‘പരാജയപ്പെട്ട രാഷ്ട്ര’ത്തിന്റെ ഉപദേശം വേണ്ട! യുഎന്നിന്റെ മനുഷ്യാവകാശ സമ്മേളനത്തില്‍ പാകിസ്ഥാന്റെ മുഖത്തടിച്ച് ഇന്ത്യ

‘പരാജയപ്പെട്ട രാഷ്ട്ര’ത്തിന്റെ ഉപദേശം വേണ്ട! യുഎന്നിന്റെ മനുഷ്യാവകാശ സമ്മേളനത്തില്‍ പാകിസ്ഥാന്റെ മുഖത്തടിച്ച് ഇന്ത്യ

ജനീവ : ‘കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങ’ളെ കുറിച്ച് വാചാലമായ പാകിസ്ഥാന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖമടച്ച് മറുപടി നല്‍കി ഇന്ത്യ. ജനീവയില്‍ നടക്കുന്ന സമ്മേളനത്തില്‍ തുടര്‍ച്ചായായി രണ്ടാം ദിവസവും കശ്മീര്‍ വിഷയം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചതോടെയാണ് പരാജയപ്പെട്ട രാഷ്ട്രത്തിന്റെ ഉപദേശം ആവശ്യമില്ലെന്ന് ഇന്ത്യയുടെ പ്രതിനിധി പ്രതികരിച്ചത്. നിരത്തുകളിലൂടെ ഭീകരര്‍ റോന്തു ചുറ്റുന്ന, ഭീകരര്‍ തഴച്ചു വളരുന്ന സമയത്തും പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് പ്രഭാഷണങ്ങള്‍ കേള്‍ക്കാമെന്ന് യുഎന്നിലെ ഇന്ത്യയുടെ സെക്കന്റ് സെക്രട്ടറി മിനി ദേവി കുമാം പറഞ്ഞു.

       ഒസാമ ബിന്‍ ലാദനെയും താലിബാന്‍ നേതാവ് മുല്ലാ ഒമറിനെയും സംരക്ഷിച്ച രാജ്യം സ്വയം ഇരയായി ചിത്രീകരിക്കുന്നത് അസാധാരണമാണ്. ജമ്മു കശ്മീരിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ആദ്യം ബലമായി പിടിച്ചെടുത്ത കശ്മീരില്‍ നിന്ന് പിന്‍മാറുകയാണ് വേണ്ടത്. 1972ലെ ഷിംല കരാറും 1999ലെ ലാഹോര്‍ കരാറും മാനിക്കാതെ അതിര്‍ത്തിയില്‍ ഭീകരരെ കടത്തിവിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. 2008ലെ മുംബൈ ഭീകരാക്രമണത്തിനും 2016ലെ പഠാന്‍കോട്ട്  ആക്രമണത്തിനും ഉറി ഭീകരാക്രമണത്തിന്നും പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്കെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കുമോ എന്നാണ് ഇന്ത്യ കാത്തിരിക്കുന്നത്. പരാജിത രാഷ്ട്രമെന്ന പരിതാപകരമായ അവസ്ഥയിലുള്ള ഒരു രാജ്യത്തില്‍ നിന്ന് ലോകത്തിന് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പാഠങ്ങള്‍ ആവശ്യമില്ലെന്നും മിനി ദേവി കുമാം തുറന്നടിച്ചു.

       കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ താഴ്‌വരയില്‍ ജനഹിത പരിശോധന നടത്തണമെന്നും ആദ്യ പ്രധാനമന്ത്രിയായ ജനഹര്‍ലാല്‍ നെഹ്‌റു ഇതിനെ അനുകൂലിച്ചിരുന്നെന്നും പാകിസ്ഥാന്‍ ഉപ പ്രതിനിധിയായ താഹിര്‍ ആന്ദ്രാബി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തിരിച്ചടി.

Comments

comments