ഇരുട്ടിന്റെ ലോകത്ത് കൈത്താങ്ങാകാന്‍ ജൂഡോ പരിശീലനം

ഇരുട്ടിന്റെ ലോകത്ത് കൈത്താങ്ങാകാന്‍ ജൂഡോ പരിശീലനം

കാഴ്ച അന്യമായ ലോകത്തെ സ്ത്രീകള്‍ക്ക് ശാരീരിക അതിക്രമങ്ങള്‍ ചെറുക്കാനും അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനും സഹായിക്കുകയാണ് സൈറ്റ്‌സേവേഴ്‌സ്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നല്‍കുന്ന പരിശീലനത്തിലൂടെ മധ്യപ്രദേശിലെ നിരവധി സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ ഈ സന്നദ്ധ സംഘടനയ്ക്കു കഴിഞ്ഞിരിക്കുന്നു

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. സ്ത്രീകളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ഫലപ്രദമായി നടക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അതിക്രമങ്ങളുടെ എണ്ണവും കൂടിവരുന്നു. സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവയില്‍ ഏറെയും. സ്ത്രീകളില്‍തന്നെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കെതിരെയുള്ള അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സൈറ്റ്‌സേവേഴ്‌സ് എന്ന സന്നദ്ധ സംഘടന ഇത്തരക്കാരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. കാഴ്ച പരിമിതിയുള്ളവരുടെ സഹായത്തിനായി കാലങ്ങളായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓര്‍ഗനൈസേഷനാണ് സൈറ്റ്‌സേവേഴ്‌സ്.

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ കാഴ്ച പരിമിതിയുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. മാനുഷിക പരിഗണന പോലും നല്‍കാതെയാണ് സ്ത്രീകള്‍ പലപ്പോഴും അതിക്രൂരമായി ശാരീരിക ആക്രമണങ്ങള്‍ക്ക് വിധേയരാകാറുള്ളത്. കണക്കുകള്‍ പ്രകാരം 2016ല്‍ പ്രതിദിനം നൂറോളം ബലാല്‍സംഗ കേസുകളാണ് ഇന്ത്യയിലെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതേ വര്‍ഷം തന്നെ സംസ്ഥാനത്ത് ഇത്തരത്തില്‍ 4882 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെ ഏറ്റവും കൂടുതല്‍ ബലാല്‍സംഗ കേസുകളുടെ പട്ടികയില്‍ മധ്യപ്രദേശ് ഒന്നാമതെത്തിയിരുന്നു.

സൈറ്റ് സേവേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ന് മധ്യപ്രദേശിലെ കാഴ്ച പരിമിതിയുള്ള നിരവധി സ്ത്രീകളാണ് ജൂഡോ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ ചിലര്‍ ജൂഡോ പരിശീലകരായും മറ്റു ചിലര്‍ ദേശീയ തലത്തില്‍ ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നു

കാഴ്ച പരിമിതി നേരിടുന്നവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൈറ്റ് സേവേഴ്‌സിന്റെ പ്രവര്‍ത്തനം. ശാരീരിക അതിക്രമങ്ങളെയും മറ്റും ചെറുക്കുന്നതിനായി മധ്യപ്രദേശിലെ കാഴ്ച പരിമിതിയുള്ള സ്ത്രീകളെ ആയോധന കലയായ ജൂഡോ അഭ്യസിപ്പിക്കുന്നതിനായാണ് ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പൊതുസമൂഹത്തില്‍ ഇത്തരം സ്ത്രീകളുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് എത്തിച്ച് ആത്മവിശ്വാസം പകരാനുമാണ് സംഘടന ലക്ഷ്യമിടുന്നത്. ഈ പരിശീലനത്തെിലൂടെ ഗ്രാമപ്രദേശങ്ങളിലുള്‍പ്പെടെയുള്ള 60 ല്‍ പരം സ്ത്രീകള്‍ ഇന്ന് വീടിനു പുറത്തിറങ്ങാനും ജോലി കണ്ടെത്താനും പൊതു സമൂഹത്തിന്റെ ഭാഗമാകാനും തയാറായിരിക്കുന്നു. ചില പെണ്‍കുട്ടികള്‍ ഒരു കരിയര്‍ എന്ന നിലയില്‍ ജൂഡോ ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് ജേതാക്കളാകുന്നുമുണ്ട്.

സ്ത്രീകള്‍ക്കു വേണ്ടത് സ്വയം പ്രതിരോധം

ഇന്ത്യയില്‍ അഭ്യസ്തവിദ്യരുടെ എണ്ണം കൂടിവരുമ്പോഴും നിയമം കൂടുതല്‍ കര്‍ക്കശമാക്കുമ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നിര്‍ബാധം തുടരുകയാണ്. വീടിനകത്തും പുറത്തും നടക്കുന്ന അതിക്രമങ്ങളുടെ കാഠിന്യവും രീതികളും മനുഷ്യ മനസാക്ഷിയെപോലും ഞെട്ടിപ്പിക്കുന്ന തരത്തിലൂള്ളതാണെന്ന് നമുക്കു ചുറ്റും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ മനസിലാക്കാവുന്നതേയുള്ളൂ. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും വേട്ടയാടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇനിയും കുറവുണ്ടാകുന്നില്ല. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം തന്നെ ഭീമമാണെന്നിരിക്കെ രജിസ്റ്റര്‍ ചെയ്യാതെയും പുറം ലോകം അ
റിയപ്പെടാതെയും പോകുന്ന കേസുകളും കൂടിയായാലോ? തനിക്കെതിരെ ഉണ്ടാകുന്ന ശാരീരിക, ലൈംഗിക അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യ പോംവഴി. നിയമ സംവിധാനങ്ങളൊക്കെയും രണ്ടാം ഘട്ടം മാത്രമാണ്. തന്നേക്കാള്‍ കായികബലമുള്ളവരെ നേരിടാന്‍ സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ടത് മനക്കരുത്തിനൊപ്പം ആയോധന കലകളിലെ പരിജ്ഞാനം കൂടിയാണ്. അത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സൈറ്റ്‌സേവേഴ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു.

സുരക്ഷയ്ക്കപ്പുറം വരുമാനമാര്‍ഗവും

സൈറ്റ് സേവേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ന് മധ്യപ്രദേശില്‍ കാഴ്ച പരിമിതിയുള്ള നിരവധി സ്ത്രീകളാണ് ജൂഡോ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ ചിലര്‍ ജൂഡോ പരിശീലകരായും മറ്റു ചിലര്‍ ദേശീയ തലത്തില്‍ ചാംപ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നു എന്നത് സംഘടനയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. ” സംഘടനയുടെ ജൂഡോ പരിശീലനം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ഇത്ര വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’ ‘, സൈറ്റ്‌സേവേഴ്‌സിന്റെ പ്രോഗ്രാം മാനേജര്‍ ആയ ജയശ്രീ കുമാര്‍ പറയുന്നു. ജൂഡോ പരിശീലനം പെണ്‍കുട്ടികള്‍ക്ക് അവരുടെ സുരക്ഷയ്ക്ക് സഹായകമാകും എന്നതിലുപരി ഇപ്പോള്‍ അവര്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് ഇറങ്ങിത്തിരിക്കാനുള്ള സാഹചര്യം കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാഴ്ച പരിമിതി ഒരു ബലഹീനതയല്ല എന്ന തിരിച്ചറിവ് ഇത്തരക്കാരെ പൊതുസമൂഹത്തിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കും, അത് അവരെ കൂടുതല്‍ ശ്കതരാക്കുകയും ചെയ്യും.

തന്നേക്കാള്‍ കായികബലമുള്ളവരെ നേരിടാന്‍ സ്ത്രീകള്‍ക്ക് അത്യാവശ്യം വേണ്ടത് മനക്കരുത്തിനൊപ്പം ആയോധന കലകളിലെ പരിജ്ഞാനം കൂടിയാണ്. ഇത്തരത്തില്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുകയാണ് സൈറ്റ്‌സേവേഴ്‌സ്

സുവര്‍ണ നേട്ടവുമായി സുദാമയും ജാനകിയും

സൈറ്റ്‌സേവേഴ്‌സിന്റെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ എത്ര കണ്ട് ഫലവത്താണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് മധ്യപ്രദേശ് സ്വദേശിയായ സുദാമ. നാല് വര്‍ഷം മുമ്പ് സന്നദ്ധ സംഘടനയുടെ ജൂഡോ പരിശീലന പരിപാടിയില്‍ പങ്കെടുത്ത അവര്‍ ഇന്ന് ഒരു ജൂഡോ പരിശീലകയായി ജോലി ചെയ്യുകയാണ്. ” ജൂഡോ പഠിക്കുന്നതിനു മുമ്പ് ഞാന്‍ എങ്ങനെ വീടിനു പുറത്ത് ഇറങ്ങുമെന്നും എങ്ങനെ ജീവിക്കുമെന്നും ഭയപ്പെട്ടിരുന്നു. തനിച്ച് ദൂരെയുള്ള സ്‌കൂളില്‍ പോകാനും വീട്ടുകാര്‍ വിലക്കിയ ഒരു കാലമുണ്ടായിരുന്നു”, സുദാമ പറയുന്നു. ഇന്ന് സുദാമയ്ക്ക് വീട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്താറില്ല. അവളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുമില്ല. ലക്‌നൗ, ഡെല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ നടന്ന ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് സ്വര്‍ണം, വെള്ളി മെഡലുകള്‍ കരസ്ഥമാക്കാനും സുദാമയ്ക്കു കഴിഞ്ഞിരിക്കുന്നു. സൈറ്റ്‌സേവേഴ്‌സിലെ പരിശീലനത്തില്‍ പങ്കെടുക്കാനായതു വഴി ജീവിതത്തില്‍ പുതിയ വഴിത്തിരിവുണ്ടായതായും ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങാനുള്ള പിന്തുണ ലഭിച്ചതായും സുദാമ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിയിലെ ദേശീയ ജൂഡോ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതോടെ സ്വദേശത്തു നിന്നുതന്നെ വലിയ തോതില്‍ പിന്തുണ സുദാമയ്ക്കു ലഭിച്ചു. സുദാമയുടെ നേട്ടങ്ങളുടെ പട്ടികയിലും കഴിവു തെളിയിച്ചിട്ടും സാമ്പത്തിക പരാധീനതകള്‍ കൊണ്ടു കരിയറില്‍ വലിയ തോതില്‍ വെല്ലുവിളികള്‍ നേരിടുന്നവരും ഇക്കൂട്ടത്തിലുണ്ട്. രണ്ടു വര്‍ഷത്തെ പരിശീലനം കൊണ്ടുതന്നെ ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ പെണ്‍കുട്ടിയാണ് ജാനകി. എന്നാല്‍ തുടര്‍ന്നുള്ള അന്തര്‍ദേശീയ ജൂഡോ ചാംപ്യന്‍ഷിപ്പ് തുര്‍ക്കിയിലായതിനാല്‍ അതിനാവശ്യമായ നിക്ഷേപം സമാഹരിക്കാനും മറ്റും ജാനകിയുടെ നിര്‍ധനരായ കുടുംബത്തിന് ബുദ്ധിമുട്ടാണ്. മല്‍സരത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ ഉപരി ഇവര്‍ക്കെല്ലാം ദേശീയ തലത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും സമൂഹത്തിലിറങ്ങാനും സ്വയം പ്രതിരോധ പരിശീലനത്തില്‍ പങ്കെടുത്ത് ജീവിതം തന്നെ മാറ്റിമറിക്കാന്‍ കഴിഞ്ഞതുമാണ് ഏറെ സന്തോഷം നല്‍കുന്നത്. കാഴ്ച പരിമിതിയുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇത്തരത്തില്‍ വേറിട്ട പരിശീലനം നല്‍കി ജീവിതോപാധി ഒരുക്കാനായത് സൈറ്റ് സേവേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.

Comments

comments

Categories: FK Special, Slider