വില്‍പ്പനയില്‍ മൂന്നു മടങ്ങ് വര്‍ധന ലക്ഷ്യമിട്ട് മക്ക്എന്റോ

വില്‍പ്പനയില്‍ മൂന്നു മടങ്ങ് വര്‍ധന ലക്ഷ്യമിട്ട് മക്ക്എന്റോ

നാല് വര്‍ഷത്തിനുള്ളില്‍ വില്‍പ്പന 1,200 കോടി രൂപയിലേക്ക് എത്തിക്കാനാണ് പദ്ധതി

കൊല്‍ക്കത്ത: 2022 ആകുമ്പോഴേക്കും വില്‍പ്പന മൂന്നു മടങ്ങാക്കി 1,200 കോടി രൂപയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മക്ക്എന്റോ. വിതരണം വിപുലപ്പെടുത്തിയും ഇന്ത്യയിലെ ഉല്‍പ്പാദനശേഷി ഉയര്‍ത്തിയും ഈ ലക്ഷ്യത്തിലേക്കെത്തിച്ചേരാനാണ് കമ്പനിയുടെ ശ്രമം. വൈല്‍ഡ് സ്റ്റോണ്‍, സീക്രട്ട് ടെംപ്‌റ്റേഷന്‍ തുടങ്ങിയ പ്രമുഖ ഡിയോഡ്രന്റ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരാണ് മക്ക്എന്റോ.

2017ല്‍ 400 കോടി രൂപയുടെ വില്‍പ്പന നടത്തിയ കമ്പനി സാങ്കേതികവിദ്യ, തൊഴില്‍ നൈപുണ്യം, ഹരിദ്വാറില്‍ വരാനിരിക്കുന്ന പുതിയ ഉല്‍പ്പാദന കേന്ദ്രം എന്നിവയ്ക്കായി 150 കോടി രൂപ നിക്ഷേപിക്കും. പുതിയ വിപണികളിലേക്ക് പ്രവേശിച്ച് കയറ്റുമതി ശക്തിപ്പെടുത്താനും കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ലക്ഷ്യമിടുന്നുണ്ട്.

സാങ്കേതികവിദ്യ, ആര്‍ആന്‍ഡ്ഡി (ഗവേഷണ വികസനം), ഈ വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകാന്‍ പോവുന്ന ഉല്‍പ്പാദന പ്ലാന്റ് എന്നിവയിലായി തങ്ങള്‍ 150 കോടി രൂപ നിക്ഷേപിക്കുന്നുണ്ടെന്നും നാലു വര്‍ഷത്തില്‍ 1,200 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മക്ക്എന്റോ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍കെ ഡാഗ പറഞ്ഞു. വില്‍പ്പന ഉയര്‍ത്തുന്നതിനായി നിലവിലുള്ള ബ്രാന്‍ഡുകള്‍ക്കു കീഴില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മെയില്‍ ഗ്രൂമിംഗ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 42.5 ശതമാനം വളര്‍ച്ചയാണ് മെയില്‍ ഗ്രൂമിംഗ് വിപണി കൈവരിച്ചതെന്നും 2025 ആകുമ്പോഴേക്കും 20 ബില്യണ്‍ ഡോളര്‍ എന്ന മൂല്യത്തിലേക്ക് വിപണി വളരുമെന്നും ഒരു റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദമാക്കി.

പെര്‍ഫ്യൂം, ടാല്‍ക് വിഭാഗങ്ങളിലായി വൈല്‍ഡ് സ്റ്റോണ്‍, സീക്രട്ട് ടെംപ്‌റ്റേഷന്‍, ഹെവന്‍സ് ഗാര്‍ഡന്‍ തുടങ്ങിയ മൂന്നു ബ്രാന്‍ഡുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലുടനീളം സാന്നിധ്യമുള്ള കമ്പനിക്ക് നിലവില്‍ 3,20,000 ഡീലര്‍മാരുണ്ട്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാനാണ് കമ്പനിയുടെ നിലവിലെ ശ്രമം. ദക്ഷിണേന്ത്യന്‍ വിപണികളിലേക്കുള്ള വ്യാപനം ശക്തമാക്കുന്നതിനും നിക്ഷേപം ഉപയോഗപ്പെടുത്തുമെന്ന് ഡാഗ പറഞ്ഞു.

നിലവില്‍ കമ്പനിയുടെ കയറ്റുമതി, വരുമാനത്തിന്റെ എട്ട് മുതല്‍ പത്ത് ശതമാനം വരെയാണെന്നും ഇത് 15 മുതല്‍ 20 ശതമാനം വരെയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മക്ക്എന്റോ ചീഫ് ബിസിനസ് ഓഫീസര്‍ സഞ്ജയ് ശ്രീവാസ്തവ പറഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കമ്പനി നിലവില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

Comments

comments

Categories: Business & Economy