വനിതാതൊഴിലാളിയുടെ ജീവിതം

വനിതാതൊഴിലാളിയുടെ ജീവിതം

വേതന, ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് വനിതാജീവനക്കാര്‍

ലോകവനിതാദിനത്തോടനുബന്ധിച്ച് ഇനിയും നടപ്പിലാക്കാത്ത സ്ത്രീസൗഹൃദനിയമങ്ങള്‍ പാലിക്കണ മെന്നാവശ്യപ്പെട്ട് രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ നമ്മില്‍ പലരും ഈ വനിതാവിമോചനപ്പോരാട്ടങ്ങള്‍ അറിയാതെ പോയി. അത്തരം ചില പ്രതിഷേധങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം സ്ത്രീശാക്തീകരണം കാംക്ഷിക്കുന്ന ഒരു സമൂഹത്തിന് അത്യാന്താപേക്ഷിതം തന്നെയാണ്.

ചെന്നൈയിലെ തിരുവള്ളൂരില്‍ മാര്‍ച്ച് അഞ്ചിന് പെണ്‍ തൊഴിലാളര്‍ സംഘം നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. സ്ത്രീതൊഴിലാളികളുടെ മൂല്യം തിരിച്ചറിയണമെന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു പ്രതിഷേധമായിരുന്നു അത്. തൊഴിലുറപ്പുദിനങ്ങള്‍ വെട്ടിക്കുറച്ചതിനെതിരേയും വേതനവിതരണം വൈകിക്കുന്നതിനെതിരേയുമാണ് തൊഴിലുറപ്പു ജീവനക്കാരുടെ പരാതിയെങ്കില്‍ തൊഴിലിടങ്ങളിലെ ലൈംഗികപീഡങ്ങളെക്കുറിച്ചും തൊഴിലാളി സംഘടനകള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരേയുള്ള കമ്പനികളുടെ ആക്രമണങ്ങളെ കുറിച്ചുമായിരുന്നു വസ്ത്രനിര്‍മാണശാലകളിലെ ജീവനക്കാരുടെ പരാതി.

തിരുവള്ളൂരില്‍ മാര്‍ച്ച് അഞ്ചിന് പെണ്‍ തൊഴിലാളര്‍ സംഘം നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. സ്ത്രീതൊഴിലാളികളുടെ മൂല്യം തിരിച്ചറിയണമെന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരു പ്രതിഷേധമായിരുന്നു അത്

തൊഴിലാളിക്ഷേമ ബോര്‍ഡുകളുടെ പരിഷ്‌കരണമാവശ്യം പത്തിനആവശ്യങ്ങളടങ്ങിയ നിവേദനവും അവര്‍ സമര്‍പ്പിച്ചു. ജോലി ചെയ്യാനുള്ള അവകാശം തുടങ്ങി സ്‌നേഹിക്കാനുള്ള അവകാശം വരെ അനുവദിക്കണമെന്നാവശ്യപ്പെട്ട്, യാഥാസ്ഥിതിക സമൂഹത്തില്‍ നിന്ന് സ്ത്രീകളനുഭവിക്കുന്ന ഭീഷണികള്‍ക്കെതിരേ ഡെല്‍ഹിയിലും പ്രതിഷേധറാലി നടന്നിരുന്നു. പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ചു.

മറ്റേണിറ്റി ബെനഫിറ്റ് ആക്റ്റ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരത്ത് പ്രകടനം നടത്തിയതും ഈയടുത്താണ്. കൈക്കുഞ്ഞുങ്ങളുള്ള വനിതാജീവനക്കാര്‍ക്ക് സര്‍ക്കാര്‍ 26 ആഴ്ച ശമ്പളത്തോടെയുള്ള അവധി നല്‍കുമ്പോള്‍ സ്വകാര്യസ്ഥാപനങ്ങള്‍ 12 ആഴ്ചമാത്രമാണ് ഈ ആനുകൂല്യം നല്‍കുന്നത്. ഇതു നിയമലംഘനമാണെന്നും പരിഷ്‌കരിച്ച നിയമം സ്വകാര്യമേഖലയില്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധപ്രകടനം. വനിതാദിനത്തില്‍ സ്‌പെയിനെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ച പ്രകടനമായിരുന്നു രാജ്യത്തെ വനിതാജീവനക്കാര്‍ നടത്തിയത്. 5.3 ദശലക്ഷം വനിതാതൊഴിലാളികളാണ് മാര്‍ച്ച് എട്ടിലെ പണിമുടക്കില്‍ പങ്കെടുത്തത്. 8 മാര്‍ച്ച് കമ്മിഷന്‍ എന്ന പേരില്‍ സംഘടിച്ച വനിതാസംഘടനകളുടെ കൂട്ടായ്മയുടെ മുദ്രാവാക്യങ്ങള്‍ ലോകത്തെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നു. ടെലിവിഷനുകളിലെ വനിത ആങ്കര്‍മാര്‍ അന്ന് ജോലിക്കു ചെന്നില്ല. ഞങ്ങള്‍ (പണി) നിര്‍ത്തിയാല്‍ ലോകം സ്തംഭിക്കും, അടുക്കളത്തറ മിനുക്കുന്നതു കൊണ്ട് സ്ത്രീക്ക് രതിമൂര്‍ച്ച കിട്ടില്ല എന്നീ മുദ്രാവാക്യങ്ങള്‍ അല്‍പ്പം തീവ്രതയോടെ തന്നെ തങ്ങളുടെ പ്രതിഷേധം ലോകം അറിയട്ടെ എന്നു കണക്കു കൂട്ടി തയാറാക്കിയതായിരുന്നു. സ്‌പെയിനിലെ പുരുഷാധിപത്യത്തിനെതിരേ വ്യക്തമായി ആസൂത്രണം ചെയ്ത സമരത്തില്‍ രണ്ടു മണിക്കൂര്‍ തൊഴില്‍ മുടക്കി സ്ത്രീകള്‍ തെരുവില്‍ അണിനിരന്നു. പുരുഷന്മാര്‍ തങ്ങളില്‍ നിന്ന് ഒരുപാടു കാര്യങ്ങള്‍ എടുത്തു മാറ്റുകയും എന്നിട്ട് തങ്ങളുടെ ഭയത്തെക്കുറിച്ച് സംസാരിച്ച് അവസാനിപ്പിക്കുകയുമാണു ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തെരുവിലിറങ്ങിയ പെണ്‍ കരുത്ത് നഗരചത്വരങ്ങളില്‍ കൂടി നിന്ന് മാറ്റത്തിനും സമത്വത്തിനും വേണ്ടി മുറവിളി കൂട്ടിയത് രാജ്യമെമ്പാടുമുള്ള ജനക്കൂട്ടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയും നിലവിലുള്ള സാമൂഹികാന്തരീക്ഷത്തിന് താക്കീതാകുകയും ചെയ്തു.

8 മാര്‍ച്ച് കമ്മിഷന്‍ എന്ന പേരില്‍ സംഘടിച്ച വനിതാസംഘടനകളുടെ കൂട്ടായ്മയുടെ മുദ്രാവാക്യങ്ങള്‍ ലോകത്തെ പിടിച്ചു കുലുക്കാന്‍ പോന്നതായിരുന്നു. ടെലിവിഷനുകളിലെ വനിത ആങ്കര്‍മാര്‍ അന്ന് ജോലിക്കു ചെന്നില്ല. ഞങ്ങള്‍ (പണി) നിര്‍ത്തിയാല്‍ ലോകം സ്തംഭിക്കും, അടുക്കളത്തറ മിനുക്കുന്നതു കൊണ്ട് സ്ത്രീക്ക് രതിമൂര്‍ച്ച കിട്ടില്ല എന്നീ മുദ്രാവാക്യങ്ങള്‍ അല്‍പ്പം തീവ്രതയോടെ തന്നെ തങ്ങളുടെ പ്രതിഷേധം ലോകം അറിയട്ടെ എന്നു കണക്കു കൂട്ടി തയാറാക്കിയതായിരുന്നു

അര്‍ജന്റീനയിലും സ്ത്രീകള്‍ പീഡനങ്ങള്‍ക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരേ നടപടി, തുല്യ ജോലിക്ക് തുല്യവേതനം, ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അവര്‍ പ്രതിഷേധിച്ചത്. ചട്ടികളും കലങ്ങളും അടിച്ചു കൊണ്ടുള്ള പ്രകടനമാണ് അവര്‍ നടത്തിയത്. തലസ്ഥാനം ബ്യൂണസ് ഐറിസിലായിരുന്നു രാജ്യാന്തര വനിതാ സമരത്തിന്റെ ഭാഗമായ പ്രകടനം. ബലാല്‍സംഗ ഇരകള്‍ക്കും ഗുരതരരോഗബാധിതകര്‍ക്കും മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് തങ്ങളുടെ അവകാശമായി ഇതു സ്ഥാപിച്ചെടുക്കാനാണ് അര്‍ജന്റീനക്കാരികള്‍ തെരുവിലിറങ്ങിയത്. തുര്‍ക്കിയില്‍ 200-ഓളം സ്ത്രീകളുടെ സംഘം സാമ്പത്തിക സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ടു തെരുവിലിറങ്ങിയതു ചരിത്രമായി. സാമൂഹിക ആചാരങ്ങളുടെ പേരിലും സാംസ്‌കാരിക മാനദണ്ഡപ്രകാരവും ഇവര്‍ക്ക് തലമുറകളായി സാമ്പത്തിക മേഖലയില്‍ സ്വാതന്ത്യം നിഷേധിച്ചു വരുകയാണ്. ആരോഗ്യസേവനങ്ങള്‍, വിദ്യാഭ്യാസയോഗ്യത, സാമ്പത്തിക പങ്കാളിത്തം, രാഷ്ട്രീയപ്രാതിനിധ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ലിംഗവിവേചനത്തിന്റെ കാര്യത്തില്‍ ലോക സാമ്പത്തികഫോറത്തിന്റെ പട്ടികയില്‍ തുര്‍ക്കിയുടെ സ്ഥാനം 130ല്‍ നിന്ന് 144 ആയി മാറിയിരിക്കുന്നു.

വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കോര്‍പ്പറേറ്റുകളും വന്‍ കമ്പനികളും വനിതകളെ ഓഫീസ് ചുമതലയേല്‍പ്പിച്ചിരുന്നു. എയര്‍ ഇന്ത്യ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനകമ്പനികള്‍ സ്ത്രീകള്‍ മാത്രമുള്ള സര്‍വീസുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് വനിതാദിനത്തെ എതിരേറ്റത്. ഡെക്കാന്‍ ക്യൂന്‍ എന്ന പേരില്‍ വനിതാജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് റെയില്‍വേയും ട്രെയ്ന്‍ സര്‍വീസ് നടത്തി. എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, ഒറ്റ ദിവസത്തെ ഈ പ്രഹസനത്തിനു ശേഷം സ്ത്രീകള്‍ മടങ്ങിപ്പോകേണ്ടത് തങ്ങളുടെ പഴയതൊഴിലിടത്തേക്കാണ്. അതേ പഴയ ലിംഗവിവേചനവും ശമ്പളതുല്യതയില്ലാത്തതും മോശം തൊഴില്‍ സാഹചര്യങ്ങള്ളുള്ളതുമായ അതേയിടത്തേക്ക്. അതായത് ഇത്തരം ഉപരിപ്ലവമായ പ്രകടനപരതയ്ക്കപ്പുറമുള്ള ക്രിയാത്മക നടപടികളാണ് വനിതകള്‍ക്ക് ഇന്നാവശ്യം. അല്ലെങ്കില്‍ നാളെയവര്‍ ഇതിനെതിരേ കൂടി പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഇത്തരം പബ്ലിക് റിലേഷന്‍ ജോലികളിലൂടെ ഉണ്ടാക്കിയെടുത്ത മുഖം മൂടി അഴിഞ്ഞുവീഴുന്നതിന്റെ നാണക്കേടു കൂടി അനുഭവിക്കേണ്ടി വരും.

Comments

comments

Categories: FK Special, Slider, Women, World