സൗദിയിലെ ഓട്ടൊ മേഖലയെ ഉടച്ചുവാര്‍ക്കും വനിതകള്‍

സൗദിയിലെ ഓട്ടൊ മേഖലയെ ഉടച്ചുവാര്‍ക്കും വനിതകള്‍

2025 വരെ കാര്‍ വില്‍പ്പനയിലുണ്ടാകുന്ന വാര്‍ഷികവളര്‍ച്ചാ നിരക്ക് 9 ശതമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ ഓട്ടൊമൊബീല്‍ മേഖലയെ ആകെ ഉടച്ചുവാര്‍ക്കാനുള്ള തയാറെടുപ്പിലാണ് വനിതകള്‍. സുപ്രധാനമായ തീരുമാനത്തിലൂടെ സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് വിലക്ക് നീക്കിയ ഭരണകൂടത്തിന്റെ നടപടി മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിക്കുന്നത്. 2020 ആകുമ്പോഴേക്കും സൗദിയിലെ സ്ത്രീകളില്‍ 20 ശതമാനവും ഡ്രൈവ് ചെയ്യുമെന്നാണ് പിഡബ്ല്യുസി മിഡില്‍ ഈസ്റ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് മൂന്ന് ദശലക്ഷം വനിതകള്‍ പുതുതായി ഡ്രൈവ് ചെയ്യുമെന്ന് സാരം. ഇതിന് ആനുപാതികമായി വന്‍ വളര്‍ച്ചയാകും വാഹനങ്ങളുടെ വില്‍പ്പനയിലുമുണ്ടാകുക.

വിമെന്‍ ഡ്രൈവിംഗ് ദ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫ് കെഎസ് ഓട്ടൊമോട്ടിവ് മാര്‍ക്കറ്റ് എന്ന പേരിലാണ് പിഡബ്ല്യുസി പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. വനിതകളുടെ ഡ്രൈവിംഗ് വിലക്ക് നീക്കിയ രാജകീയ ഉത്തരവ് സൗദിയില്‍ പുതിയ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അടിസ്ഥാനസൗകര്യമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് വഴിവെക്കും. ഇന്‍ഷുറന്‍സ് വരുമാനം കൂട്ടും. ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ധനവുണ്ടാകും. ഓട്ടോ മേഖലയില്‍ പുതിയൊരു സംസ്‌കാരത്തിന് തന്നെ വഴിവെക്കും-റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളവരാണ് സൗദി വനിതകള്‍. അവര്‍ ഇനി ഓട്ടോ മേഖലയുടെയും ഭാഗദേയം നിര്‍ണയിക്കുകയാണ്-പിഡബ്ല്യുസി സൗദി അറേബ്യ ഫിനാന്യഷ്യല്‍ സര്‍വീസസ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് ലീഡര്‍ ഹല കുദ്വ പറഞ്ഞു.

കാര്‍ലീസിംഗ് വ്യവസായത്തിലും വന്‍കുതിപ്പുണ്ടാകും. മോട്ടോര്‍ ഇന്‍ഷുറന്‍സ് വിപണി 9 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2020 ആകുമ്പോഴേക്കും എട്ട് ബില്ല്യണ്‍ ഡോളറിലെത്തും

സൗദി അറേബ്യയിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ എണ്ണത്തില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറുന്നത്. ഇതിലൂടെ വനിതകള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

കാര്‍ വില്‍പ്പന മുതല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് വരെയുള്ള രംഗങ്ങളില്‍ വനിതകള്‍ സുപ്രധാന ഘടകമാകും. 2025 വരെ കാര്‍ വില്‍പ്പനയില്‍ ഒമ്പത് ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകളെ മുന്‍നിര്‍ത്തി പിഡബ്ല്യുസി ചൂണ്ടിക്കാണിക്കുന്നത്. കാര്‍ലീസിംഗ് വ്യവസായത്തിലും വന്‍കുതിപ്പുണ്ടാകും. മോട്ടോര്‍ ഇന്‍ഷുറന്‍സ് വിപണി 9 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2020 ആകുമ്പോഴേക്കും എട്ട് ബില്ല്യണ്‍ ഡോളറിലെത്തും.

Comments

comments

Categories: Arabia