സ്വതന്ത്ര വ്യാപാരത്തില്‍  പുതു അധ്യായം

സ്വതന്ത്ര വ്യാപാരത്തില്‍  പുതു അധ്യായം

അമേരിക്ക വിട്ടുപോയാലും സ്വതന്ത്ര വ്യാപാര നയങ്ങള്‍ തുടരാന്‍ പ്രതിബദ്ധതയോടെ പല രാഷ്ട്രങ്ങളും മുന്നോട്ടുവന്നത് ശുഭകരമാണ്. ചിലിയില്‍ ചരിത്രപരമായ പുതു സമവാക്യങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ചൈനയുടെ വ്യാപാര അധീശത്വം തടയുക കൂടിയാണ് പുതിയ ഉടമ്പടിയുടെ ഉദ്ദേശ്യം

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം ആദ്യം നടത്തിയ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു സുപ്രധാനമായ ടിപിപി (ട്രാന്‍സ് പസിഫിക്ക് പാര്‍ട്ണര്‍ഷിപ്പ്) ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം. ട്രംപിന്റെ ആശയപാപ്പരത്വം അറിയാമായിരുന്നവര്‍ക്ക് അതൊരു പുതുമ ആയിരുന്നില്ലെങ്കിലും ലോകത്തെ വിഴുങ്ങാനുള്ള ചൈനയുടെ ശ്രമത്തെ യുഎസ് പ്രതിരോധിക്കുമെന്ന് ആഗ്രഹിച്ച നിഷ്‌കളങ്കരെ അത് ശരിക്കും നിരാശരാക്കി. ഇന്നലെ അലുമിനിയത്തിനും സ്റ്റീലിനും ഇറക്കുമതി തീരുവ നന്നായി കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തു.

1945 മുതല്‍ അമേരിക്ക തന്നെ മുന്‍കൈയെടുത്ത് സൃഷ്ടിച്ച ലോകക്രമത്തില്‍ നിന്ന് അവര്‍ തന്നെ വേറെ പലരോടുമുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ പിന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവ്യാപാര നയങ്ങളല്ല സംരക്ഷണവാദനയങ്ങളാണ് തനിക്ക് പ്രിയമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് ട്രംപ്. സ്വതന്ത്ര വിപണിയെന്ന സങ്കല്‍പ്പത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായി അതിനെ പലരും കണ്ടു. ഫ്രീ മാര്‍ക്കറ്റ് ഇക്കോണമിയെന്ന സ്വപ്‌നം പൊലിയുകയാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചിലിയില്‍ നിന്നും വന്ന വാര്‍ത്ത ശുഭപ്രതീക്ഷ നല്‍കുന്നു. സ്വതന്ത്ര വ്യാപാര നയങ്ങളുമായി ലോകത്തിന് മുന്നോട്ടുപോകാന്‍ അമേരിക്ക നിര്‍ബന്ധമല്ലെന്ന സന്ദേശം നല്‍കാനാണ് അത് ആഗ്രഹിക്കുന്നത്.

അമേരിക്കയില്ലാതെ തന്നെ ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പ് ഉടമ്പടിയുടെ മറ്റൊരു രൂപത്തില്‍ 11 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു. അമേരിക്ക ഇല്ലെങ്കില്‍ ലോകത്ത് സ്വതന്ത്ര വ്യാപാര കരാറുകള്‍ ചരിത്രമാകുമെന്ന ധാരണ പൊളിച്ചെഴുതുക കൂടിയാണ് അതിന്റെ ഉദ്ദേശ്യം. ആഗോളവല്‍ക്കരണത്തിനു വേണ്ടിയും സംരക്ഷണവാദത്തിന് എതിരെയും ചൈന ശബ്ദിക്കുന്നുണ്ടെങ്കിലും അത് കാപട്യത്തിന്റെ പാരമ്യമാണെന്നതാണ് പ്രശ്‌നം. സ്വന്തം സമ്പദ് വ്യവസ്ഥ അടച്ചുപൂട്ടി, സംരക്ഷണവാദത്തിന്റെ തലതൊട്ടപ്പന്‍മാരായിരുന്നിട്ട്, അമേരിക്കയെ പൂട്ടാന്‍ ആഗോളവല്‍ക്കരണത്തിനുവേണ്ടി വാദിക്കുന്ന നമ്പര്‍ വണ്‍ ഇരട്ടത്താപ്പാണ് ചൈനയുടേത്. അതുകൊണ്ട് ചൈന ഉള്‍പ്പെട്ട കരാറുകളോ ചൈനയുടെ വാദങ്ങളോ ഇതില്‍ കണക്കിലെടുക്കുക പോലും ചെയ്യേണ്ട കാര്യമില്ല. ആ സാഹചര്യത്തിലാണ് പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ പ്രസക്തമാകുന്നത്.

അമേരിക്കയുടെ പ്രതിബദ്ധതയില്ലായ്മ സ്വതന്ത്രവ്യാപാരത്തിന്റെ ഭാവി തന്നെ ചോദ്യചിഹ്നമാക്കിയ അവസ്ഥയില്‍ ഇത്തരമൊരു നീക്കം പ്രതീക്ഷ നല്‍കുന്നതാണ്. അങ്ങനെയൊരു ധാരണയെ പൊളിക്കുകയും ചെയ്യുന്നു അത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയാണ് പുതിയ ഉടമ്പടിയെ നയിക്കുന്നത്. യുഎസ് ഇല്ലാതെ തന്നെ ഏഷ്യാ-പസിഫിക് മേഖലയില്‍ ഉദാരവല്‍ക്കരണ നയങ്ങളുമായി, പുതിയ തലത്തിലുള്ള നേതൃത്വം ഇന്ത്യയുടെ പിന്തുണയോടെ ജപ്പാന് വഹിക്കാം എന്നതുകൂടി ഇതില്‍ നിന്നും വായിച്ചെടുക്കാം. ഇതുവരെയുണ്ടായിരുന്നത് ജപ്പാന്റെ സംരക്ഷകനും സ്‌പോണ്‍സറുമെല്ലാമായി അമേരിക്ക നടിക്കുന്ന ശൈലിയായിരുന്നു. അതും ഇതോടെ ഇല്ലാതാകുകയാണ്. സിപിടിപിപി അഥവാ കോംപ്രിഹെന്‍സീവ് പ്രോഗ്രസീവ് എഗ്രിമെന്റ് ഫോര്‍ ട്രാന്‍സ് പസിഫിക് പാര്‍ട്ണര്‍ഷിപ്പ് എന്നാണ് പുതിയ ഉടമ്പടി അറിയപ്പെടുക.

സൗത്ത് കൊറിയ, ഇന്തോനേഷ്യ എന്നിവ പോലുള്ള ചില രാജ്യങ്ങള്‍ ഇതിന്റെ ഭാഗമായിട്ടില്ല. ഫിലിപ്പീന്‍സിനെ പോലുള്ള അമേരിക്കയുടെ ചില സുഹൃത്തുക്കളും. എന്നാല്‍ കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളുണ്ട് താനും. ഈ ചേരിയുടെ സ്ഥാപിത ലക്ഷ്യം പോലെ തന്നെ ചൈനയെ ഈ ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൈനയുടെ വ്യാപാര അധീശത്വം തടയുക കൂടിയാണ് പുതിയ ഉടമ്പടിയുടെ ഉന്നം.

Comments

comments

Categories: Editorial, Slider