വ്യാപാരയുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക്  വിനാശകരമെന്ന് ചൈന

വ്യാപാരയുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക്  വിനാശകരമെന്ന് ചൈന

വാണിജ്യയുദ്ധത്തില്‍ ജേതാക്കളില്ല

ബെയ്ജിംഗ്: അമേരിക്കയുമായുള്ള ഏതു തരത്തിലെ വ്യാപാരയുദ്ധവും ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വിനാശമായിരിക്കും സമ്മാനിക്കുകയെന്ന് ചൈനീസ് വാണിജ്യമന്ത്രി ഷോംഗ് ഷാന്‍. ലോഹങ്ങളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച അമേരിക്കയുടെ നയം ആഗോള വളര്‍ച്ചയെ തകര്‍ക്കുമെന്ന ആശങ്കയുയര്‍ന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ചൈന ഒരു വാണിജ്യയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതിന് ആരംഭം കുറിക്കില്ലെന്നും ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഷാന്‍ വ്യക്തമാക്കി.

വാണിജ്യയുദ്ധത്തില്‍ ജേതാക്കളില്ല. ചൈനയ്ക്കും അമേരിക്കയ്ക്കും ലോകത്തിനു തന്നെയും ഇത് ദുരന്തം മാത്രമായിരിക്കും കൊണ്ടുവരിക. ചൈന ഏതു വെല്ലുവിളികളും കൈകാര്യം ചെയ്യുമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ ദൃഢതയോടെതന്നെ സംരക്ഷിക്കുമെന്നും ഷാന്‍ പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ആര്‍ക്കും ആഗ്രഹമില്ല. പോരാടുന്നവര്‍ മറ്റുള്ളവര്‍ക്കുകൂടി നാശം വിതയ്ക്കുമെന്നും ആര്‍ക്കും ഇതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്നും ഏവര്‍ക്കുമറിയാം. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓട്ടോമൊബീല്‍ ഉള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന കുറയ്ക്കുമെന്ന വാഗ്ദാനവും അദ്ദേഹം ആവര്‍ത്തിച്ചു.

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവുമായാണ് അമേരിക്ക തീരുവ ഉയര്‍ത്തിയത്‌

ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവുമായാണ് അമേരിക്ക തീരുവ ഉയര്‍ത്തിയത്. ഇറക്കുമതി ചെയ്യുന്ന ലോഹങ്ങളുടെ തീരുവയില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ ജപ്പാനും യൂറോപ്യന്‍ യൂണിയനും അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. തീരുവ വര്‍ധനവിലൂടെ ചൈനയെയാണ് പ്രധാനമായും ട്രംപ് ലക്ഷ്യംവയ്ക്കുന്നത്.

അതേസമയം, തീരുവ വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം അമേരിക്കയില്‍ പ്രബലമാകുന്ന സംരക്ഷണവാദനയത്തെ കുറിച്ചുള്ള ആശങ്കകള്‍ അടിവരയിടുന്നതാണ്. വാണിജ്യ രംഗത്തെ തര്‍ക്കങ്ങള്‍ ആഗോള വളര്‍ച്ചയെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഏതാനും വര്‍ഷങ്ങളായി ഭയപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ അടിത്തറയായ യുഎസ് കല്‍ക്കരി വ്യവസായത്തെ ഉന്നമിട്ടുള്ള നടപടികളിലൂടെ തിരിച്ചടിക്കണമെന്നാണ് ചൈനീസ് ലോഹ വ്യവസായികള്‍ ആവശ്യപ്പെടുന്നത്.

അമേരിക്കയാണ് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2017ല്‍ 35 മില്യണ്‍ ടണ്‍ അസംസ്‌കൃത വസ്തുക്കളാണ് ഈ രംഗത്ത് യുഎസ് വാങ്ങിയത്. ഇതില്‍ 6.6 മില്യണ്‍ ടണ്‍ ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളതായിരുന്നു. അമേരിക്കന്‍ തൊഴിലുകള്‍ സംരക്ഷിക്കാന്‍ നിലവിലെ താരിഫ് വര്‍ധന സഹായിക്കുമെന്നാണ് ട്രംപ് വിശ്വസിക്കുന്നത്.

Comments

comments

Categories: World