ഫോക്‌സ്‌വാഗണ്‍ പോളോ ഇനി വരിക 1 ലിറ്റര്‍ എന്‍ജിനില്‍

ഫോക്‌സ്‌വാഗണ്‍ പോളോ ഇനി വരിക 1 ലിറ്റര്‍ എന്‍ജിനില്‍

കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും ; 18.78 കിലോമീറ്റര്‍/ലിറ്റര്‍

ന്യൂഡെല്‍ഹി : പോളോ ഹാച്ച്ഹാക്കില്‍ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കി വരുന്നത് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അവസാനിപ്പിച്ചു. പകരം ഇനി മുതല്‍ ഓള്‍-ന്യൂ 1 ലിറ്റര്‍, 3 സിലിണ്ടര്‍ എംപിഐ എന്‍ജിന്‍ നല്‍കും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത സമ്മാനിക്കുന്നതായിരിക്കും പുതിയ എന്‍ജിന്‍. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനാ ഫലങ്ങള്‍ അനുസരിച്ച് 1.2 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്റെ ഇന്ധനക്ഷമത 16.47 കിലോമീറ്ററായിരുന്നു. പുതിയ 1 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍ 18.78 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നല്‍കും.

പുതിയ എന്‍ജിന്‍ നിലവിലെ എന്‍ജിനേക്കാള്‍ ചെറുതാണെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന കരുത്തില്‍ കുറവില്ല. നിലവിലെ അതേ 75 ബിഎച്ച്പി പുറപ്പെടുവിക്കും. എന്നാല്‍ ടോര്‍ക്കില്‍ മാറ്റം വന്നിട്ടുണ്ട്. നേരത്തെ 110 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇനി 95 എന്‍എം ആയി കുറയും. ഫോക്‌സ്‌വാഗണ്‍ പോളോയുടെ എല്ലാ 1.2 ലിറ്റര്‍ സ്വാഭാവിക ശ്വസന പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകള്‍ക്കും പകരമായാണ് പുതിയ 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നത്. അതേസമയം വിലയില്‍ മാറ്റമില്ല. പുതിയ 1 ലിറ്റര്‍ പോളോയുടെ എക്‌സ് ഷോറൂം വില 5.41 ലക്ഷം രൂപ മുതലാണ്.

വിലയില്‍ മാറ്റമില്ല. പുതിയ 1 ലിറ്റര്‍ പോളോയുടെ എക്‌സ് ഷോറൂം വില 5.41 ലക്ഷം രൂപ മുതലാണ്

അതേസമയം പോളോ ജിടി ടിഎസ്‌ഐയിലെ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷന്‍ ഫോക്‌സ്‌വാഗണ്‍ തുടരും. 108 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡുവല്‍ ക്ലച്ചാണ് പോളോ ജിടി ടിഎസ്‌ഐയിലെ ഗിയര്‍ബോക്‌സ്. ഡീസല്‍ എന്‍ജിന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി, പോളോയില്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ എന്‍ജിനാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്. 89 ബിഎച്ച്പി, 230 എന്‍എം എന്നിവയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ജിടി ടിഡിഐയില്‍ ഇത് 108 ബിഎച്ച്പിയും 250 ന്യൂട്ടണ്‍ മീറ്ററുമാണ്. ജിടി ടിഎസ്‌ഐയില്‍ ഓട്ടോമാറ്റിക് ആണെങ്കില്‍ ജിടി ടിഡിഐയില്‍ മാന്വല്‍ ഗിയര്‍ബോക്‌സാണ്.

Comments

comments

Categories: Auto