പതഞ്ജലി പ്രഭാവം:മറ്റു കമ്പനികളും ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധയൂന്നുന്നു

പതഞ്ജലി പ്രഭാവം:മറ്റു കമ്പനികളും ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധയൂന്നുന്നു

ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേ ഇന്ത്യയാണ് ആയുര്‍വേദ, ഹെര്‍ബല്‍ വിഭാഗത്തിലേക്ക് ഏറ്റവും ഒടുവില്‍ പ്രവേശിച്ചത്

ന്യൂഡെല്‍ഹി: പതഞ്ജലി പ്രഭാവത്തില്‍ ആയുര്‍വേദ-ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റു എഫ്എംസിജി കമ്പനികള്‍. ആംവേ മുതല്‍ കോള്‍ഗേറ്റ് വരെയുള്ള നിരവധി കമ്പനികളാണ് ആയുര്‍വേദ ഉല്‍പ്പന്നങ്ങളിലേക്ക് ചുവടുമാറുന്നത്. ബാബാ രാംദേവിന്റെ പതഞ്ജലി തുടങ്ങിവച്ച പ്രവണത പിന്തുടരുകയാണ് ഈ കമ്പനികള്‍ എന്നു വിലയിരുത്തപ്പെടുന്നു.

അമേരിക്കന്‍ ഡയറക്റ്റ് സെല്ലിംഗ് കമ്പനിയായ ആംവേയുടെ ഇന്ത്യാ വിഭാഗം ആംവേ ഇന്ത്യ എന്റര്‍പ്രൈസസാണ് ആയുര്‍വേദ, ഹെര്‍ബല്‍ വിഭാഗത്തിലേക്ക് ഏറ്റവും ഒടുവില്‍ പ്രവേശിച്ചത്. തുളസി, ബ്രഹ്മി, അശ്വഗന്ധ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ഔഷധസസ്യങ്ങള്‍ അടങ്ങിയ നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ന്യൂട്രിലൈറ്റ് ബ്രാന്‍ഡിനു കീഴില്‍ കമ്പനി പുറത്തിറക്കിയിരുന്നു. രാജ്യത്തെ കമ്പനിയുടെ ആകെ വില്‍പ്പനയുടെ 50 ശതമാനവും ന്യൂട്രിലൈറ്റിന്റെ സംഭാവനയാണ്. 2020ഓടെ ഈ ബ്രാന്‍ഡില്‍ നിന്നും 125 കോടി രൂപ വരുമാനമാണ് ആംവേ ഇന്ത്യ ലക്ഷ്യമിടുന്നത്. ന്യൂട്രിലൈറ്റ് ബ്രാന്‍ഡില്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ വിഭാഗം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ കമ്പനിയുടെ വളര്‍ച്ച കൂടുതല്‍ ശക്തമാക്കുമെന്ന് ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുദ്ധരാജ പറഞ്ഞു.

പതഞ്ജലി ഹണി, ച്യവനപ്രാശം എന്നിവയുടെ വരവോടെ പിന്നോട്ടടിക്കപ്പെട്ട ഡാബറും പുതിയ വിഭാഗത്തിലെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു

ദന്ത സംരക്ഷണ, പേഴ്‌സണല്‍കെയര്‍ വിഭാഗങ്ങളില്‍ ആയുര്‍വേദത്തിന്റെ പിന്‍ബലത്തോടെ നിരവധി ബഹരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അവതരിപ്പിച്ചിരുന്നു. പ്രകൃതിദത്ത ആയുര്‍വേദ ഉല്‍പ്പന്നങ്ങളാല്‍ വിപണി മുഴുവന്‍ ആധിപത്യം സ്ഥാപിച്ച പതഞ്ജലിയോട് ഏറ്റുമുട്ടാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡും (എച്ച്‌യുഎല്‍), കോള്‍ഗേറ്റ് പാമൊലിവു (ഇന്ത്യ)മാണ് ആദ്യം രംഗത്തെത്തിയത്. ഓറല്‍കെയര്‍ വിപണിയിലെ തങ്ങളുടെ ആധിപത്യം അവസാനിപ്പിച്ച പതഞ്ജലിയുടെ ദന്തകാന്തി ടൂത്ത്‌പേസ്റ്റിനെ നേരിടാന്‍ പ്രകൃതിദത്ത ചേരുവകളടങ്ങിയ സിബാക്ക വേദ്ശക്തി കോള്‍ഗേറ്റ് ലോഞ്ച് ചെയ്തിരുന്നു.

എച്ച്‌യുഎല്‍ ആകട്ടെ ലെവര്‍ ആയുഷ് പുതുമയോടെ അവതരിപ്പിക്കുകയും കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദിക് ഹെയര്‍ഓയില്‍ ബ്രാന്‍ഡായ ഇന്ദുലേഖയെ 2016ല്‍ 330 കോടി രൂപയ്ക്ക് ഏറ്റെടുക്കുകയും ചെയ്തു. ആയുഷ് വിഭാഗത്തിലുള്ള ചര്‍മ സംരക്ഷണ, ദന്ത സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ ഇന്ദുലേഖ ബ്രാന്‍ഡില്‍ പ്രീമിയം ആയുര്‍വേദിക് ഹെയര്‍ ഓയിലും ഷാംപൂവും കമ്പനിയുടെ കീഴിലുണ്ട്. ഇടിഞ്ഞുകൊണ്ടിരിക്കുന്ന വളര്‍ച്ചയെ നേരിടാന്‍ ഇതുവഴി ഇരു കമ്പനികള്‍ക്കും സാധിച്ചു.

പതഞ്ജലി ഹണി, ച്യവനപ്രാശം എന്നിവയുടെ വരവോടെ പിന്നോട്ടടിക്കപ്പെട്ട ഡാബറും പുതിയ വിഭാഗത്തിലുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. 2020ഓടെ ആകെ വില്‍പ്പനയുടെ 75 ശതമാനത്തിലധികവും ആയുര്‍വേദ വിഭാഗത്തിലൂടെയായിരിക്കുമെന്ന് ഡാബര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഇത് 60 ശതമാനമാണ്. കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ഇമാനി ലിമിറ്റഡ്, ബെംഗളൂരു കേന്ദ്രമാക്കിയ ഹിമാലയ ഡ്രഗ് കമ്പനി എന്നിവയും വിപുലീകരണത്തിന്റെ പാതയില്‍ തന്നെ. ഈ സാഹചര്യത്തില്‍ എഫ്എംസിജി മേഖലയിലെ കിടമല്‍സരം തീവ്രമായി തുടരുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ വിലയിരുത്തല്‍.

Comments

comments

Categories: Business & Economy