എയര്‍ കൂളര്‍ വിപണിയില്‍ വലിയ മോഹവുമായി ബ്ലൂ സ്റ്റാര്‍

എയര്‍ കൂളര്‍ വിപണിയില്‍ വലിയ മോഹവുമായി ബ്ലൂ സ്റ്റാര്‍

2021നു മുന്‍പ് 10 ശതമാനമെങ്കിലും വിപണി വിഹിതമാണ് ബ്ലൂ സ്റ്റാര്‍ ലക്ഷ്യമിടുന്നത്

മുംബൈ: ചൂട് കനക്കുമ്പോള്‍ അത് മുതലെടുത്ത് ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എയര്‍ കൂളര്‍ കമ്പനികള്‍. 2021നു മുന്‍പ് ഇന്ത്യയിലെ എയര്‍ കൂളര്‍ വിപണിയുടെ 10 ശതമാനമെങ്കിലും വിഹിതം നേടാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എയര്‍ കണ്ടീഷനര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ ബ്ലൂ സ്റ്റാര്‍. ബിസിനസ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് കമ്പനി എയര്‍ കൂളര്‍, എയര്‍ പ്യൂരിഫയര്‍ ബിസിനസുകളിലേക്ക് കൂടി കടക്കുന്നത്.

എയര്‍ കണ്ടീഷനര്‍ ബിസിനസിലും വാണിജ്യ ശീതീകരണ മേഖലയിലുമാണ് കമ്പനിയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ 2021 ആകുമ്പോഴേക്കും എയര്‍ കൂളര്‍ വിപണിയുടെ 10 ശതമാനമെങ്കിലും വിഹിതം നേടിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം-ബ്ലൂസ്റ്റാര്‍ ജോയ്ന്റ് മാനേജിംഗ് ഡയറക്റ്റര്‍ ബി ത്യാഗരാജന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം എയര്‍ കൂളര്‍ ബിസിനസിലെ ഉല്‍പ്പന്ന ശ്രേണി ചെറിയ തോതില്‍ കമ്പനി വിപുലീകരിച്ചിരുന്നു. ഇതിനു ലഭിച്ച മികച്ച സ്വീകാര്യതയെ തുടര്‍ന്ന് ഒന്‍പത് പുതിയ മോഡലുകള്‍ പുറത്തിറക്കി കമ്പനി വിപണിയില്‍ സജീവമായി.

1,800 കോടി രൂപയുടേതാണ് ഇന്ത്യയിലെ എയര്‍ കൂളര്‍ വിപണി. ഇത് ഇനിയും വളരാനാണ് സധ്യത. അതില്‍ നല്ലൊരു ശതമാനം വിപണി നേടിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം-ത്യാഗരാജന്‍ വ്യക്തമാക്കി.

1,800 കോടി രൂപയുടേതാണ് ഇന്ത്യയിലെ എയര്‍ കൂളര്‍ വിപണി. എയര്‍ പ്യൂരിഫയറുകളുടേത് 180 കോടിയും. ഈ രണ്ട് മേഖലകളിലും ചുവടുറപ്പിക്കാനാണ് ബ്ലൂ സ്റ്റാറിന്റെ ശ്രമം

പുതിയ ലക്ഷ്യത്തിന്റെ ഭാഗമായി ഉല്‍പ്പന്ന ശ്രേണി വിപുലീകരിച്ചുവെന്നും വിതരണ ശൃംഖല ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പന്നങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കുമെന്നും ഏതാനും മാര്‍ക്കറ്റിംഗ് കാംപെയ്‌നുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എയര്‍കൂളര്‍ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയില്ലെന്ന നിലപാടിലാണ് കമ്പനി. കഴിഞ്ഞ വര്‍ഷത്തെ ഉല്‍സവ സീസണിലാണ് എയര്‍ പ്യൂരിഫയര്‍ വിഭാഗത്തില്‍ ഹൈ എന്‍ഡ് പ്രീമിയം മോഡലുമായി കമ്പനി രംഗത്തെത്തിയത്. എയര്‍ കണ്ടീഷണറുമായി ഇതിനെ സംയോജിപ്പിച്ചാലോ അല്ലെങ്കില്‍ വാണിജ്യ വിഭാഗത്തില്‍ പ്രൊമോട്ട് ചെയ്താലോ മാത്രമേ ഈ ഉല്‍പ്പന്നം വളരുകയുള്ളുവെന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വായുമലിനീകരണം രൂക്ഷമായിട്ടുള്ള നഗരങ്ങളിലാണ് എയര്‍ പ്യൂരിഫയറുകള്‍ കൂടുതലും വിറ്റുപോകുന്നത്. ഈ മേഖല വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും 2021 ആകുമ്പോഴേക്കും 500 കോടി രൂപയുടേതായി വിപണി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 180 കോടി രൂപയുടേതാണ് എയര്‍ പ്യൂരിഫയര്‍ വിപണി.

Comments

comments

Categories: Business & Economy