പോള്‍സ്റ്റാര്‍ 1 ആഗോള അരങ്ങേറ്റം കുറിച്ചു

പോള്‍സ്റ്റാര്‍ 1 ആഗോള അരങ്ങേറ്റം കുറിച്ചു

ഇലക്ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാറിന്റെ ആദ്യ മോഡലാണ് പോള്‍സ്റ്റാര്‍ 1

ജനീവ : വോള്‍വോയുടെ ഇലക്ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡായ പോള്‍സ്റ്റാര്‍ ജനീവ മോട്ടോര്‍ ഷോയില്‍ പോള്‍സ്റ്റാര്‍ 1 പ്രദര്‍ശിപ്പിച്ചു. പോള്‍സ്റ്റാറില്‍നിന്നുള്ള ആദ്യ മോഡലാണ് പോള്‍സ്റ്റാര്‍ 1. നേരത്തെ വോള്‍വോയുടെ പെര്‍ഫോമന്‍സ് ബ്രാന്‍ഡായിരുന്നു പോള്‍സ്റ്റാര്‍ എങ്കില്‍ കഴിഞ്ഞ വര്‍ഷമാണ് സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയത്. ഇലക്ട്രിക് കാറുകള്‍ മാത്രമായിരിക്കും പോള്‍സ്റ്റാര്‍ വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഷാങ്ഹായ് ഓട്ടോ ഷോയില്‍ പോള്‍സ്റ്റാര്‍ 1 ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു. പോള്‍സ്റ്റാര്‍ വണ്ണിന്റെ യൂറോപ്യന്‍ അരങ്ങേറ്റമാണ് ജനീവയില്‍ നടന്നത്.

2+2 ജിടി കൂപ്പെയാണ് പോള്‍സ്റ്റാര്‍ 1. മുന്നില്‍ ഡ്രൈവര്‍ക്കും യാത്രക്കാരനുമുള്ള സീറ്റുകളും പിന്‍ നിരയില്‍ വല്ലപ്പോഴും യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് ചെറിയ സീറ്റുകളും ഉള്‍ക്കൊള്ളുന്ന കാര്‍ ബോഡി സ്‌റ്റൈലാണ് 2+2. പോള്‍സ്റ്റാര്‍ വണ്ണിലെ ഹൈബ്രിഡ് എന്‍ജിന്‍ 600 ബിഎച്ച്പി കരുത്തും 1,000 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇലക്ട്രിക് പവര്‍ മാത്രം ഉപയോഗിക്കുമ്പോള്‍ 150 കിലോമീറ്ററാണ് റേഞ്ച്. ആന്തരിക ദഹന എന്‍ജിനാണ് മുന്‍ ചക്രങ്ങള്‍ക്ക് കരുത്ത് പകരുന്നത്. ഡബിള്‍ ഇലക്ട്രിക് റിയര്‍ ആക്‌സില്‍ ഡ്രൈവ് സിസ്റ്റവും ആകെ 34 കിലോവാട്ട്അവര്‍ പവര്‍ ഔട്ട്പുട്ട് സമ്മാനിക്കുന്ന ബാറ്ററിയും പോള്‍സ്റ്റാര്‍ വണ്ണിന്
നല്‍കി.

പോള്‍സ്റ്റാര്‍ വണ്ണിന്റെ പ്രീ-ഓര്‍ഡര്‍ ഇതിനകം സ്വീകരിച്ചുതുടങ്ങി. 2,500 പൗണ്ട് സ്റ്റെര്‍ലിംഗ് നല്‍കി ബുക്കിംഗ് നടത്താം. തുടക്കത്തില്‍ യുഎസ്എ, സ്വീഡന്‍, ജര്‍മ്മനി, നോര്‍വ്വെ, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ ആറ് രാജ്യങ്ങളില്‍ മാത്രമേ പോള്‍സ്റ്റാര്‍ 1 പുറത്തിറക്കൂ. പിന്നീട് യുകെ, ബെല്‍ജിയം, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, സ്‌പെയിന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്, പോര്‍ച്ചുഗല്‍, കാനഡ തുടങ്ങിയ 12 രാജ്യങ്ങളില്‍ പോള്‍സ്റ്റാര്‍ വണ്‍ ലഭിക്കും. ഏതാണ്ട് ആറായിരത്തോളം പേര്‍ ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചതായി പോള്‍സ്റ്റാര്‍ അവകാശപ്പെട്ടു.

വോള്‍വോയില്‍നിന്നുമാറി കഴിഞ്ഞ വര്‍ഷമാണ് പോള്‍സ്റ്റാര്‍ സ്വതന്ത്ര കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയത്

ചൈനയിലെ ചെങ്ഡുവില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് നിര്‍മ്മിച്ചുവരികയാണ് പോള്‍സ്റ്റാര്‍. 2018 അവസാനത്തോടെ പ്രീ-പ്രൊഡക്ഷനും 2019 മധ്യത്തോടെ ഉല്‍പ്പാദനവും ആരംഭിക്കും. വര്‍ഷം തോറും 500 കാറുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.

Comments

comments

Categories: Auto