സൂപ്പര്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ നൊറോക്ക എഫ്‌സി

സൂപ്പര്‍ കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികള്‍ നൊറോക്ക എഫ്‌സി

ഭുവനേശ്വര്‍: ഈ മാസം അവസാനം തുടങ്ങുന്ന സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നൊറോക്ക എഫ്‌സിയെ നേരിടും. ഏപ്രില്‍ ആറിനാണ് കേരള ബ്ലാസ്റ്റേഴ്‌സ്-നൊറോക്ക എഫ്‌സി മത്സരം. ഐഎസ്എല്ലില്‍ ആറാം സ്ഥാനം നേടിയതിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പില്‍ ഇടം കണ്ടെത്തിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ ആറിന് അവസാനിക്കും.

പൂനെ സിറ്റി, ചെന്നൈയിന്‍ എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി ക്ലബുകള്‍ യഥാക്രമം ഷില്ലോംഗ് ലാജോംഗ്, ഐസ്വാള്‍ എഫ്‌സി, മിനര്‍വ പഞ്ചാബ് ടീമുകളെ നേരിടുമ്പോള്‍ ബെംഗളുരു, എഫ് സി ഗോവ, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബുകള്‍ യോഗ്യതാ റൗണ്ടില്‍ നിന്ന് യോഗ്യത നേടുന്ന ടീമുകളുമായി ഏറ്റുമുട്ടും. കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്‌സിക്ക് യോഗ്യതാ റൗണ്ടില്‍ വിജയം നേടുവാന്‍ സാധിച്ചാല്‍ അവരുടെ പിന്നീടുള്ള എതിരാളികള്‍ കരുത്തരായ ബെംഗളുരു എഫ്‌സിയായിരിക്കും. മാര്‍ച്ച് 15, 16 തിയതികളിലായാണ് സൂപ്പര്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലേയും ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയവര്‍ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. അവസാന സ്ഥാനക്കാരിലെ നാല് ടീമുകള്‍ക്ക് യോഗ്യതാ മത്സരവിജയത്തിലൂടെ സൂപ്പര്‍ കപ്പിലെത്തുകയും ചെയ്യാം. യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഡല്‍ഹി ഡൈനാമോസ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോകുലം എഫ്‌സിയെയും നേരിടുമ്പോള്‍ മുംബൈ സിറ്റി എഫ്‌സി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ടീമുകള്‍ യഥാക്രമം ഇന്ത്യന്‍ ആരോസ്, ചെന്നൈ സിറ്റി എഫ്‌സി എന്നിവരുമായും ഏറ്റുമുട്ടും.

Comments

comments

Categories: Sports