വ്യാപാരയുദ്ധം ഗുണം ചെയ്യില്ല, ആര്‍ക്കും

വ്യാപാരയുദ്ധം ഗുണം ചെയ്യില്ല, ആര്‍ക്കും

സ്വതന്ത്ര വിപണിയെന്ന സങ്കല്‍പ്പത്തിലധിഷ്ഠിതമായാണ് ലോകം വളരേണ്ടത്. എന്നാല്‍ അമേരിക്കയുടെയും ചൈനയുടെയും നടപടികള്‍ ഇതിന് നേര്‍വിപരീതമാണ്. ചൈനയെ പറഞ്ഞിട്ട് കാര്യമില്ല. പക്വത കൈവരിച്ചില്ലെങ്കില്‍ പക്ഷേ ട്രംപിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത സാമ്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ കഴിഞ്ഞ ദിവസം രാജിവെച്ചു. അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്റ്ററായിരുന്നു ബഹുരാഷ്ട്ര ബാങ്കിംഗ് ഭീമന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സിലെ മുന്‍ ഉദ്യോഗസ്ഥനായ കോഹന്‍. വെറും ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ ട്രംപ് സര്‍ക്കാരിന്റെ ഉന്നത പദവികളില്‍ നിന്നും രാജിവെക്കുന്ന 25ാമത്തെ പ്രമുഖ വ്യക്തിയാണ് കോഹന്‍ എന്ന കണക്കുകള്‍ തന്നെ കുറച്ച് അസാധാരണമാണ്. ഇത്രയ്ക്കും താളം തെറ്റിയ രീതിയിലാണ് അവിടത്തെ സംഭവവികാസങ്ങള്‍ എന്ന സൂചന നല്‍കുന്നു ഇതെല്ലാം.

സ്വതന്ത്ര വിപണിയെന്ന ആശയത്തില്‍ അടിയുറച്ച് നിലകൊണ്ട പാരമ്പര്യമായിരുന്നു അമേരിക്കയുടേത്. എന്നാല്‍ ട്രംപ് ഭരണത്തിലേറിയ ശേഷം സംരക്ഷണവാദനയങ്ങള്‍ ശക്തമായി. ഇതോടെ പ്രശ്‌നങ്ങളും തുടങ്ങി. കോഹന്‍ പുറത്തുപോകാന്‍ തീരുമാനിച്ചതും അടുത്തിടെ ട്രംപ് കൈക്കൊണ്ട ഇത്തരമൊരു നയത്തിന്റെ പേരില്‍ തന്നെയാണ്. ഉരുക്കിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയ നീക്കമാണ് അമേരിക്കയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നത്. ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും എന്നും കുട പിടിച്ചിട്ടുള്ള അമേരിക്ക തന്നെ അതിന് നേര്‍വിപരീതമായ കാര്യങ്ങളിലേര്‍പ്പെടുന്നത് പുതിയ വ്യാപാരയുദ്ധത്തിലേക്ക് ലോകത്തെ നയിക്കുമെന്ന ഭയമാണ് ഇപ്പോള്‍ പലരിലും ഉടലെടുക്കുന്നത്.

അമേരിക്കയുടെ നടപടി ആഗോള വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡെ കഴിഞ്ഞ ദിവസം പറഞ്ഞത്. വ്യാപാര യുദ്ധത്തില്‍ കസ്റ്റംസ് തീരുവകള്‍ പരസ്പരം വര്‍ധിപ്പിക്കാമെന്നല്ലാതെ ആരും ജയിക്കില്ലെന്നു അവര്‍ ചൂണ്ടിക്കാണിച്ചത് രാഷ്ട്രീയ നേതാക്കളുടെ കണ്ണ് തുറപ്പിക്കുമോയെന്നതാണ് അറിയേണ്ടത്.

യുഎസ് നിലപാടിനെതിരെ ആഗോളതലത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ തങ്ങളുടെ വിപണികളില്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സാന്നിധ്യം നല്‍കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. യുഎസ് തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. ചൈനയെ പോലുള്ള രാജ്യങ്ങളാകാം ട്രംപിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഏകാധിപത്യത്തില്‍ നിന്ന് സേച്ഛാധിപത്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ചൈനയുമായി ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന അമേരിക്കയെ താരതമ്യം ചെയ്യുന്നത് തന്നെ അപക്വവും വിഡ്ഢിത്തവുമാണ്. യഥാര്‍ത്ഥത്തില്‍ ചൈനയ്ക്ക് വളരാനുള്ള അവസരമാണ് ട്രംപ് അധികാരത്തിലേറിയതു മുതല്‍ ചെയ്തു നല്‍കുന്നത്.

ചൈനയുടെ വികസനമെന്ന സങ്കല്‍പ്പം അവിടത്തെ ഏകാധിപതികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അതുകൊണ്ടാണ് അവിടെ ചൈനീസ് കമ്പനികള്‍ മാത്രം വളരുന്നത്. ഷി ജിന്‍പിംഗിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള ടെക് ശതകോടീശ്വരന്‍മാരെ സൃഷ്ടിക്കുന്ന സംരക്ഷണവാദമാണ് ചൈനയിലേത്. അതുകൊണ്ടാണ് അവിടേക്ക് യുഎസിലെ മികച്ച കമ്പനികളായ ഫേസ്ബുക്കിനും ട്വിറ്ററിനും സ്‌നാപ്ചാറ്റിനും യൂട്യൂബിനും ഗൂഗിളിനുമൊന്നും പ്രവേശനമില്ലാത്തത്. നേരെ മറിച്ച് ചൈനീസ് ടെക് കമ്പനികള്‍ക്ക് ലോകത്തേക്ക് മുഴുവന്‍ പ്രവേശനമുണ്ട് താനും. യുഎസ് കമ്പനികളെ പടിക്ക് പുറത്ത് നിര്‍ത്തിയതാണ് ആലിബാബയുടെയും ടെന്‍സന്റ് ഹോള്‍ഡിംഗ്‌സിന്റെയുമെല്ലാം അസാധാരണ വളര്‍ച്ചയ്ക്ക് ഒരുപരിധി വരെ വഴിവെച്ചതെന്ന വാദങ്ങള്‍ കേള്‍ക്കാതിരുന്നുകൂടാ. ചൈനീസ് ഏകാധിപത്യം സംരക്ഷിച്ചു നിര്‍ത്താനുള്ള ടെക് കമ്പനികളെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് അവര്‍ സംരക്ഷണവാദത്തിന് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ചുവടുപിടിച്ച് അമേരിക്കയിലും സംരക്ഷണവാദങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഒരു സംശയവും വേണ്ട ട്രംപിന്റെ രാഷ്ട്രീയ ഭാവിക്ക് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു തീരുമാനമാകും. ഓരോ ദിവസം കഴിയുന്തോറും ട്രംപ് പരോക്ഷമായി റഷ്യക്കും ചൈനയ്ക്കും സഹായം ചെയ്യുകയാണെന്ന വാദത്തിന് ശക്തി കൂടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: Editorial, Slider