തമിഴ്‌നാടിന്റെ താരരാഷ്ട്രീയക്കാര്‍ തിരക്കില്‍; രജനീകാന്ത് ഹിമാലയത്തില്‍, കമല്‍ ഹാസന്‍ പെരിയാരുടെ വീട്ടില്‍

തമിഴ്‌നാടിന്റെ താരരാഷ്ട്രീയക്കാര്‍ തിരക്കില്‍; രജനീകാന്ത് ഹിമാലയത്തില്‍, കമല്‍ ഹാസന്‍ പെരിയാരുടെ വീട്ടില്‍

ചെന്നൈ : രാഷ്ട്രീയത്തിലേക്കിറങ്ങിയ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹാസനും തിരക്ക് കൂടുന്നതിന് മുന്‍പ് തങ്ങളുടെ ആത്മീയ ചിന്തയുടെ വേരുകളിലേക്കെത്തി. ഹിമാലയത്തിലേക്കാണ് ശാന്തത തേടി തലൈവര്‍ രജനീകാന്ത് യാത്രയായത്. ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ വിമാനമിറങ്ങിയ രജനീകാന്ത് പാലംപൂരിലെത്തി തന്റെ ആത്മീയ ഗുരുവായ യോഗിരാജ് അമര്‍ ജ്യോതീജി മഹാരാജിനെ ദര്‍ശിച്ചു. എല്ലാ വര്‍ഷവും രജനീകാന്ത് ഹിമാലയത്തിലേക്ക് തീര്‍ഥാടനം നടത്താറുണ്ട്. ബൈജ്‌നാഥ്, മഹാകാല്‍ ശിവക്ഷേത്രങ്ങളിലും രജനി ദര്‍ശനം നടത്തി. തന്റെ രാഷ്ട്രീയം ആത്മീയതയോട് ചേര്‍ന്നു പോകുന്നതാവുമെന്ന് രജനി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹിമാലയവുമായി ബന്ധപ്പെട്ട തന്റെ ആത്മീയ ദര്‍ശനങ്ങള്‍ ബാബ എന്ന സിനിമയിലൂടെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം നിരീശ്വരവാദിയായ കമല്‍ ഹാസന്‍ പെരിയാര്‍ ഇവി രാമസ്വാമി നായ്ക്കരുടെ ഈറോഡിലെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. പെരിയാറുടെ പ്രതിമ തകര്‍ത്തത് തമിഴ്‌നാട്ടില്‍ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാമഹനായ പെരിയാറിന്റെ ആരാധകനാണ് കമല്‍ ഹാസനും. തന്റെ രാഷ്ട്രീയ പാര്‍ട്ടി ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതാവുമെന്ന് കമല്‍ സൂചിപ്പിച്ചിട്ടുണ്ട്. പെരിയാര്‍ തന്റെ അച്ഛനാണെന്ന് സന്ദര്‍ശന ശേഷം കമല്‍ ഹാസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Comments

comments

Categories: FK News, Politics