ലേഡീസ് ഒണ്‍ലി; വനിതാ യാത്രികരെ കാത്ത് അപ്പൂപ്പന്‍താടി

ലേഡീസ് ഒണ്‍ലി; വനിതാ യാത്രികരെ കാത്ത് അപ്പൂപ്പന്‍താടി

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന, പുതിയ സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കായി സജ്‌ന അലി തീര്‍ത്ത സമ്പൂര്‍ണ വനിതാ യാത്ര ക്ലബ് ആയ അപ്പൂപ്പന്‍താടി ഇന്ത്യയൊട്ടാകെ 700 യാത്രകള്‍ പൂര്‍ത്തിയാക്കി

യാത്ര ചെയ്യണം, കാണാത്ത സ്ഥലങ്ങള്‍ കാണണം, കാറ്റിനോടും മഞ്ഞിനോടും കിന്നാരം പറഞ്ഞ് പ്രകൃതിയോട് അലിഞ്ഞു ചേര്‍ന്ന് പുതിയ കാഴ്ചകള്‍ കാണണം. ഇങ്ങനെ യാത്രയുമായി ബന്ധപ്പെട്ട ആഗ്രഹങ്ങള്‍ നിരവധിയുണ്ട് എങ്കിലും, സുരക്ഷയെപ്പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീകളുടെ യാത്രാ മോഹങ്ങള്‍ അവിടെ അവസാനിക്കുന്നു. ഈ അവസ്ഥയ്ക്കുള്ള പരിഹാരവുമായണ് കോഴിക്കോട് സ്വദേശിനി സജ്‌ന അലി തന്റെ പ്രിയ സംരംഭമായ അപ്പൂപ്പന്‍താടിയെ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി വിനോദയാത്രകള്‍ സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ യാത്രാ സംരംഭമാണ് അപ്പൂപ്പന്‍താടി.

യാത്രകളെ ഏറെ പ്രണയിക്കുന്ന സജ്‌നക്ക് ജോലി കിട്ടി സ്വന്തം കാലില്‍ നില്‍ക്കുന്നത് വരെ അധികം യാത്രകള്‍ ചെയ്യുവാനുള്ള കഴിവുണ്ടായിരുന്നില്ല. പണച്ചെലവ്, സ്ത്രീ എന്ന രീതിയിലെ സുരക്ഷാ പ്രശ്‌നം എന്നിവയായിരുന്നു സജ്‌നയുടെ യാത്ര മോഹങ്ങള്‍ക്ക് വിലങ്ങുതടിയായത്. ലോറി ഡ്രൈവര്‍ ആയിരുന്ന ഉപ്പയുടെ കൂടെ ലോറിയില്‍ നടത്തിയിരുന്ന ചില ദീര്‍ഘദൂര യാത്രകളിലൂടെയാണ് സജ്‌ന പുതിയ സ്ഥലങ്ങളെയും യാത്രകളെയും സ്‌നേഹിച്ചു തുടങ്ങിയത്.

എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കി കോഴിക്കോട്ടുനിന്നും തിരുവനന്തപുരത്തേക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ചേക്കേറിയ ശേഷമാണ് സജ്‌ന തന്റെ യാത്ര മോഹങ്ങള്‍ കൂടുതല്‍ വിശാലമാക്കുന്നത്. കൂട്ടുകാരുമൊത്ത് കൊച്ചു കൊച്ചു യാത്രകള്‍ സംഘടിപ്പിച്ച് സജ്‌ന തന്റെ ആഗ്രഹങ്ങള്‍ സാധിച്ചു. ഒരിക്കല്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് രാമക്കല്‍മേട് പോകാന്‍ തീരുമാനിച്ചു. 20 പേരുള്ള ഗ്രൂപ്പായിപോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ കാര്യത്തോട് അടുത്തപ്പോള്‍ ആരുമില്ല. പെണ്‍കുട്ടികള്‍ എല്ലാവരും ഓരോരോ കാരണം പറഞ്ഞുകൊണ്ട് ഒഴിഞ്ഞു. പ്രധാന പ്രശ്‌നം സുരക്ഷ തന്നെയായിരുന്നു. എന്നാല്‍ രാമക്കല്‍മേടെന്ന സ്വപ്നം ഉപേക്ഷിക്കാന്‍ സജ്‌നയ്ക്ക് ആകുമായിരുന്നില്ല. തനിയെ പോയി. രാമക്കല്‍മേട്ടിലെ സൗന്ദര്യം ആവോളം ആസ്വദിച്ചു. അതൊരു തുടക്കമായിരുന്നു. വലിയ യാത്രകളിലേക്കുള്ള ചെറിയതുടക്കം.

തുടക്കത്തില്‍ ഒരുമാസം രണ്ടു യാത്രകള്‍ എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ച അപ്പൂപ്പന്‍താടി ഇപ്പോള്‍ 10 യാത്രകള്‍ വരെ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് നോര്‍ത്ത് ഇന്ത്യയിലേക്കുള്ള യാത്രകള്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

യാത്ര ക്ലബ് എന്ന ആശയം ജനിക്കുന്നു

രാമക്കല്‍മേട് യാത്ര കഴിഞ്ഞു തിരികെ വീട്ടിലെത്തിയ സജ്‌നയുടെ മനസ്സില്‍ മുഴുവന്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതമായി യാത്ര സംഘടിപ്പിക്കാം എന്ന ചിന്തയായിരുന്നു. തനിച്ച് പോകാനുള്ള ഭയം അകന്നതോടെ സജ്‌ന ഒറീസ, ബീഹാര്‍, താവാങ്ങ്, മേഘാലയ, ഉത്തരാഖണ്ഡ് തുടങ്ങിയ നിരവധിസ്ഥലങ്ങളിലേക്ക് തനിച്ചുയാത്ര തുടങ്ങി. അതില്‍ നിന്നും വലിയൊരു ധൈര്യമാണ് സ്ജ്‌നയ്ക്ക് ലഭിച്ചത്. ഓരോ യാത്രകഴിഞ്ഞ് വരുമ്പോഴും എന്നെയും കൂട്ടാമോയെന്ന് നിരവധിപ്പേര്‍ ചോദിച്ചു.അങ്ങനെയാണ് വനിതകള്‍ക്കായുള്ള യാത്രാ ക്ലബ് എന്ന ആശയം ജനിക്കുന്നത്.

2014 മുതല്‍ ഞാന്‍ യാത്രകള്‍ ചെയ്തു തുടങ്ങി. പുതിയ സ്ഥലങ്ങള്‍, പുതിയ സംസ്‌കാരം എന്നിവ കണ്ടറിയുക എന്നത് എന്റെ പാഷന്‍ ആയിരുന്നു. 2016 ഏപ്രില്‍ 24നാണ് ഞാന്‍ അപ്പൂപ്പന്‍താടി എന്ന പേരില്‍ യാത്രാ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എട്ടു വനിതകളുടെ ആദ്യ യാത്ര കൊല്ലം ജില്ലയിലെ റോസ്മലയിലേക്ക് ആയിരുന്നു. ആ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍, കൂട്ടത്തില്‍ വന്ന എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു അടുത്ത ട്രിപ്പ് എപ്പോഴാണ് എന്ന്. വിനോദത്തില്‍ ഒളിഞ്ഞിരിക്കുന്ന സംരംഭകവസരത്തെ വിനിയോഗപ്പെടുത്താന്‍ ഉള്ള സമയമായിരുന്നു അത്. യാത്ര ചെയ്യാന്‍ താല്പര്യമുള്ള വനിതകളുടെ വിവരങ്ങള്‍ ശേഖരിച്ച്, അവര്‍ക്ക് പോകാന്‍ താല്പര്യം ഉള്ള സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് കൂടുതല്‍ ട്രിപ്പുകള്‍ സംഘടിപ്പിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കഠിനാധ്വാനമാണ് ഈ സ്ഥാപനത്തില്‍ എന്റെ മുടക്കു മുതല്‍. ഇപ്പോള്‍ കേരളത്തിനകത്തും പുറത്തുമായി 70ല്‍ പരം യാത്രകള്‍ അപ്പൂപ്പന്‍താടി സംഘടിപ്പിച്ചു കഴിഞ്ഞു-സജ്‌ന അലി പറയുന്നു.

സുരക്ഷിതമായ യാത്ര എന്ന ഉറപ്പ്

തന്റെ സ്ഥാപനത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര യാത്രകള്‍ അത്രയ്ക്ക് സുരക്ഷിതമായിരിക്കും എന്നതാണെന്ന് സജ്‌ന പറയുന്നു. യാത്രകളില്‍ താല്പര്യമുള്ള വനിതകള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ നിന്നുമാണ് ഓരോ ട്രിപ്പും എങ്ങോട്ടാണ് എന്ന് നിര്‍ണയിക്കുന്നത്. കാലാവസ്ഥ ഇതില്‍ ഒരു പ്രധാനഘടകമായി പരിഗണിക്കും. ഓരോ യാത്രക്ക് മുന്‍പും പ്രസ്തുത സ്ഥലത്തേക്ക് സജ്‌ന ഒറ്റക് യാത്ര നടത്തും. അതിനുശേഷം, താമസിക്കുവാനുള്ള സ്ഥലവും മറ്റു യാത്ര സൗകര്യങ്ങളും ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് അപ്പൂപ്പന്‍താടിക്കൊപ്പം യാത്ര നടത്തുക. ഇതുവരെ 700ല്‍ പരം വനിതകള്‍ അപ്പൂപ്പന്‍താടിയുടെ ഭാഗമായി യാത്രകള്‍ ആസ്വദിച്ചു കഴിഞ്ഞു.

എന്റെ വീട്ടുകാരെ പറഞ്ഞു മനസിലാക്കുക എന്നത് തന്നെ വലിയ പാടുള്ള കാര്യമായിരുന്നു. ഒറ്റക്ക് എന്തിനാണ് യാത്ര പോകുന്നത്? അപകടം പറ്റിയാല്‍ ഏതു ചെയ്യും ? അങ്ങനെ നൂറു ചോദ്യങ്ങളും എതിര്‍പ്പുകളും ആയിരുന്നു ഞാന്‍ നേരിട്ടത്. ആദ്യമൊക്കെ കള്ളം പറഞ്ഞു വരെ യാത്രകള്‍ നടത്തേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍, എന്റെ യാത്രകള്‍ നാലുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വീട്ടുകാരും മെല്ലെ എന്നെ അംഗീകരിച്ചു തുടങ്ങി എന്നതാണ് സത്യം-സജ്‌ന പറയുന്നു.

മിതമായ ചെലവില്‍ ലക്ഷ്വറികള്‍ക്ക് പിന്നാലെ പോകാതെ, സുരക്ഷിതമായ യാത്രകളാണ് അപ്പൂപ്പന്‍താടി സംഘടിപ്പിക്കുന്നത്. അതിനാല്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് ഏത് ഇന്ത്യന്‍ സംസ്ഥാങ്ങളിലേക്ക് വേണമെങ്കിലും യാത്രകള്‍ നടത്താം

ലക്ഷ്വറി ഇല്ലാത്ത യാത്രകള്‍

എന്താണ് അപ്പൂപ്പന്‍താടി സംഘടിപ്പിക്കുന്ന യാത്രകളുടെ പ്രത്യേകതകള്‍ എന്ന് ചോദിച്ചാല്‍, യാത്രകള്‍ ഒന്നും തന്നെ വന്‍തുക ചെലവിട്ടുള്ളവയല്ല എന്നതാണ്. മിതമായ ചെലവില്‍ ലക്ഷ്വറികള്‍ക്ക് പിന്നാലെ പോകാതെ, സുരക്ഷിതമായ യാത്രകളാണ് അപ്പൂപ്പന്‍താടി സംഘടിപ്പിക്കുന്നത്. അതിനാല്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ സ്ത്രീകള്‍ക്ക് ഏത് ഇന്ത്യന്‍ സംസ്ഥാങ്ങളിലേക്ക് വേണമെങ്കിലും യാത്രകള്‍ നടത്താം.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളില്‍ നിന്നുമുള്ള വനിതകള്‍ അപ്പൂപ്പന്‍താടിയുടെ യാത്രകളുടെ ഭാഗമായി കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വ്യത്യസ്തങ്ങളായ സ്റ്റാര്‍ട്ടിംഗ് പോയിന്റുകള്‍ ഉണ്ടായിരിക്കും. ഉദാഹരണത്തിന് ധനുഷ്‌കോടി ഭാഗത്തേക്കാണ് യാത്ര എങ്കില്‍ തിരുവനന്തപുരത്തു നിന്നുമാണ് യാത്ര പുറപ്പെടുക. കൊളുക്കുമല, ഇടുക്കി ഭാഗത്തേക്ക് ആണെകില്‍ കൊച്ചി ആയിരിക്കും സ്റ്റാര്‍ട്ടിംഗ് പോയിന്റ്. വടക്കേ ഇന്ത്യന്‍ യാത്രകളുടെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് ഗുവാഹത്തി ആണ്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് യാത്രകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്ന തീര്‍ത്തും അപരിചിതരായ ആളുകളാണ് യാത്രാദിവസം ഒന്നിക്കുന്നത്. എന്നാല്‍ കൃത്യമായി പ്ലാന്‍ ചെയ്ത ഐസ് ബ്രേക്കിംഗ് സെഷനിലൂടെ സജ്‌ന എല്ലാവരെയും അപ്പൂപ്പന്‍താടി പോലെ അനായാസം പറക്കാന്‍ കഴിവുള്ളവരാക്കി മാറ്റുന്നു. മാത്രമല്ല ബഡ്ഡീസ് എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന വാട്‌സാപ്പ് കൂട്ടായ്മ വഴി ഒട്ടുമിക്ക ജില്ലകളിലെയും തെരെഞ്ഞെടുത്ത വോളണ്ടിയര്‍മാര്‍ അപ്പൂപ്പന്‍താടിക്കായി പ്രാദേശിക യാത്രകള്‍ സംഘടിപ്പിക്കുന്നു .

പറക്കാം ഇന്ത്യക്ക് പുറത്തേക്ക്

തുടക്കത്തില്‍ ഒരുമാസം രണ്ടു യാത്രകള്‍ എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ച അപ്പൂപ്പന്‍താടി ഇപ്പോള്‍ 10 യാത്രകള്‍ വരെ സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് നോര്‍ത്ത് ഇന്ത്യയിലേക്കുള്ള യാത്രകള്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. മേഘാലയ, ഷില്ലോംഗ്, വാലി ഓഫ് ഫഌവഴ്‌സ് തുടങ്ങിയ ഇടങ്ങളിലേക്ക് അനേകം യാത്രകള്‍ നടത്തി കഴിഞ്ഞു. ഇനി ഈ വര്‍ഷത്തെ ലക്ഷ്യം വിദേശ യാത്രകളാണ്. യാത്രയ്ക്ക് തയ്യാറായി അനവധി സ്ത്രീകളാണ് സജ്‌നക്കൊപ്പം ഉള്ളത്. മാര്‍ച്ച് മാസത്തോടെ എല്ലാ മാസവും ഒരു ലോംഗ് ട്രിപ്പ് എന്ന പദ്ധതി അപ്പൂപ്പന്‍താടി നടപ്പില്‍ വരുത്തും, അതിനുശേഷം വിദേശയാത്രകളും…അപ്പൂപ്പന്‍താടി അങ്ങനെ പറക്കുകയാണ് യാത്രയെ പ്രണയിക്കുന്ന പെണ്ണുങ്ങള്‍ക്കൊപ്പം.

Comments

comments

Categories: FK Special, Slider, Women