ലെക്‌സസ് യുഎക്‌സ് 250എച്ച് അനാവരണം ചെയ്തു

ലെക്‌സസ് യുഎക്‌സ് 250എച്ച് അനാവരണം ചെയ്തു

ടൊയോട്ടയുടെ പുതിയ ജിഎ-സി ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ചു

ജനീവ : മോട്ടോര്‍ ഷോയില്‍ ലെക്‌സസ് യുഎക്‌സ് 250 എച്ച് അനാവരണം ചെയ്തു. കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ സെഗ്‌മെന്റിലേക്കാണ് ലെക്‌സസിന്റെ പുതിയ വാഹനം കടന്നുവരുന്നത്. ബിഎംഡബ്ല്യു എക്‌സ്2, ഔഡി ക്യു2, വോള്‍വോ എക്‌സ്‌സി40 തുടങ്ങിയവരാണ് പ്രൊഡക്ഷന്‍-റെഡി ലെക്‌സസ് യുഎക്‌സ് 250എച്ചിന്റെ എതിരാളികള്‍. പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് യുഎക്‌സ് നിര്‍മ്മിക്കുന്നത്. ടൊയോട്ട കുടുംബത്തിലെ ഓള്‍-ന്യൂ എന്‍ജിനുകള്‍ ലെക്‌സസ് യുഎക്‌സിന് നല്‍കും. 2018 ലെക്‌സസ് യുക്‌സ് ഈ വര്‍ഷം അന്തര്‍ദേശീയ തലത്തില്‍ വില്‍പ്പനയ്‌ക്കെത്തും. കാര്‍ ഇന്ത്യയിലെത്തുമോയെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചാല്‍ ഔഡി ക്യു3, ബിഎംഡബ്ല്യു എക്‌സ്1 എന്നിവയെ വെല്ലുവിളിക്കും.

2016 പാരീസ് മോട്ടോര്‍ ഷോയിലാണ് ലെക്‌സസ് യുഎക്‌സിന്റെ കണ്‍സെപ്റ്റ് വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കുന്നത്. ലെക്‌സസ് കുടുംബത്തിന്റേതായ ഫഌമ്പോയന്റ് ഡിസൈന്‍, അവര്‍-ഗ്ലാസ് ആകൃതിയിലുള്ള ഗ്രില്ല്, സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാംപുകള്‍ എന്നിവ യുഎക്‌സ് 250 എച്ചിന്റെ സവിശേഷതകളാണ്. ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്നതാണ് ടെയ്ല്‍ലൈറ്റ്. 120 എല്‍ഇഡികളാണ് ഈ ഫുള്‍ വിഡ്ത്ത് ടെയ്ല്‍ലൈറ്റില്‍ നല്‍കിയിരിക്കുന്നത്. ലെക്‌സസിന്റെ പുതിയ ഡിസൈന്‍ സംബന്ധിച്ച് സൂചന നല്‍കുന്നതാണ് റിയര്‍ സ്റ്റൈലിംഗ്.

ലെക്‌സസിന്റെ നിലവിലെ മോഡലുകളേക്കാള്‍ വ്യത്യസ്തമാണ് 2018 യുഎക്‌സ് 250 എച്ചിന്റെ ഉള്‍വശം. ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ തികച്ചും ഫ്യൂച്ചറിസ്റ്റിക് ആണ്. ലെക്‌സസിന്റെ 2 സീറ്റ് സൂപ്പര്‍കാറായ എല്‍എഫ്എയില്‍ കാണുന്ന ഡിജിറ്റല്‍ ഡയലുകള്‍, സ്വിച്ച്ഗിയര്‍, വൈഡ്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. ലെതര്‍ അപ്‌ഹോള്‍സ്റ്ററിയില്‍ സാഷികോ എന്ന ജാപ്പനീസ് രീതിയില്‍ തുന്നല്‍ നടത്തിയിരിക്കുന്നു. വയര്‍ലെസ് സിസ്റ്റം ഉപയോഗിച്ചുള്ള എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗ് കാബിനില്‍ നല്‍കി.

ടൊയോട്ടയുടെ പുതിയ ജിഎ-സി ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഓള്‍-ന്യൂ ലെക്‌സസ് യുഎക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും താഴ്ന്ന ഗുരുത്വ കേന്ദ്രവും മെച്ചപ്പെട്ട ഹാന്‍ഡ്‌ലിംഗും ഈ ആര്‍ക്കിടെക്ച്ചര്‍ ഉറപ്പാക്കും. സെഗ്‌മെന്റിലെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന 34 അടിയാണ് ടേണിംഗ് സര്‍ക്കിള്‍. ടൊയോട്ടയുടെ രണ്ട് പുതിയ എന്‍ജിനുകള്‍ ലെക്‌സസ് യുഎക്‌സിലൂടെ അരങ്ങേറ്റം കുറിക്കുന്നു. 2.0 ലിറ്റര്‍, ഇന്‍-ലൈന്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 168 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. മെച്ചപ്പെട്ട താപക്ഷമത കൈവരിക്കുന്നതിന് ഹൈ-സ്പീഡ് കമ്പസ്ചനാണ് ഈ എന്‍ജിന്‍ നിര്‍വ്വഹിക്കുന്നത്. ബ്രാന്‍ഡിന്റെ ആദ്യ ‘ഡയറക്റ്റ് ഷിഫ്റ്റ്-സിവിടി’യാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്.

ടൊയോട്ടയുടെ രണ്ട് പുതിയ എന്‍ജിനുകള്‍ ലെക്‌സസ് യുഎക്‌സിലൂടെ അരങ്ങേറ്റം കുറിക്കുന്നു

ഇതേ എന്‍ജിന്‍ ഉപയോഗിക്കുന്ന ലെക്‌സസ് യുഎക്‌സ് 250എച്ച് മറ്റൊരു വേരിയന്റാണ്. എന്നാല്‍ സെല്‍ഫ് ചാര്‍ജിംഗ് ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ കൂടി ചേരുമ്പോള്‍ ആകെ 176 ബിഎച്ച്പിയാണ് പുറപ്പെടുവിക്കുന്നത്. പുതിയ സിവിടി യൂണിറ്റാണ് എന്‍ജിനുമായി ഘടിപ്പിച്ചിട്ടുള്ളത്. യുഎക്‌സില്‍ ഇ-4 അഥവാ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഉണ്ടായിരിക്കും. യുഎക്‌സിന്റെ എഫ് സ്‌പോര്‍ട് വേര്‍ഷന്‍ ലെക്‌സസ് അവതരിപ്പിക്കും.

Comments

comments

Categories: Auto