്ല. സ്വന്തമായി ഒരു സംരംഭം കെട്ടിപ്പടുക്കുക എന്നത് വളരെ ചെറുപ്പം മുതല്‍ക്കെ ഉണ്ടായിരുന്ന ആഗ്രഹമാണ്.ഇന്ന് ഐടി മേഖലയില്‍ നിരവധി ഉന്നതസേവനങ്ങള്‍ നല്‍കുന്ന പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ്എന്ന കമ്പനിയുടെ സിഇഒ ആണ് 22 കാരിയായ ഗീതു. കേരളത്തില്‍ മാത്രം സേവനം ഒതുക്കാതെ ശ്രീലങ്ക, സിംഗപ്പൂര്‍ തുടങ്ങി അഞ്ച് രാജ്യങ്ങളില്‍ കൂടി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപി
പ്പിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍.

പഠിത്തത്തിനൊപ്പം സ്റ്റാര്‍ട്ടപ്പ് സംരംഭക

തിരുവനന്തപുരത്തെ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളെജില്‍ ബിടെക് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് ഗീതു ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകയായി മാറിയത്. കോളെജ് വഴി ആരംഭിച്ച സ്റ്റാര്‍ട്ടപ്പായാണ് പേസ് ഹൈടെക്കിന്റെ തുടക്കം.തുടക്കത്തില്‍ വെബ്,മൊബീല്‍ ആപ്ലിക്കേഷന്‍ എന്നീ സേവനങ്ങളാണ് കമ്പനി ചെയ്തത്.അതിനായുള്ള പ്രചോദനം നല്‍കിയതാവട്ടെ ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ജെ രാജ്‌മോഹന്‍ പിള്ളയും. മേഖലയില്‍ ഇന്നു തനിക്ക് എന്തെങ്കിലുമൊക്കെ ആകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ അദ്ദേഹത്തിന് വലിയൊരു പങ്കുണ്ടെന്നും ഗീതു പറയുന്നു. കോളെജില്‍ നടന്ന ഒരു പരിപാടിക്കിടയിലാണ് ആ കൊച്ചുമിടുക്കി ആദ്യമായി രാജ്‌മോഹന്‍ പിള്ളയുമായി സംസാരിച്ചത്. ഗീതു തന്റെ ബിസിനസ് പ്ലാനുകള്‍ അദ്ദേഹവുമായി പങ്കുവെച്ചു. രാജ്‌മോഹന്‍ പിള്ള ബീറ്റ ഗ്രൂപ്പിന്റെ ചില ഐടി പ്രവര്‍ത്തനങ്ങള്‍ ഗീതുവിനെ ഏല്‍പ്പിക്കാനിടയായതാണ്  അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.ബിസിനസില്‍ ഗീതുവിന്റെ റോള്‍ മോഡലും രാജ്‌മോഹന്‍ തന്നെ. ഗീതുവിന് പരിപൂര്‍ണ പിന്തുണയുമായി ആച്ഛന്‍ ശിവകുമാറും അമ്മ സുജാകുമാരിയും ഒപ്പമുണ്ട്‌.

ഞാന്‍ കണ്ട സ്വപ്‌നം നേടിയെടുക്കാന്‍ ഇന്ന് കഴിയുന്നുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അനുയോജ്യമായ സമയത്ത് ചെയ്തു തുടങ്ങണം, മാറ്റിവെക്കാന്‍ പാടില്ല. പിന്നീടുള്ളതെല്ലാം അനുകൂലമായി വന്നുകൊള്ളും

ഗീതു ശിവകുമാര്‍

സിഇഒ
പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡ്

നേട്ടങ്ങളുടെ നെറുകയില്‍

എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷത്തിലാണ് സംരംഭക എന്ന നിലയിലേക്കുള്ള ഗീതുവിന്റെ ചുവടുമാറ്റം. കുടുംബവും സുഹൃത്തുക്കളും അധ്യാപകരും ഒപ്പം നിന്നതോടു കൂടി മറിച്ചൊരു ചിന്തയുണ്ടായില്ല.

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്ന ഗീതു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോള്‍  കേരളത്തിലെ മികച്ച വെബ് ഡെവലപ്പര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്‌. ആ മല്‍സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു വെബ് ഡെവലപ്പ്‌മെന്റ  പഠിച്ചത്. അവാര്‍ഡ് കിട്ടിയതിന്റെ്‌ അടിസ്ഥാനത്തില്‍ പ്ലസ്ടുവിന് പഠിക്കവേ ജപ്പാനിലേക്കുള്ള സംഘത്തില്‍ ഇന്ത്യന്‍ അംബാസഡറായി പോകാനും ഈ മിടുക്കിക്ക് സാധിച്ചു. പിന്നീട് ഫ്രീലാന്‍സ് ജോലിയുമായി ബന്ധപ്പെട്ടു നിരവധി പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും ഗീതുവിന് അവസരം ലഭിച്ചു.

കൂട്ടുകാരും സമപ്രായക്കാരും പഠനശേഷം എന്തുചെയ്യണമെന്ന്  ചിന്തിച്ചിരിക്കുേമ്പാള്‍ ഗീതുവിന് പറയാനുള്ളത് ലോക വിപണിയെകുറിച്ചാണ്. തുടക്കത്തില്‍ രണ്ട്‌ സുഹൃത്തുക്കള്‍  മാത്രമാണ്  സ്ഥാപനത്തില്‍ ഒപ്പമുണ്ടായിരുന്നത്.  ഇന്ന് ഇരുപതോളം ജോലിക്കാരെ ഒറ്റയ്ക്ക് നിയന്ത്രിക്കുന്നത് ഈ വട്ടിയൂര്‍ക്കാവുകാരിയാണ്‌.  ആ കരുത്തിന് പ്രായം ഒരു പ്രശ്‌നമേയല്ല. വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ്‌ , ബിസിനസ് കണ്‍സള്‍ട്ടിംഗ്, സോഫ്റ്റ് വെയര്‍ മാനേജ്‌മെന്റ്‌ , ഐടി സേവനങ്ങള്‍ എന്നിവയാണ് തിരുവനന്തപുരം
കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രധാന സേവനങ്ങള്‍. കൂടുതല്‍ സേവനങ്ങളിലേക്ക് കടക്കാനും പദ്ധതികളുണ്ട്‌.

ഇന്ത്യയ്ക്കപ്പുറത്തേക്കു ചിറകു വിരിക്കുന്ന തന്റെ സ്ഥാപനത്തെ മുന്‍ നിരയില്‍ നിന്നു നയിക്കുമ്പോഴും ബിസിനസിനു പുറമേ സംഗീതത്തിലും മിടുക്കിയാണ് ഈ താരം. നാലാം ക്ലാസ്മുതല്‍ പഠിച്ചു തുടങ്ങിയ വയലിന്‍ വായന ഏത് തിരക്കിലും മുറുകെ പിടിക്കാനും ശ്രദ്ധ ചെലത്തുന്നുണ്ട്‌

Comments

comments