ഓട്ടോമൊബീല്‍ വ്യവസായം നേടിയത് 14.41 ശതമാനം വളര്‍ച്ച

ഓട്ടോമൊബീല്‍ വ്യവസായം നേടിയത് 14.41 ശതമാനം വളര്‍ച്ച

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് കണക്കുകള്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : 2017 ഏപ്രില്‍-2018 ഫെബ്രുവരി കാലയളവില്‍ രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായം നേടിയത് 14.41 ശതമാനം വളര്‍ച്ച. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. ഈ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങള്‍, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍, മൂന്നുചക്ര വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 2,64,02,671 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. 2016 ഏപ്രില്‍-2017 ഫെബ്രുവരി കാലയളവില്‍ പ്ലാന്റുകളില്‍നിന്ന് പുറത്തിറക്കിയത് 2,30,78,120 വാഹനങ്ങളായിരുന്നു. ഓട്ടോമൊബീല്‍ മേഖലയാകെ നല്ല വില്‍പ്പനയാണ് ഈ കാലയളവില്‍ കാഴ്ച്ചവെച്ചത്. ഏപ്രില്‍-ഫെബ്രുവരി 2017 മായി താരതമ്യം ചെയ്യുമ്പോള്‍ കൊമേഴ്‌സ്യല്‍-മൂന്നുചക്ര-ഇരുചക്ര വാഹന വ്യവസായം ഇരട്ടയക്ക വില്‍പ്പന വളര്‍ച്ച നേടി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏപ്രില്‍-ഫെബ്രുവരി 2018 കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 8.04 ശതമാനം വളര്‍ച്ച കൈവരിച്ചു. പാസഞ്ചര്‍ വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങളും വാനുകളും എന്നിവ യഥാക്രമം 3.62 ശതമാനം, 21.34 ശതമാനം, 4.25 ശതമാനം എന്നിങ്ങനെ വില്‍പ്പന വളര്‍ച്ച നേടി. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 14.47 ശതമാനം വളര്‍ച്ച നേടാന്‍ കഴിഞ്ഞു. സ്‌കൂട്ടര്‍ വില്‍പ്പന 21.18 ശതമാനവും മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 12.66 ശതമാനവും വില്‍പ്പന വളര്‍ച്ച നേടി. അതേസമയം മോപെഡ് വില്‍പ്പനയില്‍ 4.83 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

കൊമേഴ്‌സ്യല്‍ വാഹന സെഗ്‌മെന്റ് 19.30 ശതമാനം വളര്‍ച്ചയാണ് നേടിയത്. മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് (എം&എച്ച്‌സിവി) വില്‍പ്പന 11.91 ശതമാനം വളര്‍ച്ച കൈവരിച്ചു. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പന 24.64 ശതമാനം വളര്‍ന്നു. മൂന്നുചക്ര വാഹന സെഗ്‌മെന്റ് 19.11 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഈ സെഗ്‌മെന്റില്‍ പാസഞ്ചര്‍ കാരിയറുകളുടെയും ഗുഡ്‌സ് കാരിയറുകളുടെയും വില്‍പ്പന വളര്‍ച്ച യഥാക്രമം 22.36 ശതമാനവും 6.80 ശതമാനവുമാണ്.

2017 ഏപ്രില്‍-2018 ഫെബ്രുവരി കാലയളവില്‍ ആകെ 2,64,02,671 വാഹനങ്ങളാണ് നിര്‍മ്മിച്ചത്. 2016 ഏപ്രില്‍-2017 ഫെബ്രുവരി കാലയളവില്‍ 2,30,78,120 വാഹനങ്ങളായിരുന്നു

കയറ്റുമതിയുടെ കാര്യമെടുത്താല്‍, ആകെ വാഹന കയറ്റുമതിയില്‍ 15.81 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇരുചക്ര, മൂന്നുചക്ര വാഹന സെഗ്‌മെന്റുകള്‍ യഥാക്രമം 20.30 ശതമാനം, 37.02 ശതമാനം കയറ്റുമതി വളര്‍ച്ച നേടി. അതേസമയം പാസഞ്ചര്‍ വാഹനങ്ങളും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും കയറ്റമതിയില്‍ യഥാക്രമം 1.80 ശതമാനം, 13.26 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Comments

comments

Categories: Auto