ടിസിഎസ് അതിവേഗത്തില്‍ വളരുന്ന ഐടി സര്‍വീസസ് ബ്രാന്‍ഡ്

ടിസിഎസ് അതിവേഗത്തില്‍ വളരുന്ന ഐടി സര്‍വീസസ് ബ്രാന്‍ഡ്

10.391 ബില്യണ്‍ ഡോളറാണ് ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി സര്‍വീസസ് ബ്രാന്‍ഡ് എന്ന ബഹുമതി സ്വന്തമാക്കി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). ബ്രാന്‍ഡ് മൂല്യനിര്‍ണയ രംഗത്തെ പ്രമുഖ കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് തയാറാക്കിയ ഈ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച നിരീക്ഷണമുള്ളത്.

10.391 ബില്യണ്‍ ഡോളറാണ് ടിസിഎസിന്റെ മൊത്തം ബ്രാന്‍ഡ് മൂല്യം കണക്കാക്കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 14.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ബ്രാന്‍ഡ് ഫിനാന്‍സ് വ്യക്തമാക്കുന്നു. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനികളില്‍ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയാണ് ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഉണ്ടായിട്ടുള്ളത്.

ആഗോള ഐടി സേവന മേഖലയില്‍ ഏറ്റവും മികച്ച മൂന്ന് ബ്രാന്‍ഡുകളില്‍ ടിസിഎസ് ഇടം നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ടിസിഎസ് ആദ്യമായി ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബ്രാന്‍ഡുകളില്‍ ഇടം നോടിയതെന്ന് ബ്രാന്‍ഡ് ഫിനാന്‍സ് സിഇഒ ഡേവിഡ് ഹൈഗ് പറഞ്ഞു. ഈ വര്‍ഷം ബ്രാന്‍ഡ് മൂല്യത്തില്‍ 1.3 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സ്ഥാനം നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഐബിഎമ്മും ആക്‌സെഞ്ചറുമാണ് ലോകത്തിലെ ഏറ്റവും മികച്ച മറ്റ് രണ്ട് ഐടി സര്‍വീസസ് ബ്രാന്‍ഡുകള്‍.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 14.4 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായും ബ്രാന്‍ഡ് ഫിനാന്‍സ് വ്യക്തമാക്കുന്നു

14.236 ബില്യണ്‍ ഡോളറാണ് ടാറ്റ ബ്രാന്‍ഡിന്റെ മൊത്തം മൂല്യം. ലോക റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ടാറ്റ ബ്രാന്‍ഡ്. ഇതില്‍ 73 ശതമാനത്തിലധികം പങ്കാളിത്തം വഹിക്കുന്നത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെ, ഇന്ത്യ, സ്വീഡന്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ പാര്‍ട്ണര്‍ഷിപ്പുകളിലൂടെ തങ്ങളുടെ ഗ്ലോബല്‍ ബ്രാന്‍ഡ് പോര്‍ട്ട്‌ഫോളിയോ ശക്തമാക്കാന്‍ ടിസിഎസിനു സാധിച്ചിട്ടുണ്ട്.

വേള്‍ഡ് ഇക്കണോമിക് ഫോറം, യൂറോപ്യന്‍ ബിസിനസ് സമ്മിറ്റ് തുടങ്ങിയ ഉന്നതതല സമ്മേളനങ്ങളില്‍ സ്ട്രാറ്റജിക് പാര്‍ട്ണറായി നിലനിന്നുകൊണ്ടും സ്വന്തം ഇവെന്റകളിലൂടെയും ബ്രാന്‍ഡ് സാന്നിധ്യം ശക്തിപ്പെടുത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ടിസിഎസിന്റെ പ്രധാന വിപണികളിലുടനീളം നടക്കുന്ന ആഗോള ഇവെന്റുകളാണ് ടിസിഎസ് അനലിസ്റ്റ് ഡേയ്‌സ്, ടിസിഎസ് ഇന്നൊവേഷന്‍ ഫോറം, ടിസിഎസ് സമ്മിറ്റ് എന്നിവ.

ബ്രാന്‍ഡ് സാന്നിധ്യം ശക്തമാക്കുന്നതിനു പുറമെ ഡിജിറ്റല്‍ ബിസിനസ് വിപുലീകരണം, തൊഴിലാളികളുടെ നൈപുണ്യ വികസനം തുടങ്ങിയ കാര്യങ്ങളിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. അനലിറ്റിക്‌സ് ബിസിനസില്‍ നിന്നുമാത്രം പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളറാണ് ടിസിഎസ് നേടുന്നത്. കമ്പനിയുടെ ഡിജിറ്റല്‍ വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്നതും അനലിറ്റിക്‌സ് വിഭാഗമാണെന്ന് കമ്പനി സിഇഒ രാജേഷ് ഗോപിനാഥന്‍ പറഞ്ഞു.

Comments

comments

Categories: More