വായ്പ വേണോ? 50 കോടി രൂപക്ക് മുകളിലുളള വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് രേഖകള്‍ സമര്‍പ്പിക്കണം

വായ്പ വേണോ? 50 കോടി രൂപക്ക് മുകളിലുളള വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ട് രേഖകള്‍ സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി : ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക് മുങ്ങുന്ന തട്ടിപ്പുകാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ വായ്പാ നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കി. 50 കോടി രൂപക്ക് മുകളിലുള്ള വായ്പകള്‍ ലഭിക്കണമെങ്കില്‍ ഇനി പാസ്‌പോര്‍ട്ട് രേഖകളും നല്‍കണം. തട്ടിപ്പുകാര്‍ രാജ്യം വിടുന്നത് തടയാനായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ ബാങ്കുകളെ പ്രാപ്തമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. സുതാര്യവും ഉത്തരവാദിത്വവുമുള്ള ബാങ്കിംഗ് പ്രവര്‍ത്തനത്തിനായുള്ള ചുവടു വെപ്പാണിതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

50 കോടി രൂപക്ക് മുകളില്‍ വായ്പ എടുത്തിട്ടുളള എല്ലാവരുടെയും വിവരങ്ങള്‍ 45 ദിവസത്തിനകം ശേഖരിക്കാനും ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വജ്ര വ്യാപാരികളായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് കഴിഞ്ഞ മാസം നാടു വിട്ടിരുന്നു. നേരത്തെ മദ്യ വ്യവസായി വിജയ് മല്യയും വിവിധ ബാങ്കുകളിലെ വായ്പ തിരിച്ചടക്കാതെ കടന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

 

Comments

comments