സൗദി അരാംകോ ഐപിഒ 2019ലേക്ക് നീളും

സൗദി അരാംകോ ഐപിഒ 2019ലേക്ക് നീളും

ഊര്‍ജ്ജ മന്ത്രി ഖാലിത് അല്‍ ഫാലിഹ് ആണ് ലോകം കാത്തിരിക്കുന്ന ഐപിഒ ഇനിയും നീളുമെന്ന് പ്രഖ്യാപിച്ചത്

റിയാദ്: സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) 2019ലേക്ക് നീളും. ഊര്‍ജ്ജ മന്ത്രി ഖാലിത് അല്‍ ഫാലിഹ് ആണ് ലോകം കാത്തിരിക്കുന്ന ഐപിഒ ഇനിയും നീളുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത് ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഉണ്ടാകുമെന്നാണ്.

2018ല്‍ തന്നെ ഐപിഒ ഉണ്ടാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അമിന്‍ നാസര്‍ അടുത്തിടെയും വ്യക്തമാക്കിയിരുന്നു. ഏതെല്ലാം വിദേശ ഓഹരി വിപണികളിലായിരിക്കും കമ്പനി ലിസ്റ്റ് ചെയ്യുകയെന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം നേരത്തെ ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അരാംകോയുടെ അഞ്ച് ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. ഐപിഒ 2018ല്‍ തന്നെ നടക്കുമെന്ന കാര്യം നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും എന്നാല്‍ ആരെല്ലാം ഐപിഒയില്‍ പങ്കെടുക്കുമെന്നോ ഏതെല്ലാം വിപണികളിലാണ് എണ്ണ ഭീമന്‍ ലിസ്റ്റ് ചെയ്യപ്പെടുകയെന്നോ ഉള്ള കാര്യത്തില്‍ മാത്രമേ വ്യക്തത വരാനുള്ളൂ എന്നുമായിരുന്നു അറേബ്യന്‍ മാധ്യമങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതിനിടയിലാണ് സൗദി മന്ത്രിയുടെ അപ്രതീക്ഷിത പ്രസ്താവന.

ഐപിഒയിലൂടെ 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. കമ്പനിക്ക് രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമെങ്കിലും കല്‍പ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ

സൗദി അരാംകോയുടെ ഐപിഒയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സുഗമമായി മുന്നേറുകയാണ്. 2018ല്‍ തന്നെ ഐപിഒ നടക്കുംഈ സന്ദേശമായിരുന്നു സൗദി അറേബ്യയുടെ ഡെവോസ് ഇന്‍ ദി ഡെസേര്‍ട്ട് എന്ന പേരില്‍ അരങ്ങേറിയ നിക്ഷേപക സംഗമത്തില്‍ അധികൃതര്‍ പറഞ്ഞത്.

ഐപിഒയുടെ വലുപ്പം ഇതുവരെ വ്യക്തമല്ല. ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന ആകും ഇതെന്നാണ് നിക്ഷേപകരും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും വിലയിരുത്തുന്നത്. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ നട്ടെല്ലാണ് അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന. ഇതിന്റെ മുഖ്യ ചുമതലക്കാരനാകട്ടെ രാജ്യത്തിന്റെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനും.

സൗദിയുടെ വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഐപിഒയുടെ പ്രധാന ഉദ്ദേശ്യം. ഇതില്‍ നിന്നും സമാഹരിക്കുന്ന വന്‍തുക സൗദിയുടെ സമ്പദ് വ്യവസ്ഥയെ എണ്ണയുഗത്തില്‍ നിന്നും ടെക്‌നോളജി അധിഷ്ഠിത യുഗത്തിലേക്ക് മാറാന്‍ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ.

റിയാദിലെ ആഭ്യന്തര വിപണിയായ തഡാവുളിലും ചില വിദേശ ഓഹരി വിപണികളിലും ഐപിഒ നടക്കുമെന്നാണ് വിവരം. എന്നാല്‍ ഏതെല്ലാം വിദേശവിപണികളിലാണ് ഓഹരി വില്‍പ്പന നടക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം.

വിപുലീകരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താനും സൗദി അരാംകോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ നിക്ഷേപമാണ് അവര്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പടെ നിരവധി വിപണികള്‍ അരാംകോയുടെ ഐപിഒയ്ക്കായി മത്സരത്തിനുണ്ട്. യുകെയുമായി സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ മികച്ച ബന്ധവും കാത്തുസൂക്ഷിക്കുന്നുണ്ട്. അതിംഗഭീരമായ സ്വീകരണമായിരുന്നു യുകെ സന്ദര്‍ശിച്ച പ്രിന്‍സ് മൊഹമ്മദിന് ബ്രിട്ടന്‍ നല്‍കിയത്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തിക്കുന്നതിനായി സ്റ്റോക് എക്‌സ്‌ചേഞ്ച് അധികൃതര്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ന്യൂയോര്‍ക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍, ടോക്ക്യോ, ടൊറോന്റോ തുടങ്ങിയ ഓഹരി വിപണികളും സൗദി അരാംകോയുടെ ഐപിഒ നേടിയെടുക്കാന്‍ മത്സരിക്കുന്നുണ്ട്.

വിപുലീകരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ വികസന പദ്ധതികള്‍ ത്വരിതപ്പെടുത്താനും സൗദി അരാംകോ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ നിക്ഷേപമാണ് അവര്‍ നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ റിഫൈനറികളില്‍ ഓഹരി വാങ്ങുന്നതിനെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നതെന്ന് സൗദി അറേബ്യന്‍ ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫലിഹ് അടുത്തിടെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഉയരുന്ന 1.8 ലക്ഷം കോടി രൂപയുടെ വമ്പന്‍ റിഫൈനറിയില്‍ ഓഹരിയെടുക്കുന്നതിനെക്കുറിച്ചാണ് കമ്പനി കാര്യമായി ആലോചിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇതിനു പുറമെ നിലവിലുള്ള റിഫൈനറികളില്‍ ഓഹരി പങ്കാളിത്തം നേടാനും ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്-മന്ത്രി പറഞ്ഞു. എണ്ണ വിതരണക്കാര്‍ മാത്രമല്ല, ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്താനും ആഗ്രഹിക്കുന്ന രാജ്യമാണ് സൗദിയെന്ന് അല്‍ ഫാലിഹ് പറഞ്ഞത്.

ഐപിഒ കൂടി നടക്കുന്നതോടെ മറ്റ് രാജ്യങ്ങളിലേക്കുള്ള അരാംകോയുടെ നിക്ഷേപം കൂടുമെന്നാണ് പ്രതീക്ഷ. ഐപിഒ നടക്കുക 2019ല്‍ ആണെങ്കിലും എല്ലാവധി തയാറെടുപ്പുകളും പൂര്‍ത്തിയായതായാണ് അരാംകോയുടെ ചെയര്‍മാന്‍ കൂടിയായ അല്‍ഫാലിഹ് വ്യക്തമാക്കിയിരിക്കുന്നത്. തിയതി മാറുന്നത് തീര്‍ത്തും സാങ്കേതികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഒയുടെ കൃത്യമായ തിയതി ഇതുമായി ബന്ധപ്പെട്ട എല്ലാ കര്യങ്ങളിലും കൃത്യമായ ചട്ടക്കൂടുണ്ടാക്കിയ ശേഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഐപിഒയിലൂടെ 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നത്. കമ്പനിക്ക് രണ്ട് ട്രില്ല്യണ്‍ ഡോളര്‍ മൂല്യമെങ്കിലും കല്‍പ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia