അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന് തുടക്കം

അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തിന് തുടക്കം

പത്തിന കര്‍മ പരിപാടിയുമായി മോദി, ആഗോള സൗരോര്‍ജ ഉല്‍പ്പാദനത്തിനായി 700 മില്യണ്‍ യൂറോ പ്രഖ്യാപിച്ച് മക്രോണ്‍

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിന് വികസ്വര രാജ്യങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള കര്‍മ പദ്ധതി ഇന്ത്യയും ഫ്രാന്‍സും ഉള്‍പ്പടെ നാല്‍പ്പതോളം രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം (ഐഎസ്എ) പ്രഖ്യാപിച്ചു. ഒപെക് മാതൃകയില്‍ കരാര്‍ അടിസ്ഥാനമാക്കി സൗരോര്‍ജത്തിനായി രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധം പുലര്‍ത്തേണ്ടതുണ്ടെന്നും ഇന്ത്യ പ്രഖ്യാപിച്ചു.

രാഷ്ട്രപതി ഭവനിലാണ് ഐഎസ്എയുടെ സ്ഥാപന സമ്മേളനം നടന്നത്. പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത്. പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നു യുഎസ് പിന്മാറിയ ശേഷം, സൗരോര്‍ജം യഥേഷ്ടം ലഭ്യമായ ഏതാനും രാജ്യങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് ഐഎസ്എ. നിലവില്‍ 121 രാജ്യങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. ഇതില്‍ 60 രാജ്യങ്ങള്‍ സോളാര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചിട്ടുണ്ട്. 30 രാജ്യങ്ങള്‍ ഉടമ്പടി അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹുമുഖതയുടെ തെളിവ് മാത്രമല്ല സുസ്ഥിരമായ ഹരിത ഭാവിയോടുള്ള പ്രതിബന്ധത കൂടിയാണ് ഐഎസ്‌ഐ എന്ന്‌വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വസുദേവ കുടുംബമെന്ന സംസ്‌കാരമാണ് ഐഎസ്എ പോലുള്ള ഒരു പ്ലാറ്റ്‌ഫോം കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഐഎസ്എയുടെ അംഗങ്ങളെല്ലാം പരസ്പരം കൈകോര്‍ക്കേണ്ടത് ആവശ്യമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രൊണ്‍ പറഞ്ഞു. 2015ലാണ് സൗരോര്‍ജ സഹകരണമെന്ന ആശയത്തിലേക്ക് ഇന്ത്യയും ഫ്രാന്‍സുമെത്തുന്നത്. ആ ആശയത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ മേഖലയിലെ എക്‌സിക്യൂട്ടിവുകള്‍ക്കുള്ള പരിശീലനം പ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് നല്‍കുമെന്നും മക്രൊണ്‍ പ്രഖ്യാപിച്ചു.

2022 ഓടെ ആഗോള സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി 700 മില്യണ്‍ യൂറോ അധികമായി നിക്ഷേപിക്കുമെന്ന് മക്രൊണ്‍ പ്രഖ്യാപിച്ചു. ഇതുവഴി ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗരോര്‍ജ ഉപയോഗം വര്‍ധിപ്പിക്കാന്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി പത്ത് മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. സൗരോര്‍ജത്തിനായി വില കുറഞ്ഞ സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊര്‍ജ പദ്ധതികളുടെ നടത്തിപ്പിനും നവീകരണത്തിനുമുള്ള സാമ്പത്തിക സഹായം, സോളാര്‍ വൈദ്യുത പദ്ധതികളുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയവ പ്രധാനമന്ത്രിയുടെ പത്തിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

എല്ലാ പൗരാണിക സംസ്‌കാരങ്ങളും സൂര്യന്റെ പ്രധാന്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ ഇന്ത്യയില്‍ സൂര്യന് നല്‍കിയിട്ടുള്ള സ്ഥാനം വളരെ വലുതാണ്. ലോകത്തിന്റെ ആത്മാവായാണ് വേദങ്ങള്‍ സൂര്യനെ കണക്കാക്കുന്നത്. ഇന്ന് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ പുരാതനമായ ഈ ആശയത്തിലേക്ക് നാം മടങ്ങിപ്പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐഎസ്എ വഴി 143 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന്റെ 13 സോളാര്‍ പദ്ധതികള്‍ ലോകമെമ്പാടുമായി നടപ്പാക്കുകയാണ്. കൂടാതെ 15 വികസ്വര രാജ്യങ്ങളിലെ 27ലധികം സോളാര്‍പദ്ധതികള്‍ക്ക് 1.4 ബില്യണ്‍ ഡോളര്‍ സഹായം ഇന്ത്യ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2016-17 മുതല്‍ 2020-21വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ സോളാര്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ 27 ബില്യണ്‍ ഡോളറാണ് ഐഎസ്എയ്ക്ക് നല്‍കുക.

Comments

comments

Categories: Slider, Top Stories