നവസംരംഭകരെ മാടിവിളിക്കുന്ന ബ്രിട്ടീഷ് നഗരങ്ങള്‍

നവസംരംഭകരെ മാടിവിളിക്കുന്ന ബ്രിട്ടീഷ് നഗരങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കു പറ്റിയ അഞ്ച് ബ്രിട്ടീഷ് നഗരങ്ങള്‍

മികച്ച നവസംരംഭകരുടെയും വ്യവസായങ്ങളുടെയും നാടാണ് ബ്രിട്ടണ്‍. ഇവിടെത്തെ ബിസിനസുകളെല്ലാം ലണ്ടന്‍കേന്ദ്രീകൃതമാണെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാല്‍, ഇതരപ്രാദേശിക മേഖലകളും ബിസിനസിനാല്‍ അഭിവൃദ്ധിപ്പെടുന്നുണ്ട്. വന്‍വളര്‍ച്ചയുള്ള അഞ്ചില്‍ മൂന്നു ബിസിനസുകളും ലണ്ടനു പുറത്താണെന്നു ദ് ഹൈ ഗ്രോത്ത് സ്മാള്‍ ബിസിനസ് അര്‍ബന്‍ ലീഗ് ടേബിള്‍ എന്ന വ്യവസായസംഘടന ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മൂന്നിലൊന്നു തൊഴിലവസരങ്ങളും അവരാണ് ഉണ്ടാക്കുന്നത്. എഫ്ടിഎസ്ഇ 100 സൂചികയിലിടം നേടിയ കമ്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ മൂന്നിരട്ടിയാണിത്. 2016-ല്‍ നടത്തിയ പഠനത്തില്‍ ബിസിനസ് നടത്താന്‍ പറ്റിയ മികച്ച നഗരമല്ല ലണ്ടന്‍ എന്ന വിവരം കൂടി പുറത്തു വന്നിരുന്നു. ഇതനുസരിച്ച്, ബ്രിട്ടണിലെ സംരംഭസൗഹൃദനഗരങ്ങളില്‍ എട്ടാം സ്ഥാനമാണ് തലസ്ഥാനത്തിനുള്ളത്. ഇത്തരമൊരു നഗരത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഏതായാലും ഉചിതമായിരിക്കില്ല. പ്രത്യേകിച്ച്, ആദ്യ മൂന്നുമാസങ്ങളില്‍ നവസംരംഭങ്ങള്‍ മോശം പ്രകടനമാണ് പ്രതീക്ഷിക്കുന്നത് എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍. ശക്തമായ പ്രാദേശിക പിന്തുണ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കു പ്രധാനമാണ്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, മാന്‍ചെസ്റ്റര്‍, ലീഡ്‌സ്, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങളാണ് ലണ്ടനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ബിസിനസ് സൗഹൃദനഗരങ്ങള്‍.

വന്‍വളര്‍ച്ചയുള്ള അഞ്ചില്‍ മൂന്നു ബിസിനസുകളും ലണ്ടനു പുറത്താണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, മൂന്നിലൊന്നു തൊഴിലവസരങ്ങളും അവരാണ് ഉണ്ടാക്കുന്നത്. എഫ്ടിഎസ്ഇ 100 സൂചികയിലിടം നേടിയ കമ്പനികള്‍ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളുടെ മൂന്നിരട്ടിയാണിത്

ബ്രൈറ്റണ്‍

63 നഗരങ്ങളെ ആധാരമാക്കി നടത്തിയ പഠനത്തില്‍ ചെറുകിടസംരംഭങ്ങള്‍ തുടങ്ങാന്‍ ഏറ്റവും പറ്റിയ നഗരം ബ്രൈറ്റണ്‍ ആണെന്ന് ഗവേഷണസ്ഥാപനം ഇന്‍ഫോമി നടത്തിയ പഠനത്തില്‍ തെളിയുന്നു. തെക്കന്‍ ഇംഗ്ലണ്ടിലെ സൃഷ്ട്യുന്മുഖവും സാംസ്‌കാരിക വൈവിധ്യമാര്‍ജിച്ചതുമായ പ്രദേശമാണു ബ്രൈറ്റണ്‍. ഇവിടെ ഏറ്റവും കൂടുതലുള്ളത് സര്‍ഗാത്മക, ഡിജിറ്റല്‍, ഐടി ബിസിനസുകളാണ്. ശരാശരി ഒരു ബില്യണ്‍ പൗണ്ട് മൂല്യമുള്ള ബിസിനസ് സംരംഭങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ശരാശരി ഏഴു ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ബ്രൈറ്റണില്‍ സംരംഭം ആരംഭിക്കുന്നതിന്റെ ഗുണങ്ങളെന്തെന്നു നോക്കാം. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ബ്രൈറ്റണിന്റെയും സമീപപട്ടണമായ ഹോവിന്റേതും. ബ്രൈറ്റണ്‍, സസ്സെക്‌സ് സര്‍വകലാശാലകളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനു മുതല്‍ക്കൂട്ടാകുന്നു. ടെക്ക് ഹബ്ബായ പ്രദേശം, ഐടി മുതല്‍ പരസ്യകമ്പനികള്‍ വരെയുള്ള സംരംഭങ്ങളെ ആകര്‍ഷിക്കുന്നു. സ്വതന്ത്ര ചില്ലറവ്യാപാരികളുടെയും ഭക്ഷ്യോല്‍പ്പാദകരുടെയും നല്ലൊരു താവളം കൂടിയാണിത്. കല, സംസ്‌കാരം, ശാസ്ത്രസാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ്, ഗണിത ശാസ്ത്രം തുടങ്ങിയ വിദ്യകളുടെ കേദാരവുമാണ് ഇവിടം. ഇത്തരം അവസരങ്ങള്‍ ഒത്തുചേരുന്ന ഇവിടെ സ്റ്റാര്‍ട്ടപ്പുകളുടെ അതിജീവന നിരക്ക് 87 ശതമാനമാണ്. 2012-14 കാലഘട്ടത്തില്‍ ജീവനക്കാരുടെ എണ്ണം 10 ശതമാനം കണ്ട് വര്‍ധിച്ചുവെന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയനേട്ടമായി കാണാം.

ബ്രൈറ്റണിലെ സംരംഭങ്ങള്‍

ഒരിക്കല്‍ പാനം ചെയ്താല്‍ ബ്രൈറ്റണ്‍ ജിന്നിന്റെ രുചി നിങ്ങളെ സദാ പിന്തുടരും. പ്രാദേശികമായി കൈകൊണ്ടുണ്ടാക്കുന്ന ഈ മദ്യം കോക്ടെയ്ല്‍ പ്രിയരുടെ ആരാധനാപാത്രമാണ്. ബെല്‍ഫാസ്റ്റിലും മാന്‍ചെസ്റ്ററിലും ഇതിന്റെ ഖ്യാതി വ്യാപകമായി ഒഴുകിപ്പരന്നിരിക്കുന്നു. മാധ്യമരംഗത്തും വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു നിരവധി മീഡിയഹൗസുകള്‍ ഇവിടെയുണ്ട്. ബിബിസി, ചാനല്‍ 4, ചാനല്‍ 5, അല്‍ജസീറ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളുടെ പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ലാംബെന്റ് പ്രൊഡക്ഷന്‍സ് അതിലൊന്നാണ്. അനിമേഷന്‍, അഭിമുഖ പരിപാടികള്‍ക്ക് നാലോളം ബാഫ്ത്ത പുരസ്‌കാരങ്ങള്‍ നേടിയ പ്ലഗ് ഇന്‍ മീഡിയയാണ് മറ്റൊരു പ്രധാനസ്ഥാപനം. സ്റ്റാര്‍ട്ടപ്പ് പിന്തുണയ്ക്കായി നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ടെന്നതാണ് നവസംരംഭകരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ദ് ഫണ്ടിംഗ് റൂം എന്ന എഞ്ചല്‍ നിക്ഷേപക സ്ഥാപനം, ബിസിനസുകളുടെ നിലവാരപരിശോധനയും നിലനില്‍പ്പും ഉറപ്പാക്കുന്ന ഹോവ് ബിസിനസ് അസോസിയേഷന്‍, പരിശീലനവും അവസരവും നല്‍കുന്ന ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, പ്രൊഫഷണല്‍ സഹായവും എച്ച്ആര്‍ പിന്തുണയും നല്‍കുന്ന സസ്സെക്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, മികച്ച ഭക്ഷണവും നെറ്റ്‌വര്‍ക്കിംഗ് അവസരവും പ്രദാനം ചെയ്യുന്ന ബ്രൈറ്റണ്‍ ബിസിനസ് കറി ക്ലബ്, ബ്രൈറ്റണ്‍ ഫോര്‍ ബിസിനസ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് അവസരം നല്‍കുന്ന ബ്രൈറ്റണ്‍ ഫാം എന്നിവയാണ് ഇതില്‍ പ്രധാനം.

കേംബ്രിഡ്ജ്

ചെറുകിടസംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ മറ്റൊരു നഗരമാണ് കേംബ്രിഡ്ജ്. ഇംഗ്ലണ്ടിലെ ഏറ്റവും ഊര്‍ജസ്വലമായ ബിസിനസ് ഹബ്ബാണിത്. സംരംഭകര്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വന്‍അവസരം നല്‍കുന്ന നഗരം. നിര്‍മാണം, ഉല്‍പ്പാദനം, സാങ്കേതികരംഗം, മൊത്തക്കച്ചവടം, ചില്ലറവിതരണം, വിവരസാങ്കേതികവിദ്യ, ടെലികോം എന്നിവയ്ക്ക് ഏറെ പ്രശസ്തമായ കേന്ദ്രം. 24,476 കമ്പനികള്‍ ബോസ്റ്റണില്‍ പ്രവര്‍ത്തനം നടത്തുന്നു. 35.6 ബില്യണ്‍ പൗണ്ടാണ് ഇവയുടെ ആകെ വിറ്റുവരവ്. നഗരം 2,10,211 പേര്‍ക്ക് ജോലി കൊടുക്കുന്നു. പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വകലാശാലയെ ചുറ്റിപ്പറ്റിയാണ് കിഴക്കന്‍ ബ്രിട്ടണിലെ ഈ നഗരത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 2.1 ബില്യണ്‍ പൗണ്ട് വിറ്റുവരവുള്ള, 30,219 പേര്‍ക്ക് ജോലി നല്‍കുന്ന, 353 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിറവി നല്‍കിയ നഗരമായാണ് ടെക്ക് നാഷന്‍, കേംബ്രിഡ്ജിനെ വിശേഷിപ്പിക്കുന്നത്. വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 4,500 കമ്പനികളാണ് നഗരത്തിന്റെ രണ്ടു മൈല്‍ ചുറ്റളവില്‍ റജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ വന്‍ തോതിലുള്ള തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നു. ചൈനയെ അപേക്ഷിച്ച് 7.4 ശതമാനം വേഗത്തിലുള്ള വാര്‍ഷിക തൊഴില്‍സൃഷ്ടിയാണ് കേംബ്രിഡ്ജ് നഗരം ഒറ്റയ്ക്കു നടത്തുന്നത്. കണക്റ്റിംഗ് കേംബ്രിഡ്ജ്‌ഷൈര്‍ എന്ന പദ്ധതിയിലൂടെ സംരംഭങ്ങളും നാട്ടുകാരും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 80 ശതമാനം അതിജീവനനിരക്കാണ് ഇവിടെ മൂന്നു വര്‍ഷം വരെ പിന്നിട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ളത്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേറ്റന്റുകളും കേംബ്രിഡ്ജില്‍ പ്രസിദ്ധീകരിക്കുന്നു.

കേംബ്രിഡ്ജിലെ സംരംഭങ്ങള്‍

ടെക്- കമ്യൂണിക്കേഷന്‍ ബിസിനസ് സ്ഥാപനം എക്‌സെല്‍ ആണ് ഇവിടെ നിന്നുയര്‍ന്നു വന്ന ഏറ്റവും പ്രധാന കമ്പനി. 40 മില്യണ്‍ പൗണ്ട് വിറ്റുവരവുള്ള സ്ഥാപനം. മെഡിക്കല്‍ മേഖലയിലാണെങ്കില്‍ വെസ്‌ലികോ മാനുഫാക്‌ചേഴ്‌സ് തല ഉയര്‍ത്തി നില്‍ക്കുന്നു. ആശുപത്രി- ലാബ് ഉപകരണങ്ങളുടെ കയറ്റുമതി ഇരട്ടിപ്പിച്ചതിലൂടെ 2016ല്‍ 1.9മില്യണ്‍ പൗണ്ട് ലാഭമാണ് സ്ഥാപനം ഉണ്ടാക്കിയത്. നിരവധി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേംബ്രിജ്ഡ് ആതിഥ്യമരുളുന്നു. പ്രമുഖ ഫിന്‍ടെക് കമ്പനിയായ കാഷ്ഫ്‌ളോസ്, രണ്ടു വര്‍ഷത്തിനിടെ രാജ്യാന്തര വില്‍പ്പനയിലൂടെ 73 ശതമാനം വളര്‍ച്ചയാണ് ഉണ്ടാക്കിയത്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്ന വലിയ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും ആരെയാണു സമീപിക്കേണ്ടതെന്നു നിര്‍ദേശിക്കുന്ന, സ്റ്റാര്‍ട്ടപ്പ് ഉപദേശകരായും വഴികാട്ടികളായും പ്രവര്‍ത്തിക്കുന്ന, എന്റര്‍പ്രൈസ് ഈസ്റ്റ് കേംബ്രിഡ്ജ്‌ഷൈര്‍, സാമ്പത്തിക പിന്തുണയും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടി മല്‍സരങ്ങളും ഉത്തേജകപദ്ധതികളും നടത്തുന്ന കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി എന്റര്‍പ്രണേഴ്‌സ്, പ്രാദേശിക ഏഞ്ചല്‍ നിക്ഷേപകരുടെ വേദിയായ കേംബ്രിഡ്ജ് ഏഞ്ചല്‍സ്, സ്റ്റാര്‍ട്ടപ്പ് നിക്ഷേപകരായ കേംബ്രിഡ്ജ് ക്യാപിറ്റല്‍ ഗ്രൂപ്പ് എന്നിവരാണ് പ്രമുഖര്‍.

മാന്‍ചെസ്റ്റര്‍

ലണ്ടനു പുറത്തുള്ള ഏറ്റവും വലിയ ടെക് ക്ലസ്റ്ററാണ് മാന്‍ചെസ്റ്റര്‍. കേംബ്രിഡ്ജിനേക്കാള്‍ അഞ്ചിരട്ടി സംരംഭങ്ങള്‍ തുടങ്ങുന്ന നഗരത്തിന്റെ ബിസിനസ് അതിജീവന നിരക്ക് 35.9 ആണ്. മാന്‍ചെസ്റ്ററിലും മറ്റൊരു നഗരമായ ലീഡ്‌സിലും കൂടി മൂന്നു ദശലക്ഷം ജനസംഖ്യയാണുള്ളത്. 1.37 ആണ് ഇതിലെ തൊഴില്‍ ശേഷി. 2025- ആകുമ്പോഴേക്കും സാമ്പത്തികവളര്‍ച്ചയില്‍ ലണ്ടനെ ഈ നഗരം മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. 17.7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മാന്‍ചെസ്റ്ററിലെ സംരംഭങ്ങള്‍

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് മാന്‍ചെസ്റ്ററില്‍ കൂടുതലും. ബ്രിട്ടണിലെ ഏറ്റവും വലിയ സ്വകാര്യ ഇന്റര്‍നെറ്റ് ദാതാവ് യുകെ ഫാസ്റ്റ് ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. ആരോഗ്യപരിപാലനമേഖലയിലെ ടെക് കമ്പനിയായ യൂസബിള്‍സിന്റെ മൊബീല്‍ ആപ്ലിക്കേഷനുകള്‍ക്ക് മികവിനുള്ള പുരസ്‌കാരം നേടി. കാറുകള്‍ക്കായുള്ള ബ്രിട്ടണിലെ ഡിജിറ്റല്‍ വാണിജ്യ വേദിയാണ് ഓട്ടോ ട്രേഡര്‍. മാന്‍ചെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രായോഗിക നിര്‍ദേശങ്ങളും സഹായങ്ങളുമായി നവസംരംഭകരുടെ കൂടെ എപ്പോഴുമുണ്ട്. മാന്‍ചെസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയിലെ ബിസിനസ് ഇന്‍കുബേറ്റര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതുസംരംഭങ്ങള്‍ക്കും ഓഫിസ് സൗകര്യങ്ങളും ബിസിനസ് പിന്തുണയും നല്‍കുകയും രക്ഷാധികാരിയായി നിന്ന് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.

ലീഡ്‌സ്

വടക്കന്‍ ഇംഗ്ലണ്ടിന്റെ ശക്തികേന്ദ്രമായി ലീഡ്‌സ് ഇപ്പോഴും ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. ലണ്ടനും കേംബ്രിഡ്ജും കഴിഞ്ഞാല്‍ അതിവേഗം വളര്‍ച്ചയാര്‍ജിക്കുന്ന നഗരമാണ് ലീഡ്‌സ്. മൂന്നു കൊല്ലം കൊണ്ട് 20 ശതമാനം വളര്‍ച്ചയാണ് ഇവിടത്തെ ബിസിനസുകള്‍ക്കുണ്ടായിരിക്കുന്നത്. 2025-ല്‍ 17.1 ശതമാനമാണ് നഗരത്തിന്റെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ച. മാന്‍ചെസ്റ്ററിലും ലീഡ്‌സിലും കൂടി മൂന്നു ദശലക്ഷം ജനങ്ങളാണുള്ളത്.

ലീഡ്‌സിലെ സംരംഭങ്ങള്‍

രാജ്യത്തെ മൂന്നാമത്തെ ഉല്‍പ്പാദന കേന്ദ്രമാണ് ലീഡ്‌സ്. 64.6 ബില്യണ്‍ വിറ്റുവരവുള്ള നഗരമാണിത്. പ്രശസ്തമായ ലീഡ്‌സ് സര്‍വകലാശാല സ്ഥിതി ചെയ്യുന്ന നഗരത്തില്‍ നിരവധി നിയമസ്ഥാപനങ്ങളും വളര്‍ന്നു വരുന്നു. പക്ഷേ ഇതിനേക്കാളെല്ലാമുപരി വിവരസാങ്കേതികവിദ്യയാണ് സാമ്പത്തിക സ്രോതസായി നിലകൊള്ളുന്നത്. കൊക്കൂണിനെ പോലുള്ള നിരവധി ഇന്നൊവേറ്റിവ് ടെക് കമ്പനികളുടെ ഈറ്റില്ലമാണ് ഈ നഗരം. ആദ്യകാലത്ത് കാര്‍ഷിക മേഖലയായിരുന്ന ലീഡ്‌സ്, വ്യാവസായിക വിപ്ലവത്തോടെ കമ്പിളികളുടെയും പരവതാനികളുടെയും ഉല്‍പ്പാദകരായി മാറി. ഇന്ന് ചില്ലറവിപണി, കോള്‍ സെന്ററുകള്‍, ഓഫിസുകള്‍, മാധ്യമങ്ങള്‍ തുടങ്ങി ത്രിതീയമേഖലയെ ആശ്രയിച്ചാണ് നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. ബാങ്കിംഗ് വ്യവസായം ശക്തമായ ഇവിടെ നിരവധി ഫിന്‍ടെക് കമ്പനികളും ഉയര്‍ന്നു വന്നിട്ടുണ്ട്.

എഡിന്‍ബറോ

2016-ല്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാനുള്ള ഏറ്റവും നല്ല ബ്രിട്ടീഷ് നഗരമായി വിശേഷിപ്പിക്കപ്പെട്ട നഗരമാണ് എഡിന്‍ബറോ. ഓഫിസ് മുറികള്‍ക്കു വരുന്ന തുച്ഛവാടക, നിരവധി ഗവേഷണകേന്ദ്രങ്ങളുടെയും സയന്‍സ് പാര്‍ക്കുകളുടെയും സാന്നിധ്യം, മൂന്നു വിഖ്യാത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളുടെ വരവ് എന്നിവ സ്‌കോട്ട്‌ലന്‍ഡിലെ മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബാക്കി എഡിന്‍ബറോയെ മാറ്റി. 2010-15 കാലഘട്ടത്തിലെ നഗരത്തിലെ ബിസിനസ് അതിജീവന നിരക്ക് 37 ശതമാനമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെന്നു പേരെടുത്ത ഹെരിയറ്റ്- വോട്ട്, ക്വീന്‍ മാര്‍ഗരറ്റ്, എഡിന്‍ബറോ എന്നിവ സമര്‍ത്ഥരായ ഒരു വിഭാഗം വിശ്വപൗരന്മാരെ സൃഷ്ടിക്കുന്നു. നഗര കൗണ്‍സില്‍ 2,500 പൗണ്ടിന്റെ പലിശരഹിത വായ്പ സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്നുണ്ട്. ഓഫിസ് വാടക നിരക്കുകള്‍ ലണ്ടന്‍ നഗരത്തിന്റെ പകുതിയേ വരുന്നുള്ളൂ. 19,285 സംരംഭങ്ങള്‍ 2015-ല്‍ റജിസ്റ്റര്‍ ചെയ്തു. മണിക്കൂറില്‍ രണ്ട് കമ്പനികള്‍ എന്നതിനോ ദിവസം 52 എണ്ണം എന്നതിനോ സമാനമാണിത്. എഡിന്‍ബറോയുടെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം സുസ്ഥിര വളര്‍ച്ചയുടെ പാതയിലാണെന്നതിന്റെ തെളിവാണിത്. 2016- 17 വര്‍ഷത്തില്‍ എഡിന്‍ബറോ നഗരപരിധിയില്‍ സ്ഥാപിതമായ പുതിയ സംരംഭങ്ങളുടെ എണ്ണം 415 ആയിരുന്നു. 2.2 ശതമാനത്തിന്റെ വളര്‍ച്ചയാണു രേഖപ്പെടുത്തിയത്.

എഡിന്‍ബറോയിലെ സംരംഭങ്ങള്‍

വിമാനടിക്കറ്റുകള്‍ക്ക് ഏറ്റവും നന്നായി വിലപേശി, ഏറ്റവും താഴ്ന്ന നിരക്കില്‍ ആകാശയാത്ര തരപ്പെടുത്തുന്ന സ്‌കൈസ്‌കാനര്‍ എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ന് പ്രശസ്തമാണ്. 17 മില്യണ്‍ പൗണ്ട് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭം ഇന്ന് 700-ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. പ്രാദേശിക സ്വതന്ത്ര വിതരണക്കാരില്‍ നിന്ന് ഭക്ഷണ, പാനീയ പായ്ക്കുകള്‍ സമാഹരിച്ച് മാസവരിസംഖ്യ വാങ്ങി ഉപഭോക്താക്കളിലെത്തിക്കുന്ന ഫ്‌ളേവര്‍ലി ഇവിടത്തെ മറ്റൊരു സംരംഭമാണ്. 75,000 പൗണ്ട് സമാഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് അസീന്‍ ഷെയ്ഖ്, ക്രൗഡ് ഫണ്ടിംഗ് വേദിയായ ക്രൗഡ്ക്യൂബ് വഴി 5,15,000 പൗണ്ട് സമാഹരിക്കുകയാണ് ചെയ്തത്. സ്‌കോട്ട്‌ലന്‍ഡിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ സമാഹരിക്കപ്പെട്ട റെക്കോഡ് തുകയാണിത്. ഏഴുമുതല്‍ 16 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനോപകരണങ്ങളും സാമഗ്രികളും വിതരണം ചെയ്യുന്ന ട്വിഗ് എന്ന് എഡ്യുടെക് സ്ഥാപനവും ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ സ്‌കൂളുകളില്‍ സൗജന്യസേവനമാണ് നടത്തുന്നതെങ്കിലും ബ്രിട്ടണിലെ മറ്റു പ്രദേശങ്ങളിലും, കൊളംബിയ, യുഎസ്, ജപ്പാന്‍, സ്‌പെയിന്‍, പെറു, ചിലി, ബ്രസീല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും ഇവര്‍ വരിസംഖ്യ വാങ്ങിയാണ് സേവനം നല്‍കുന്നത്.

ശക്തമായ പ്രാദേശിക പിന്തുണ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കു പ്രധാനമാണ്. ബ്രൈറ്റണ്‍, കേംബ്രിഡ്ജ്, മാന്‍ചെസ്റ്റര്‍, ലീഡ്‌സ്, എഡിന്‍ബറോ തുടങ്ങിയ നഗരങ്ങളാണ് ലണ്ടനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ബിസിനസ് സൗഹൃദനഗരങ്ങള്‍

എഡിന്‍ബറോ സര്‍വകലാശാല പ്രാദേശിക സംരംഭങ്ങള്‍ക്കുള്ള ഗവേഷണങ്ങള്‍ക്കു പിന്തുണയും സാങ്കേതികസഹായവും നല്‍കുന്നുണ്ട്. നാല് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് ഈ സഹായങ്ങള്‍ നല്‍കുന്നത്. സ്‌കോട്ടിഷ് മൈക്രോ ഇലക്ട്രോണിക് സെന്റര്‍, എഡിന്‍ബറോ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍, എഡിന്‍ബറോ ടെക്‌നോളജി ട്രാന്‍സ്ഫര്‍ സെന്റര്‍, എഡിന്‍ബറോ ടെക്‌നോപോള്‍ എന്നിവയാണ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍. പുതുസംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ 25,000 പൗണ്ട് വായ്പ എഡിന്‍ബറോ കൗണ്‍സില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ബിസിനസിലേക്കു പ്രവേശിക്കുന്ന സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിക്കാനും ഓഫിസ് മുറികള്‍ ലഭ്യമാക്കാനും ടെക്ക് ക്യൂബ്, ദ് ഹേ മാര്‍ക്കറ്റ്, വെസ്റ്റ് എഡിന്‍ബറോ ബിസിനസ,് പാര്‍ക്ക്, സൗത്ത് ഗെയില്‍ ട്രേഡ് പാര്‍ക്ക് തുടങ്ങിയ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ബ്രിട്ടണിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ കോഡ്‌ബേസ് ഇവിടെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നൂറിലധികം പുതുതലമുറ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുകയും സംരംഭകരെ ഒരുമിച്ചു കൂട്ടുകയും സാങ്കേതികവിദഗ്ധരെയും നിക്ഷേപകരെയും ക്രിയാത്മകമായി സഹകരിപ്പിക്കുകയുമാണ് കോഡ്‌ബേസിന്റെ ലക്ഷ്യം.

Comments

comments

Categories: FK Special, Slider