ദയാവധത്തില്‍ സുപ്രീംകോടതിയുടെ ചരിത്രവിധി

ദയാവധത്തില്‍ സുപ്രീംകോടതിയുടെ ചരിത്രവിധി

വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളോടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി

ന്യൂഡെല്‍ഹി: നിഷ്‌ക്രിയ ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി. അന്തസുള്ള മരണം പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്രവിധി. ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം.

അസുഖം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ച് വരില്ല എന്നുറപ്പുള്ള ഒരാള്‍ക്ക് താന്‍ തയ്യാറാക്കി വെച്ച മുന്‍കൂര്‍ മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാമെന്ന് കോടതി വ്യക്തമാക്കി. അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള കോമണ്‍ കോസ് എന്ന സംഘടനയാണ് ദയാവധ വിഷയവുമായി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ ദയാവധം അനുവദിക്കുന്നതിന് കോടതി ചില ഉപാധികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏതെല്ലാം സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് ദയാവധം അനുവദിക്കാമെന്നതിന് കോടതി മാര്‍ഗരേഖയും തയാറാക്കിയിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റേയും ഹൈക്കോടതിയുടേയും അനുമതി ഇതിന് ആവശ്യമാണെന്ന് ഉത്തരവില്‍ പറയുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് രൂപം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി അനുമതി നല്‍കിയാല്‍ ദയാവധം അനുവദിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാം

ഒരു രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ആകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം അനുവദിക്കാവൂ എന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അവസ്ഥയുണ്ടായാല്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവക്കാം.തുടര്‍ന്ന് മരണ പത്രം തയാറാക്കിയ വ്യക്തിയുടെ അടുത്ത ബന്ധു ആദ്യം ഇതിനായി ഹൈക്കോടതിയെ സമീപിക്കണം. ജില്ലാ മജിസ്‌ട്രേറ്റ് രൂപം നല്‍കുന്ന മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി അനുമതി നല്‍കിയാല്‍ ദയാവധം അനുവദിക്കാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാമെന്നും കോടതി പറഞ്ഞു. രോഗി അബോധാവസ്ഥയില്‍ ആയതിനുശേഷം മാത്രമേ പത്രിക ഉപയോഗിക്കാവൂയെന്നും കോടതി വിധിയില്‍ പ്രസ്താവിക്കുന്നു.

മരണസമ്മതപത്രം എഴുതി നല്‍കാത്തവര്‍ക്ക് ദയാവധം അനുവദിക്കാന്‍ ബന്ധുക്കള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. ആരോഗ്യമുള്ളവര്‍ക്ക് ദയാവധം അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്.

പൊതുജനങ്ങളില്‍ നിന്നുകൂടി സ്വീകരിച്ച നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2017ല്‍ ദയാവധം സംബന്ധിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായി കണക്കാക്കും, എല്ലാ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളില്‍ അനുമതി നല്‍കാനുള്ള സമിതികള്‍ രൂപീകരിക്കണം, തെറ്റായ വിവരം നല്‍കുകയോ, വ്യാജ രേഖയുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിന തടവും, 20 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയോ ഈടാക്കും തുടങ്ങിയവയാണ് ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍.

Comments

comments

Categories: Slider, Top Stories