ഡെല്‍ഹി എന്‍സിആറിലെ  റിയല്‍റ്റി ഇടനാഴികള്‍

ഡെല്‍ഹി എന്‍സിആറിലെ  റിയല്‍റ്റി ഇടനാഴികള്‍

ത്വരിതഗതിയിലെ നഗരവല്‍ക്കരണം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറിപ്പാര്‍ക്കുന്നവരുടെ വ്യാപനം എന്നിവ എന്‍സിആറില്‍ താങ്ങാവുന്ന, ന്യായ വിലയിലുള്ള ഭവനങ്ങളുടെ ആവശ്യകത വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്

ക്രമാതീതമായ നഗരവല്‍ക്കരണവും അത്യധിസാധാരണമായ തൊഴിലവസരങ്ങളും രാജ്യത്തെ ഏറ്റവും വേഗം വളര്‍ച്ച കൈവരിക്കുന്ന പ്രദേശങ്ങളിലൊന്നായി ഡെല്‍ഹി-നാഷണല്‍ കാപ്പിറ്റല്‍ റീജിയണി (ഡെല്‍ഹി-എന്‍സിആര്‍) നെ മാറ്റിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ നഗരസമൂഹമാണിത്. 28 മില്യണ്‍ നഗരവാസികളാ(രാജ്യത്തെ മൊത്തം നഗര ജനസംഖ്യയുടെ 7.5 ശതമാനത്തോളം)ണ് ഇവിടെ മാത്രം തിങ്ങിപ്പാര്‍ക്കുന്നത്.

ത്വരിതഗതിയിലെ നഗരവല്‍ക്കരണം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജോലിക്കായി കുടിയേറിപ്പാര്‍ക്കുന്നവരുടെ വ്യാപനം എന്നിവ എന്‍സിആറില്‍ താങ്ങാവുന്ന, ന്യായ വിലയിലുള്ള ഭവനങ്ങളുടെ ആവശ്യകത വളരെയേറെ വര്‍ധിപ്പിച്ചിട്ടുണ്ട്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് സെഗ്മെന്റിലെ (താങ്ങാനാവുന്ന വിലയിലെ ഭവനങ്ങള്‍, 40 ലക്ഷം രൂപ വിലയുള്ള) വീടുകളുടെ എണ്ണത്തില്‍ എന്‍സിആറാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് അനറോക്ക് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുന്‍നിര നഗരങ്ങളില്‍ വിതരണം ചെയ്യപ്പെട്ട താങ്ങാനാവുന്ന നിരക്കിലെ ആകെ വീടുകളുടെ 26-30 ശതമാനം വരെ വരുമിത്.

2012 ല്‍ 21 ശതമാനമാണ് ഈ മേഖലയിലെ അഫോര്‍ഡബിള്‍ സെഗ്മെന്റില്‍ പുതിയതായി നിര്‍മിക്കപ്പെട്ടിരുന്നതെങ്കില്‍ 2017ന്റെ മൂന്നാം പാദം വരെയായപ്പോഴേക്കും ഇത് 71 ശതമാനത്തിലേക്കുള്ള വന്‍ കുതിച്ച് ചാട്ടമാണ് നടത്തിയത്.

അഫോര്‍ഡബിള്‍ സെഗ്മെന്റില്‍ മിന്നിത്തിളങ്ങുന്നതിനുള്ള അവസരം ഡെല്‍ഹി എന്‍സിആറിലെ എല്ലാ സ്ഥലങ്ങള്‍ക്കുമുണ്ടെങ്കിലും, താങ്ങാവുന്ന നിരക്കിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് പറ്റിയ ചില നിര്‍ണായക പ്രദേശങ്ങള്‍ എന്‍സിആറില്‍ ഉള്ളതായി അനറോക്ക് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ സോഹ്ന, ഗാസിയാബാദിലെ രാജ്‌നഗര്‍ എക്‌സ്‌റ്റെന്‍ഷന്‍, ഗ്രേറ്റര്‍ നോയ്ഡയിലെ യമുന എക്‌സ്പ്രസ് വേ, ഗ്രേറ്റര്‍ നോയ്ഡവെസ്റ്റ്, ഭിവാഡി എന്നീ പ്രദേശങ്ങള്‍ ഇത്തരത്തിലുള്ളവയാണ്.

റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതുമുഖമാണ് യമുനാ എക്‌സ്പ്രസ്‌വേ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രേറ്റര്‍ നോയ്ഡയിലെ ഏറ്റവും വില കുറഞ്ഞ ഭവനങ്ങള്‍ ലഭ്യമാക്കുന്ന പ്രദേശങ്ങളില്‍ മുന്‍പന്തിയിലാണ് ഈ സ്ഥലം. 2017 ന്റെ മൂന്നാം പാദത്തില്‍ ഏതാണ്ട് 43 ശതമാനം വിതരണമാണ് നോയ്ഡയിലെ അഫോര്‍ഡബിള്‍ സെഗ്മെന്റില്‍ ഈ ഇടം സംഭാവന ചെയ്തിട്ടുള്ളത്

2012 ന്റെ മൂന്നാം പാദം മുതല്‍ 2017 വരെ എന്‍സിആറില്‍ വിതരണം ചെയ്യപ്പെട്ട ന്യായവിലയിലുള്ള വീടുകളില്‍ 48 ശതമാനവും ഈ അഞ്ച് പ്രദേശങ്ങളുടെ സംഭാവനയാണ്. 1.3 ലക്ഷം യൂണിറ്റാണ് ഇക്കാലയളവില്‍ ഈ ഇടങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. സമാനകാലയളവില്‍ എന്‍സിആറിലെ മൊത്ത ഭവന വിതരണത്തിന്റെ 45 ശതമാനവും ഈ മേഖലകളില്‍ നിന്നുള്ളതായിരുന്നു. സ്‌ക്വയര്‍ഫീറ്റിന് 4200 രൂപ മുതല്‍ 4600 രൂപ വരെയാണ് എന്‍സിആറിലെ ശരാശരി വില. എന്നാല്‍ ഈ അഞ്ചു പ്രദേശങ്ങളില്‍ കുറഞ്ഞ നിരക്കായ സ്‌ക്വയര്‍ഫീറ്റിന് 2800 രൂപ മുതല്‍ 3900 രൂപവരെയാണ് വില വരുന്നത്. കുറഞ്ഞ നിരക്കിലെയും ഇടത്തരം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന ഭവന വിഭാഗത്തിലെയും വളരെ വലിയ അവസരങ്ങള്‍ മാത്രമല്ല ഈ പ്രാന്തപ്രദേശങ്ങള്‍ നല്‍കുന്നത് മറിച്ച് ഇവയ്ക്ക് കാര്യമായ മധ്യ-ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളുമുണ്ട്.

  • സമീപ പ്രദേശങ്ങളില്‍ വരാനിരിക്കുന്ന വികസനത്തിനൊപ്പം ഗുരുഗ്രാമിനോടും മറ്റു മേഖലകളോടുമുള്ള സാമീപ്യവും യാത്രാ സൗകര്യങ്ങളും കാരണം സോഹ്ന ഡെല്‍ഹി എന്‍സിആറിന്റെ അടുത്ത ഉപഗ്രഹ നഗരമാകാന്‍ സാധ്യതയുണ്ട്. ഗുരുഗ്രാമില്‍ വിതരണം ചെയ്യപ്പെടുന്ന കുറഞ്ഞ നിരക്കിലെ വീടുകളുടെ മൂന്നിലൊന്നും സോഹ്നയുടെ സംഭാവനയാണ്.
  • വ്യവസായ, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങളുടെ ഹബ്ബായ ഭിവാഡിയില്‍ വിതരണം ചെയ്യപ്പെടുന്ന വീടുകളില്‍ 80 ശതമാനത്തിലധികവും താങ്ങാവുന്ന നിരക്കിലെ വിഭാഗത്തില്‍പ്പെടുന്നതാണ്.
  • നോയ്ഡയിലേക്കും ഡെല്‍ഹിയിലേക്കുമുള്ള മികച്ച യാത്രാബന്ധവും നല്ല യാത്രാ ഉപാധികളും അഫോര്‍ഡബിള്‍ ഹൗസിംഗ് ഉപഭോക്താക്കളുടെ പ്രധാന കേന്ദ്രമായി രാജ്‌നഗര്‍ എക്സ്റ്റന്‍ഷനെ മാറ്റുന്നു.
  • മുന്‍പ് നോയ്ഡ എക്‌സ്‌റ്റെന്‍ഷന്‍ എന്നറിയപ്പെട്ടിരുന്ന ഗ്രേറ്റര്‍ നോയിഡ വെസ്റ്റാകട്ടെ എന്‍സിആറിലെ അംഗീകൃത റിയല്‍ എസ്റ്റേറ്റ് ലക്ഷ്യസ്ഥാനങ്ങളായ നോയ്ഡ, ഡെല്‍ഹി, ഗാസിയാബാദ് എന്നിവയുടെ സാമീപ്യം മൂലമുള്ള പ്രയോജനങ്ങള്‍ ഏറെ ആസ്വദിക്കുന്ന പ്രദേശമാണ്.
  • റിയല്‍ എസ്റ്റേറ്റ് രംഗത്തെ പുതുമുഖമാണ് യമുനാ എക്‌സ്പ്രസ്‌വേ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രേറ്റര്‍ നോയ്ഡയിലെ ഏറ്റവും വില കുറഞ്ഞ ഭവനങ്ങള്‍ ലഭ്യമാക്കുന്ന പ്രദേശങ്ങളില്‍ മുന്‍പന്തിയിലാണ് ഈ സ്ഥലം. 2017 ന്റെ മൂന്നാം പാദത്തില്‍ ഏതാണ്ട് 43 ശതമാനം വിതരണമാണ് നോയ്ഡയിലെ അഫോര്‍ഡബിള്‍ സെഗ്മെന്റില്‍ ഈ ഇടം സംഭാവന ചെയ്തിട്ടുള്ളത്. ജെവാറിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി, ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഈ വിപണിയുടെ ഭാവി വളര്‍ച്ചക്ക് സഹായകമാകും. ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരേന്ത്യയുടെ വളര്‍ച്ചാ എന്‍ജിനെന്നു കൂടി വിളിക്കപ്പെടുന്ന എന്‍സിആര്‍ രാജ്യത്ത് ഏറ്റവും താങ്ങാവുന്ന വിലയിലെ പാര്‍പ്പിടങ്ങള്‍ ലഭ്യമാകുന്ന പ്രദേശമായി ഉയരാനുള്ള സാധ്യതയുണ്ട്.

 

സന്തോഷ് കുമാര്‍

(അനറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സിന്റെ വൈസ് ചെയര്‍മാനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider