ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 റേസ് എഡിഷന്‍ 2.0 അവതരിപ്പിച്ചു

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 റേസ് എഡിഷന്‍ 2.0 അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 95,185 രൂപ മുതല്‍

ന്യൂഡെല്‍ഹി : ടിവിഎസ് മോട്ടോര്‍ കമ്പനി അപ്പാച്ചെ ആര്‍ടിആര്‍ 200 4വി റേസ് എഡിഷന്‍ 2.0 വിപണിയിലെത്തിച്ചു. ആന്റി-റിവേഴ്‌സ് ടോര്‍ക്ക് സ്ലിപ്പര്‍ ക്ലച്ച്, പുതിയ റേസ് ഗ്രാഫിക്‌സുകള്‍, ഫ്‌ളൈ സ്‌ക്രീന്‍ എന്നിവയാണ് ഫീച്ചറുകള്‍. ഈ വിഭാഗത്തില്‍ സ്ലിപ്പര്‍ ക്ലച്ച് ലഭിക്കുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി. ആന്റി-റിവേഴ്‌സ് ടോര്‍ക്ക് യൂണിറ്റ് എന്നാണ് ടിവിഎസ് ഇതിനെ വിളിക്കുന്നത്.

ക്ലച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ശക്തി 22 ശതമാനം കുറയ്ക്കുകയാണ് ആന്റി-റിവേഴ്‌സ് ടോര്‍ക്ക് യൂണിറ്റ് ചെയ്യുന്നത്. ഗിയര്‍ അപ്ഷിഫ്റ്റുകള്‍ വേഗത്തിലാക്കുന്നതിനും പൊടുന്നനെ ഡൗണ്‍ഷിഫ്റ്റിംഗ് നടത്തുമ്പോഴും കോര്‍ണറിംഗ് സന്ദര്‍ഭങ്ങളിലും വീല്‍-ഹോപ്പിംഗ് കുറയ്ക്കുന്നതിനും ആന്റി-റിവേഴ്‌സ് ടോര്‍ക്ക് യൂണിറ്റ് സഹായിക്കും. റേസ്ട്രാക്കില്‍ ബൈക്ക് ഉപയോഗിക്കുമ്പോള്‍ മികച്ച ലാപ് ടൈം ലഭിക്കുമെന്ന് ടിവിഎസ് അവകാശപ്പെട്ടു.

197.5 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 റേസ് എഡിഷന്‍ 2.0 ബൈക്കിന് കരുത്ത് പകരുന്നത്. കാര്‍ബുറെറ്റര്‍ വേരിയന്റില്‍ 20.21 ബിഎച്ച്പിയും ഇഎഫ്‌ഐ (ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) വേരിയന്റില്‍ 20.71 ബിഎച്ച്പിയുമാണ് ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 18.1 ന്യൂട്ടണ്‍ മീറ്ററാണ് പീക്ക് ടോര്‍ക്ക്.

ആന്റി-റിവേഴ്‌സ് ടോര്‍ക്ക് സ്ലിപ്പര്‍ ക്ലച്ച്, പുതിയ റേസ് ഗ്രാഫിക്‌സുകള്‍, ഫ്‌ളൈ സ്‌ക്രീന്‍ എന്നിവയാണ് ഫീച്ചറുകള്‍

സ്ലിപ്പര്‍ ക്ലച്ച് സഹിതം കാര്‍ബുറെറ്റര്‍ വേരിയന്റിന് 95,185 രൂപയും സ്ലിപ്പര്‍ ക്ലച്ച് സഹിതം ഇഎഫ്‌ഐ എന്‍ജിന്‍ വേരിയന്റിന് 1,07,885 രൂപയും സ്ലിപ്പര്‍ ക്ലച്ച്, കാര്‍ബുറെറ്റര്‍, എബിഎസ് വേരിയന്റിന് 1,08,985 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇഎഫ്‌ഐ, എബിഎസ് വേരിയന്റുകള്‍ ചില ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ലഭിക്കൂ എന്ന് ടിവിഎസ് അറിയിച്ചു.

Comments

comments

Categories: Auto