ഹ്യുണ്ടായ് കോന ഇലക്ട്രിക് അനാവരണം ചെയ്തു

ഹ്യുണ്ടായ് കോന ഇലക്ട്രിക് അനാവരണം ചെയ്തു

എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ കാണാം

ജനീവ : ഹ്യുണ്ടായ് കോന ഇലക്ട്രിക് എസ്‌യുവി ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ഹ്യുണ്ടായ് കോന അടിസ്ഥാനമാക്കിയാണ് കോന ഇലക്ട്രിക് നിര്‍മ്മിച്ചിരിക്കുന്നത്. പെട്രോള്‍ എന്‍ജിന് പകരം ബാറ്ററി നല്‍കിയതിനൊപ്പം കാറിന്റെ സ്റ്റൈലിംഗ് സംബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടെ കോന ഇലക്ട്രിക് എസ്‌യുവി യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയിലെത്തുന്നത് അടുത്ത വര്‍ഷമായിരിക്കും.

ഹ്യുണ്ടായ് കോന ഇലക്ട്രിക്കിന്റെ എക്‌സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങള്‍ കാണാം. ഫ്രണ്ട് ഗ്രില്ല് മാറ്റിയിരിക്കുന്നു. ഹ്യുണ്ടായ് ബാഡ്ജിന് സമീപത്തെ ചാര്‍ജിംഗ് സോക്കറ്റ് അടച്ചുവെയ്ക്കുന്നതിന് ഫഌപ് നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ഡേഡ് കോനയിലേതുപോലെ ഹെഡ്‌ലൈറ്റ് ഡിസൈന്‍ ഷാര്‍പ്പാണ്. പെട്രോള്‍ വേര്‍ഷനേക്കാള്‍ കോന ഇലക്ട്രിക്കിന്റെ ഉയരം 15 മില്ലി മീറ്റര്‍ വര്‍ധിച്ചിട്ടുണ്ട്. എയ്‌റോഡൈനാമിക്‌സ് പരിഗണിച്ച് മുന്നിലെയും പിന്നിലെയും ബംപറുകള്‍ പരിഷ്‌കരിച്ചു.

ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ്, ഹെഡ്-അപ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍ എന്നിവയാണ് കാറിനകത്തെ വിശേഷങ്ങള്‍. ടച്ച്‌സ്‌ക്രീന്‍ 8 ഇഞ്ച് യൂണിറ്റായി അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയും. ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റൊരു ഫീച്ചറാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 5 സീറ്റ് എസ്‌യുവിയുടെ ബൂട്ട് ശേഷി 373 ലിറ്ററാണ്.

യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് ലഭിച്ച കാറാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയ്ന്‍ സെന്ററിംഗ് സിസ്റ്റം, റിയര്‍ ക്രോസ്-ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ ഡ്രൈവര്‍ അസ്സിസ്റ്റ് സംവിധാനങ്ങള്‍ നല്‍കിയിരിക്കുന്നു.

39.2 കിലോവാട്ട്അവര്‍ ബാറ്ററിയാണ് 99 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്. ഈ മോട്ടോര്‍ 134 ബിഎച്ച്പി കരുത്തും 395 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. ബാറ്ററി ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 9.2 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 155 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ത്യയില്‍ ഈ വേരിയന്റ് ആയിരിക്കും അവതരിപ്പിക്കുന്നത്.

സ്റ്റൈലിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ വര്‍ഷം പകുതിയോടെ യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തും. ഇന്ത്യയിലെത്തുന്നത് അടുത്ത വര്‍ഷമായിരിക്കും

അന്തര്‍ദേശീയ തലത്തില്‍ 64 കിലോവാട്ട്അവര്‍ ബാറ്ററി ഘടിപ്പിച്ച വേരിയന്റ് വിപണികളിലെത്തിക്കും. ഒരു തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോര്‍ 395 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 7.6 സെക്കന്‍ഡ് മതിയാകും.

Comments

comments

Categories: Auto