സൗദിയിലേക്കെത്തുന്നു ഐപിക്ക് എന്റര്‍ടെയ്ന്‍മെന്റ്

സൗദിയിലേക്കെത്തുന്നു ഐപിക്ക് എന്റര്‍ടെയ്ന്‍മെന്റ്

സിനിമാ വിലക്ക് നീക്കിയതോടെ സൗദിയില്‍ വന്‍സാധ്യതകളാണ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനികള്‍ കാണുന്നത്

റിയാദ്: യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്വറി റസ്റ്ററന്റ്, തിയറ്റര്‍ ബ്രാന്‍ഡായ ഐപിക്ക് എന്റര്‍ടെയ്ന്‍മെന്റ് സൗദിയിലേക്ക് എത്തുന്നു. സൗദി അറേബ്യ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ സിനിമാ വിലക്ക് നീക്കിയതോടെയാണ് യുഎസ് ഭീമന്റെ രംഗപ്രവേശം. ഇത് സംബന്ധിച്ച കരാറില്‍ ഐപിക്ക് ഒപ്പുവെച്ചു.

സിനിമാ വിലക്ക് നീക്കിയതോടെ സൗദിയില്‍ വന്‍സാധ്യതകളാണ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനികള്‍ കാണുന്നത്. ബാസ് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനിയുമായി സൗദിയില്‍ സിനിമ തിയറ്റര്‍ ശൃംഖലകള്‍ സ്ഥാപിക്കാന്‍ തങ്ങള്‍ പങ്കാളത്ത കരാറില്‍ ഏര്‍പ്പെട്ടതായി ഐപിക്ക് അറിയിച്ചു.

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന സിനിമാ വിലക്ക് അടുത്തിടെ സൗദി നീക്കിയത് ലോക രാജ്യങ്ങളുടെയാകെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സൗദിയുടെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് ഭാഗവും 30 വയസ്സില്‍ താഴെയാണ്. അതിനാല്‍ തന്നെ രാജ്യത്ത് മികച്ച സാധ്യതകളും അവസരങ്ങളും ഉണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഐപിക്ക് അറിയിച്ചു.

ബിഎഎസ് ഗ്ലോബലുമായി സഹകരിച്ച് സൗദിയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഞങ്ങള്‍. സൗദിയിലുടനീളം ശക്തമായ സാന്നിധ്യമാകാന്‍ ഞങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്-ഐപിക്ക് എന്റര്‍ടെയ്ന്‍മെന്റ് സിഇഒയും സ്ഥാപകനുമായ ഹമീദ് ഹഷെമി പറഞ്ഞു.

വിനോദത്തിലൂടെയും ടൂറിസത്തിലെയും സൗദിയുടെ സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉന്നത ഗുണനിലവാരത്തിലുള്ള വിനോദ അനുഭവം ഉപഭോക്താക്കള്‍ക്ക് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യാന്‍ തങ്ങള്‍ക്കാകുമെന്നും ഹമീദ് വ്യക്തമാക്കി.

കാഷ്വല്‍ റെസ്റ്ററന്റുകളും ലക്ഷ്വറി തിയറ്ററുകളും സംയോജിപ്പിച്ചുള്ള ബിസിനസ് മോഡലാണ് ഐപിക്ക് പ്രാവര്‍ത്തികമാക്കുന്നത്. 4കെ ഡിജിറ്റള്‍ സിനിമ ടെക്‌നോളജി ഉപയോഗിച്ചുള്ള 50-90 പേര്‍ക്ക് ഇരിക്കാവുന്ന തിയറ്ററുകളാണ് ഐപിക്കിന്റേത്. എന്നായിരിക്കും ആദ്യ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കാര്യം ഐപിക്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Comments

comments

Categories: Arabia