ന്യൂഡെല്‍ഹി: ഇരുപത് പുതിയ റൂട്ടുകളില്‍ സേവനം നടത്തുന്നതിന് രാജ്യത്തെ പ്രാദേശിക വിമാനക്കമ്പനിയായ ട്രൂജെറ്റിന് അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൂജെറ്റിന്റെ ഉടമസ്ഥര്‍ മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഗ്രൂപ്പിന്റെ ഭാഗമായ ടര്‍ബോ മേഘ എയര്‍വേസാണ്. രണ്ട് വര്‍ഷം മുമ്പ് പ്രാദേശിക വിമാനക്കമ്പനിയായി പ്രവര്‍ത്തനം ആരംഭിച്ച ട്രൂജെറ്റ് ഇതോടെ ദേശിയ കാരിയറായി വളരുകയാണ്.
അഹമ്മദാബാദില്‍ നിന്നും പോര്‍ബന്ധര്‍, ജയ്സാല്‍മീര്‍,നാസിക് തുടങ്ങിയിടങ്ങളിലേക്കും ഗുവാഹത്തിയില്‍ നിന്ന് കുച്ച്ചിര്, ബുരണ്പുര്,തേജു, തേജാപുര് തുടങ്ങിയിടങ്ങളിലേക്കാണ് പുതിയ സേവനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.നിലവില്‍ 10 ലക്ഷത്തിലധികം പേര് തങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് ട്രൂ ജെറ്റ് അവകാശപ്പെടുന്നത്.
13 ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിച്ച് അഞ്ച് എയര്‍ക്രാഫ്റ്റുകളാണ് നിലവില്‍ ട്രൂജെറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 32 സര്‍വീസാണ് എയര്‍ലൈന്‍ നടത്തുന്നത്. കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ തങ്ങളുടെ സേവനത്തിലേക്ക് ഉടന്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങുകയാണ് കമ്പനി. ഉഡാന്‍ പദ്ധതിക്ക് കീഴില്‍ നിലവില്‍ ഹൈദരാബാദ്, ഔറംഗബാദ്, ചെന്നൈ, ഗോവ, രാജമുണ്ട്രി,വിജയവാഡ, തിരുപ്പതി,ബെംഗളുരു,മുംബൈ, നന്ദേഡ്, കടപ്പ, മൈസൂര്‍, വിജയനഗര്‍ എന്നീ 13 സ്റ്റേഷനുകളില്‍ ട്രൂജെറ്റ് പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ചെന്നൈയില്‍ നിന്ന് സേലത്തേക്ക് സേവനം ആരംഭിക്കും.
‘യാത്രക്കാരെ സേവിക്കാന്‍ ട്രൂജെറ്റ് ഇപ്പോള്‍ പുതിയൊരു തലത്തിലെത്തിയിരിക്കുകയാണ്. വിമാനയാത്രയ്ക്ക് രാജ്യത്തെ ജനതയെ പ്രോല്‍സാഹിപ്പിക്കുന്നതിന് 599 രൂപ മുതലുള്ള എക്സ്ക്ലുസിവ് നിരക്കുകള്‍ ട്രൂജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്’, ടര്‍ബോ മേഘ എയര്‍വേസ് കൊമേഴ്സ്യല്‍ മേധാവിയായ സെന്തില്‍ രാജ പറഞ്ഞു.