ആധാര്‍ എന്റോള്‍മെന്റ് വര്‍ധിപ്പിക്കണമെന്ന് 2500 ബാങ്ക് ശാഖകള്‍ക്ക് നിര്‍ദേശം

ആധാര്‍ എന്റോള്‍മെന്റ് വര്‍ധിപ്പിക്കണമെന്ന് 2500 ബാങ്ക് ശാഖകള്‍ക്ക് നിര്‍ദേശം

ബാങ്ക് ശാഖകളുടെയും പോസ്റ്റ് ഓഫീസുകളുടെയും മൊത്തത്തിലുള്ള ആധാര്‍ എന്റോള്‍മെന്റ്/അപ്‌ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം 70,000 എന്ന തലത്തിലാണ്

ന്യൂഡെല്‍ഹി: ആധാര്‍ എന്റോള്‍മെന്റിലും അപ്‌ഡേഷനിലും പിന്നില്‍ നില്‍ക്കുന്ന ബാങ്ക് ശാഖകളോട് സ്ഥിതിഗതികളില്‍ മാറ്റംവരുത്തണമെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നിര്‍ദേശിച്ചു. എന്റോള്‍മെന്റ് സൗകര്യം ആരംഭിച്ച 7000ത്തിലധികം പൊതു-സ്വകാര്യ ബാങ്ക് ബ്രാഞ്ചുകളില്‍ ഏകദേശം 2500 എണ്ണത്തിലാണ് എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ തലത്തിലാണെന്ന് ആധാര്‍ ഏജന്‍സി കണ്ടെത്തിയത്.

ഈ ബ്രാഞ്ചുകളില്‍ ആധാര്‍ എന്റോള്‍മെന്റ് അല്ലെങ്കില്‍ അപ്‌ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 16 എണ്ണം എങ്കിലും നടത്തമെന്നാണ് യുഐഡിഎഐയുടെ നിര്‍ദേശം. കൂടാതെ ഒരു വ്യക്തിക്ക് ആ ബ്രാഞ്ചില്‍ എക്കൗണ്ട് ഇല്ലെങ്കില്‍ പോലും ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേഷനും നടത്തിക്കൊടുക്കണമെന്നും യുഐഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്.

‘ഒരു ബ്രാഞ്ചില്‍ നടക്കേണ്ടുന്ന എന്റോള്‍മെന്റ് അല്ലെങ്കില്‍ അപ്‌ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം 40 മുതല്‍ 50 വരെയാണ്. അതില്‍ അല്‍പ്പം കുറവോ കൂടുതലോ ആകാം. എന്നാല്‍ പ്രതിദിനം ഒരു ബ്രാഞ്ചില്‍ ഏറ്റവും കുറഞ്ഞത് 16 എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങളെങ്കിലും നടക്കേണ്ടതായുണ്ട്’, യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.

ബ്രാഞ്ചുകള്‍ മുന്‍കൈ എടുത്ത് തങ്ങളൊരുക്കിയിട്ടുള്ള ആധാര്‍ എന്റോള്‍മെന്റ് സൗകര്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തേണ്ടതുമുണ്ട്. ആധാര്‍ എന്റോള്‍മെന്റ്/അപ്‌ഡേഷന്‍ കേന്ദ്രങ്ങയി പ്രവര്‍ത്തിക്കുന്ന ബാങ്ക് ബ്രാഞ്ചുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും യുഐഡിഎഐ വെബ്‌സൈറ്റിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ബ്രാഞ്ചുകള്‍ക്ക് പുറമെ ഏകദേശം 1500 പോസ്റ്റ് ഓഫീസുകളും ആധാര്‍ സൗകര്യങ്ങള്‍ നല്‍കി വരുന്നുണ്ട്. ബാങ്കുകളില്‍ കൂടുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുള്ള സാധ്യതകള്‍ യുഐഡിഎഐ പരിശോധിക്കുകയാണ്. 2500 ബ്രാഞ്ചുകള്‍ ഒഴികെ ബാക്കിയുള്ളവയുടെ ആധാര്‍ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും ഏജന്‍സി വിലയിരുത്തുന്നു.

ബാങ്ക് ശാഖകളുടെയും പോസ്റ്റ് ഓഫീസുകളുടെയും മൊത്തത്തിലുള്ള ആധാര്‍ എന്റോള്‍മെന്റ്/അപ്‌ഡേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രതിദിനം 70,000 എന്ന തലത്തിലാണ്. ബാങ്ക് എക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നത് എളുപ്പത്തിലാക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് ബാങ്കുകളില്‍ ആധാര്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം കൂടുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ ആവശ്യമാണെന്നും യുഐഡിഎഐ പറയുന്നു. 10 ശതമാനം ശാഖകളില്‍ ആധാര്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത ബാങ്കുകളില്‍ നിന്ന് 20,000 രൂപ (ഓരോ ബാഞ്ചിന്റെ കണക്കില്‍ ) പിഴയും ഈടാക്കുന്നുണ്ട്.

Comments

comments

Categories: Banking