ബിനാനിക്കായുള്ള ബിഡ് ഉയര്‍ത്തി  അള്‍ട്രാടെക്

ബിനാനിക്കായുള്ള ബിഡ് ഉയര്‍ത്തി  അള്‍ട്രാടെക്

ഡാല്‍മിയ- പിരമാള്‍-ബെയ്ന്‍ കണ്‍സോര്‍ഷ്യവുമായാണ് അള്‍ട്രാടെക് മത്സരിക്കുന്നത്

മുംബൈ: കടക്കെണിയില്‍പ്പെട്ട ബിനാനി സിമന്റ്‌സിന് വാഗ്ദാനം ചെയ്ത തുക ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലെ അള്‍ട്രാടെക് സിമന്റ് ഉയര്‍ത്തി. നേരത്തെ മുന്നില്‍വച്ച ബിഡ് 700 കോടി രൂപ വര്‍ധിപ്പിച്ച് 7200 കോടി രൂപയായാണ് അള്‍ട്രാടെക് പുതുക്കിയത്. ഡാല്‍മിയ- പിരമാള്‍-ബെയ്ന്‍ കണ്‍സോര്‍ഷ്യം മുന്നില്‍വച്ച ഓഫര്‍ ബിനാനിയുടെ വായ്പാദാതാക്കളുടെ സമിതി അംഗീകരിച്ചെങ്കിലും തങ്ങള്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അള്‍ട്രാടെക്കിന്റെ നടപടി.

പ്രശ്‌നപരിഹാര ഉദ്യോഗസ്ഥര്‍ അപേക്ഷ സ്വീകരിച്ച് ക്ഷണിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ ഈ തുകയ്ക്ക് ബിഡ് ചെയ്യുമായിരുന്നുവെന്ന് അള്‍ട്രാടെക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അതുല്‍ ദാഗ പറഞ്ഞു. ഉയര്‍ന്ന തുക മുന്നോട്ടുവച്ച ബിഡറും രണ്ടാമത് നില്‍ക്കുന്നവരും തമ്മിലുള്ള മാര്‍ജിന്‍ വളരെ കുറവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഡ് വര്‍ധിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കമ്പനി പ്രശ്‌നപരിഹാര ഉദ്യോഗസ്ഥര്‍ക്ക് ഇ -മെയില്‍ അയച്ചിട്ടുണ്ടെങ്കിലും മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ദാഗ വ്യക്തമാക്കി.

ബിഡുകള്‍ വിലയിരുത്താന്‍ കൂടുതല്‍ സുതാര്യമായ മാര്‍ഗം തേടിക്കൊണ്ട് അള്‍ട്രാടെക് എന്‍സിഎല്‍ടി കൊല്‍ക്കത്ത ബെഞ്ചിനെ സമീപിച്ചിരുന്നു

ഡാല്‍മിയയ്‌ക്കൊപ്പം അവസാനവട്ട ബിഡിംഗിന് പരിഗണിക്കണമെന്ന അപേക്ഷ വായ്പാദാതാക്കളും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ചുമതലപ്പെടുത്തിയ പ്രശ്‌ന പരിഹാര ഉദ്യോഗസ്ഥരും അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക് പുതിയ ബിഡ് സമര്‍പ്പിച്ചത്.

ബിഡുകള്‍ വിലയിരുത്താന്‍ കൂടുതല്‍ സുതാര്യമായ മാര്‍ഗം തേടിക്കൊണ്ട് അള്‍ട്രാടെക് കഴിഞ്ഞ ദിവസം എന്‍സിഎല്‍ടി കൊല്‍ക്കത്തയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തിലൂടെ ബിഡിംഗ് പ്രക്രിയകള്‍ തടസപ്പെടുത്താന്‍ അള്‍ട്രാടെക്ക് ശ്രമിക്കുകയാണെന്നു എന്‍സിഎല്‍ടി വിമര്‍ശിച്ചു. വാഗ്ദാനം ചെയ്ത തുക കമ്പനി പ്രധാന ബിഡര്‍മാരാണെന്നതാണ് കാണിക്കുന്നതെന്നും പ്രക്രിയകള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയല്ലെന്നും ദാഗ പറഞ്ഞു. ബിനാനി സിമന്റ്‌സിന്റെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതോടൊപ്പം വ്യത്യസ്ത വെണ്ടര്‍മാര്‍ക്കും ഉപകരണ വിതരണക്കാര്‍ക്കുമായി 500 കോടി രൂപ അധികം നല്‍കുമെന്നതും അള്‍ട്രാടെക്കിന്റെ പുതുക്കിയ ബിഡിലെ വാഗ്ദാനങ്ങളില്‍പ്പെടുന്നു.

Comments

comments

Categories: Business & Economy